കൊട്ടാരക്കര: മാലിന്യകൂമ്പാരങ്ങൾക്ക് നടുവിൽ തെരുവ് നായ്ക്കളോടൊപ്പം കഴിഞ്ഞുവന്ന അനാഥന് കരുതലിന്റെ തണലൊരുക്കി കലയപുരം ആശ്രയ സങ്കേതം . ഏകദേശം 65 വയസ് തോന്നിക്കുന്ന സംസാരശേഷിയില്ലാത്ത വൃദ്ധനെയാണ് ആശ്രയ ഏറ്റെടുത്തത്.
കഴിഞ്ഞ രണ്ടാഴ്ചക്കാലമായി കുണ്ടറ റെയിൽവേ സ്റ്റേഷനരികെയുള്ള മാലിന്യകൂമ്പാരത്തിൽ തെരുവ് നായ്ക്കളോടൊപ്പമായിരുന്നു താമസം. അഴുക്കു പിടിച്ച വസ്ത്രവും ധരിച്ച് ദുർഗന്ധവും വമിക്കുന്ന ശരീരവുമായി കഴിഞ്ഞുവന്ന ഇയാൾ ഭക്ഷണത്തിനായി ഹോട്ടലുകൾക്ക് മുന്നിൽ കൈനീട്ടിനിൽക്കും . ആരുടെയെങ്കിലും മനസലിഞ്ഞാൽ മാത്രം വിശപ്പുമാറ്റം അല്ലാത്തപക്ഷം പട്ടിണിമാത്രം കൂട്ടിനുണ്ടാകും.
ചില സമയങ്ങളിൽ തെരുവ് നായ്ക്കളുടെ ശല്യവും നേരിടേണ്ടി വന്നിട്ടുണ്ട് .കുടുംബശ്രീ പ്രവർത്തകർ നടത്തുന്ന ഹോട്ടലിനുമുന്നിൽ വിശന്ന വയറുമായി കൈനീട്ടി നിൽക്കുന്ന ഈ വൃദ്ധനെ കാണാനിടയായ കുണ്ടറ സ്വദേശികളായ റാബുജിയും സുഹൃത്ത് ബോബുലാൽ ബെന്നിയും ചേർന്ന് വൃദ്ധനെ കുളിപ്പിച്ച് വൃത്തിയാക്കി പുതുവസ്ത്രം ധരിപ്പിച്ചതിന് ശേഷം വയറുനിറയെ ഭക്ഷണം വാങ്ങി നൽകി.
പിന്നീട് കുണ്ടറ പോലീസ് സ്റ്റേഷനിൽ ഇയാളെക്കുറിച്ചുള്ള വിവരമറിയിക്കുകയും എസ്ഐ വിദ്യാധിരാജൻ, എസ് സിപിഒ രണദേവ് എന്നിവരോടൊപ്പം ചേർന്ന് ആശ്രയയിലെത്തിക്കുകയായിരുന്നു .ഊരും പേരുമറിയാത്ത ഈ വൃദ്ധൻ ഇനി മുതൽ ആശ്രയ സങ്കേതത്തിൻറെ തണലിലായിരിക്കുമെന്ന് സെക്രട്ടറി കലയപുരം ജോസ് അറിയിച്ചു.