ആലപ്പുഴ: മാനദണ്ഡങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തി ഏക പക്ഷീയമായി തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലെ പഞ്ചായത്തുകളിൽ ആശ്രിത നിയമനം നടത്താനുള്ള നീക്കത്തിനെതിരേ ഉദ്യോഗാർഥികളുടെ പരാതി പ്രവാഹം.
തദ്ദേശ സ്വയംഭരണ മന്ത്രിക്കും ഡയറക്ടർക്കുമാണ് സംസ്ഥാന വ്യാപകമായി പഞ്ചായത്തുകളിലെ 69 ലാസ്റ്റ് ഗ്രേഡ് തസ്തികകൾ ആശ്രിത നിയമനത്തിനായി മാറ്റിയ നടപടിക്കെതിരെ ഉദ്യോഗാർഥികൾ പരാതി നൾകിയത്.
പൊതു ഭരണ വകുപ്പിലെ സി.ഇ. സെല്ലിന്റെ തീരുമാന പ്രകാരമാണ് പഞ്ചായത്തുകളിൽ ആശ്രിത നിയമനത്തിനായി തസ്തികകൾ മാറ്റിവയ്ക്കണമെന്ന ഉത്തരവ് പഞ്ചായത്ത് ഡയറക്ടർ മാസങ്ങൾക്ക് മുൻപ് ഇറക്കിയത്.
സർക്കാർ വകുപ്പുകളിൽ ഒരു വർഷം ആകെ നടക്കുന്ന നിയമനങ്ങളുടെ അഞ്ചു ശതമാനം അപേക്ഷകരുണ്ടെങ്കിൽ മാത്രം ആശ്രിത നിയമനത്തിനായി നല്കാവു എന്ന കോടതി ഉത്തരവ് അട്ടിമറിച്ചാണ് വകുപ്പിൽ ഇത്തരമൊരു നീക്കം നടക്കുന്നതെന്നാണ് ഉദ്യോഗാർഥികളുടെ ആക്ഷേപം.
കഴിഞ്ഞ വർഷം സംസ്ഥാന വ്യാപകമായി ഇരുന്നൂറിൽ താഴെ ലാസ്റ്റ് ഗ്രേഡ് നിയമനങ്ങളാണ് നടന്നത് ആശ്രിത നിയമന മാനദണ്ഡ പ്രകാരം ന ൾ കേണ്ടത് പത്തു ഒഴിവുകളാണ്.
എന്നാൽ ഒരു വർഷത്തെ ആശ്രിത നിയമന ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിന് പകരം കഴിഞ്ഞ പത്തു വർഷത്തെ ഒഴിവുകൾ ഒരുമിച്ച് റിപ്പോർട്ട് ചെയ്യിക്കുന്നതിനെന്ന പേരിലാണ് കോടതി ഉത്തരവ് പോലും മറികടന്നുള്ള നീക്കം പഞ്ചായത്ത് വകുപ്പിൽ നടക്കുന്നത്.
എൽ.ഡി.ക്ലാർക്ക് തസ്തികകളും സമാന രീതിയിൽ ആശ്രിത നിയമനത്തിനായി മാറ്റി വച്ചിട്ടുണ്ടെന്നും ഉദ്യോഗാർഥികൾ പറയുന്നു.കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ച ഉദ്യോഗസ്ഥ പുനർ വിന്യാസം ഏറ്റവും കൂടുതൽ നടക്കുന്ന വകുപ്പായ തദ്ദേശ സ്വയംഭരണ വകുപ്പിൽ മാനദണ്ഡങ്ങൾ ലംഘിച്ചുള്ള ഇത്തരം നിയമനങ്ങൾ കൂടിയാകുന്നതോടേ അപ്രഖ്യാപിത നിയമന നിരോധനമാകും നിലവിൽ വരുക എന്ന ആശങ്കയിലാണ് റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടിരിക്കുന്നത്.
ഉദ്യോഗസ്ഥ നിയമനവുമായി ബന്ധപ്പെട്ട് കൃത്യമായ ഇടപെടലുകൾ നടത്തിയിരുന്ന ഭരണ പരിഷ്കാര വകുപ്പ് വിജിലൻസിനെതിരേ സെക്രട്ടറിയേറ്റിലെ ഒരു വിഭാഗം ജീവനക്കാർ ആസൂത്രിതമായി രംഗത്തെത്തിയതോടെ ഇവരുടെ പ്രവർത്തനവും സമീപകാലത്തായി കാര്യക്ഷമമല്ലെന്ന പരാതിയും ഇവർക്കുണ്ട്.
നിയമനങ്ങളുമായി ബന്ധപ്പെട്ട സർക്കാർ നടപടിക്കെതിരേ നിയമ പരമായ നടപടികൾക്കും ഉദ്യോഗാർത്ഥികൾ തയ്യാറെടുക്കുകയാണ്.