ഫുട്ബോള്‍ ലോകകപ്പ് നേടിയ അര്‍ജന്റീനയുടെ നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സി അസം സ്വദേശിയെന്ന് ട്വീറ്റ് ചെയ്ത് കോണ്‍ഗ്രസ് എംപി.
അസമിലെ ബാര്‍പേട്ട ലോക്സഭ മണ്ഡലത്തില്‍ നിന്നുള്ള എംപി അബ്ദുള്‍ ഖലീഹ് ആണ് ട്വീറ്റിലൂടെ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
‘ലോകകപ്പ് നേടിയതിന് നിങ്ങളെ ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദിക്കുന്നു. മെസ്സീ, നിങ്ങളുടെ അസം ബന്ധത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു’ എന്ന് കോണ്‍ഗ്രസ് എംപി ട്വീറ്റ് ചെയ്തു.
ഇതേത്തുടര്‍ന്ന് മെസ്സിയുടെ അസം ബന്ധം എന്താണെന്ന ഒരാളുടെ ചോദ്യത്തിനാണ്, മെസ്സി ജനിച്ചത് അസമിലാണെന്നായിരുന്നു കോണ്‍ഗ്രസ് എംപി അബ്ദുള്‍ ഖലീഹ് മറുപടി നല്‍കിയത്.
എന്നാല്‍ അമളി പിണഞ്ഞത് മനസ്സിലാക്കിയ കോണ്‍ഗ്രസ് എംപി പിന്നീട് ട്വീറ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. ഇതിനോടകം എംപിയുടെ ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ട്വീറ്റിന് നിരവധി പ്രതികരണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. അതെ സര്, മെസ്സി എന്റെ ക്ലാസ്മേറ്റ് ആയിരുന്നുവെന്നാണ് ഒരാളുടെ പ്രതികരണം.
ലോകകപ്പു നേടിയ മെസ്സി ഭാര്യയുമൊത്ത് അസമിലേക്ക് വരുന്നുണ്ടെന്നും താങ്കള്‍ അവിടെ ഉണ്ടാകണമെന്നും മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.
മെസി തന്റെ അയല്ക്കാരനായിരുന്നുവെന്നും അവനെ ഫുട്ബോള്‍ കളി പഠിപ്പിച്ചത് താനാണെന്നുമൊക്കെ ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്.