ഗുവാഹത്തി: അസമിൽ പ്രളയം രൂക്ഷമായി തുടരുന്നു. വിവിധയിടങ്ങളിൽ ഇന്നലെ എട്ടുപേർ കൂടി മരിച്ചു. ധുബ്രി, നൽബാരി എന്നിവിടങ്ങളിൽ രണ്ടും കച്ചാർ, ഗോൾപാറ, ധേമാജി, ശിവസാഗർ എന്നിവിടങ്ങളിൽ ഓരോ മരണവും റിപ്പോർട്ട് ചെയ്തതായി അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അഥോറിറ്റി (എഎസ്ഡിഎംഎ) അറിയിച്ചു.
ഇതോടെ ഈ വർഷത്തെ വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും കൊടുങ്കാറ്റിലും മരിച്ചവരുടെ എണ്ണം 78 ആയി.
28 ജില്ലകളിലായി 22,74,289 പേരെയാണു പ്രളയം ബാധിച്ചത്. കൊടുംനാശം വിതച്ച ധുബ്രിയിൽ 7,54,791 പേരാണു ദുരന്തത്തിനിരയായത്. സംസ്ഥാനത്ത് ആകെ 269 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 68,000ലേറെ ഹെക്ടർ കൃഷി നശിച്ചതായി ദുരന്തനിവാരണസേന അറിയിച്ചു. നൂറുകണക്കിനു വീടുകളാണു തകർന്നത്.
പ്രളയത്തിൽ വീടു നഷ്ടമായവർക്ക് പ്രധാനമന്ത്രി ആവാസ് യോജനയിലുൾപ്പെടുത്തി പുതിയ വീടുകൾ നൽകുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ പ്രഖ്യാപിച്ചു.
കാംരൂപ് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, ഉത്തരാഖണ്ഡിലെ ചമോലിയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഹിമാചൽ പ്രദേശിൽ വിവിധ ഇടങ്ങളിലായി ഭൂമി വിണ്ടു കീറിയിട്ടുമുണ്ട്.