ചരിത്രം തിരുത്തുന്ന തീരുമാനവുമായി അസം സര്‍ക്കാര്‍; മാതാപിതാക്കളെ സംരക്ഷിക്കാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കും; ഇത്തരമൊരു ബില്ല് അവതരിപ്പിക്കുന്നത് രാജ്യത്ത് ആദ്യം

ഗുവഹാത്തി: ചരിത്രം തിരുത്തിക്കുറിക്കുന്ന തീരുമാനവുമായി അസം സര്‍ക്കാര്‍. മാതാപിതാക്കള്‍ക്ക് സംരക്ഷണം നല്‍കാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പത്ത് ശതമാനം വെട്ടിക്കുറക്കാനാണ് അസം സര്‍ക്കാരിന്റെ തീരുമാനം. മാതാപിതാക്കള്‍ക്കും ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന സഹോദരങ്ങള്‍ക്കും സംരക്ഷണം നല്‍കാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പത്ത് ശതമാനം വെട്ടിക്കുറക്കുന്നത് സംബന്ധിച്ച ബില്‍ കഴിഞ്ഞ ദിവസമാണ് അസം നിയമസഭയില്‍ അവതരിപ്പിച്ചത്. ഇത്തരത്തില്‍ ശമ്പളത്തില്‍ നിന്നും പിടിക്കുന്ന തുക മാതാപിതാക്കളെ കണ്ടു പിടിച്ച് അവര്‍ക്ക് തന്നെ നല്‍കാനാണ് സര്‍ക്കാരിന്റെ ശ്രമം.

അസം എംപ്ലോയീസ് പേരന്റ്‌സ് റെസ്‌പോണ്‍സിബിലിറ്റി ആന്റ് നോംസ് ഫോര്‍ അക്കൗണ്ടബിലിറ്റി ആന്റ് മോണിറ്ററിംഗ് ബില്‍ 2017എന്നാണ് നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ട ബില്ലിന്റെ പേര്. മക്കള്‍ ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ വൃദ്ധസദനങ്ങളിലാകുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ബില്‍ അവതരിപ്പിച്ചു കൊണ്ട് സംസ്ഥാന മന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. സര്‍ക്കാര്‍ ജനങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ ഇടപെടുകയല്ല പകരം അവരുടെ മാതാപിതാക്കള്‍ക്ക് സംരക്ഷണം ലഭിക്കുന്നുണ്ടോ എന്നു മാത്രമാണ് തങ്ങള്‍ പരിശോധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മക്കള്‍ സംരക്ഷിക്കുന്നില്ലെങ്കില്‍ മാതാപിതാക്കള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേലുദ്യോഗസ്ഥനാണ് പരാതി നല്‍കേണ്ടത്. പരാതിയെക്കുറിച്ച് അന്വേഷിക്കുകയും, രണ്ട് വിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷം പിഴ ഈടാക്കുകയും ചെയ്യാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു ബില്‍ അവതരിപ്പിക്കുന്നത്. സഭയില്‍ ശര്‍മ്മ അവതരിപ്പിച്ച ബില്ലിന് അംഗങ്ങള്‍ പൂര്‍ണ പിന്തുണയാണ് നല്‍കിയത്. എന്തായാലും പദ്ധതി വിജയിച്ചാല്‍ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളും ഈ മാതൃക പിന്തുടരുമെന്ന് പ്രതീക്ഷിക്കാം.

 

Related posts