ന്യൂഡല്‍ഹി: രാജ്യത്ത് പൗരത്വം നഷ്ടപ്പെടുന്നവര്‍ക്കായി തടങ്കല്‍ പാളയങ്ങള്‍ (ഡിറ്റന്‍ഷന്‍ സെന്റര്‍) ഒരുങ്ങുന്നില്ലെന്ന പ്രധാന മന്ത്രിയുടെ അവകാശ വാദം പൊളിയുന്നു. ആസാമിൽ മാത്രം ആറു തടങ്കൽ പാളയങ്ങൾ ഉണ്ടെന്ന് സർക്കാർ തന്നെ പാർലമെന്റിൽ രേഖാ മൂലം മറുപടി നൽകിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈയില്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരു തടങ്കല്‍ പാളയമെങ്കിലും ആധുനിക സൗകര്യങ്ങളും പത്തടി ഉയരത്തില്‍ ചുറ്റുമതിലുമായി നിര്‍മിക്കണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2019 മോഡല്‍ ഡിറ്റന്‍ഷന്‍ മാനുവല്‍ തയാറാക്കിയിരുന്നു.
പൗരത്വ രജിസ്ട്രേഷന് നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടില്ല. ക്യാബിനറ്റിന്റെ മുന്നില്‍ വന്നിട്ടുമില്ലല്ല. എന്നിട്ടും അതിനു ചെലവാകുന്ന തുക സംബന്ധിച്ചും, കരുതല്‍ തടവ് സംബന്ധിച്ചും അര്‍ബന്‍ നക്സലുകളും കോണ്‍ഗ്രസും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നാണ് മോദി ഇന്നലെ കുറ്റപ്പെടുത്തിയത്. പൗരത്വ നിയമ ഭേദഗതിയെ ന്യായികരിച്ച പ്രധാനമന്ത്രി പക്ഷെ ദേശീയ പൗരത്വ രജിസ്റ്ററില്‍ പാര്‍ട്ടി നിലപാട് മുറുകെ പിടിക്കാന്‍ തയ്യാറായില്ല. അധികാരത്തിലെത്തിയ 2014 മുതല്‍ എന്‍ആര്‍സി സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ക്യാബിനറ്റിന്റെ മുന്നില്‍ വന്നിട്ടില്ല. ആസാമില്‍ നടപ്പിലാക്കിയത് സുപ്രീംകോടതി നിർദേശ പ്രകാരം ആയിരുന്നെന്നുമാണ് മോദി ഇന്നലെ പറഞ്ഞത്.
എന്നാല്‍, ബിജെപി പ്രകടന പത്രികയില്‍ പറഞ്ഞിട്ടുള്ള ദേശീയ പൗരത്വ രജിസ്ട്രേഷന് രാജ്യവ്യാപകമായി നടപ്പിലാക്കുമെന്ന് ശൈത്യ കാല സമ്മേളനത്തിനിടെ നവംബര്‍ 20നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു. രാജ്യസഭാംഗം സ്വപന് ദാസ് ഗുപ്തയുടെ ചോദ്യത്തിന് നല്കിയ മറുപടിയിലാണ് അമിത്ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
ഇപ്പോള്‍ പൗരത്വ ഭേദഗതി നിയമത്തിന് പിന്നാലെ ആസാമില്‍ നടപ്പിലാക്കിയത് പോലെ ദേശീയ പൗരത്വ രജിസ്ട്രേഷനെ ചൊല്ലിയും ആശങ്കയും പ്രതിഷേധവും ഉയരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ വിശദീകരണം. കോണ്‍ഗ്രസും സഖ്യകക്ഷികളും തടങ്കല്‍ പാളയങ്ങളെക്കുറിച്ച് നുണകള്‍ പരത്തുകയാണ്. അര്‍ബന്‍ നക്സലുകളും ഇതിന് പിന്നിലുണ്ട്. മുസ്ലിംകള് തടങ്കല്‍ പാളയങ്ങളിലേക്ക് അയക്കപ്പെടുമെന്ന് അവര്‍ നുണകള്‍ പരത്തുകയാണ്. നുണകള്‍ പരത്തുന്നവര്‍ അവരവരുടെ വിദ്യാഭ്യാസത്തെ എങ്കിലും വിലമതിക്കണം. ഒരു തവണ എങ്കിലും പൗരത്വ ഭേദഗതി നിയമം വായിച്ചു നോക്കണമെന്നും മോദി പറഞ്ഞു.
ഈ രാജ്യത്തിന്റെ മണ്ണിലുള്ള മുസ്ലിംകള്ക്ക് എതിരായി പൗരത്വ ഭേദഗതി നിയമത്തിലോ പൗരത്വ രജിസ്ട്രേഷനിലോ ഒന്നും തന്നെയില്ല. ആരും തന്നെ ഈ രാജ്യത്തെ മുസ്ലിംകളെ തടങ്കല്‍ പാളയങ്ങളിലേക്ക് അയക്കില്ല. എന്നുമാത്രമല്ല, ഈ രാജ്യത്ത് അത്തരത്തില്‍ ഒരു തടങ്കല്‍ പാളയങ്ങളുമുണ്ടാകില്ലെന്നുമാണ് മോദി പറഞ്ഞത്. പ്രക്ഷോഭങ്ങള്‍ക്ക് പിന്നിലുള്ളവരുടെ താല്‍പ്പര്യം രാജ്യം തിരിച്ചറിഞ്ഞു. പ്രതിപക്ഷം ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തുകയാണെന്നും മോദി കുറ്റപ്പെടുത്തി.
എന്നാല്‍, കഴിഞ്ഞ ജൂലൈയില്‍ തന്നെ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും അഭയാര്‍ഥികള്‍ക്കും അനധികൃതമായി എത്തപ്പെട്ട വിദേശികള്‍ക്കുമായി ഒരു തടങ്കല്‍ പാളയമെങ്കിലും സജ്ജീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ആധുനീക സജ്ജീകരണങ്ങളോടെയും ദീര്‍ഘകാല താമസ സൗകര്യങ്ങളോടെയും ഒരു തടങ്കല്‍ കേന്ദ്രമെങ്കിലും തയാറാക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരുന്നത്. 2019 മാതൃക ഡിറ്റന്‍ഷന്‍ മാനുവല്‍ എന്ന പേരില്‍ പതിനൊന്നു പേജുകളുള്ള നിര്‍ദേശങ്ങളാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയത്. എമിഗ്രേഷന്‍ ചെക്ക് പോസ്റ്റുകളോട് അനുബന്ധിച്ച് നഗരത്തിലോ ജില്ലാ കേന്ദ്രങ്ങളിലോ ഒരു കുടുംബത്തിന് തന്നെ ഒരുമിച്ചു കഴിയാവുന്ന വിധത്തില്‍ ഒരു തടങ്കല്‍ കേന്ദ്രമെങ്കിലും തയാറാക്കണമെന്നാണ് നിര്‍ദേശിച്ചിരുന്നത്.
ഭരണഘടനയിലെ 258(1) വകുപ്പനുസരിച്ച് രാജ്യത്ത് നിയമവിരുദ്ധമായി തങ്ങുന്ന വിദേശികളെ കയറ്റി വിടാനുള്ള അധികാരം സംസ്ഥാനങ്ങള്ക്കാണുള്ളത്. ആസാമില്‍ പൗരത്വ രജിസ്ട്രേഷന് നടപ്പാക്കുന്നതിനുള്ള തീയതി കഴിഞ്ഞ ഓഗസ്റ്റ് 31 വരെ സുപ്രീംകോടതി ദീര്‍ഘിപ്പിച്ചതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ സംബന്ധിച്ചു നിര്‍ദേശം നല്‍കിയത്. പൗരത്വ ഭേദഗതി നിയമം, പൗരത്വ രജിസ്ട്രേഷന് എന്നിവയ്ക്കെതിരേ അതിരൂക്ഷ പ്രതിഷേധം നയിക്കുന്ന മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പശ്ചിമ ബംഗാളില്‍ ഉള്‍പ്പടെ ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ട്.
മാതൃക ഡിറ്റന്‍ഷന്‍ മാനുവല്‍ നിര്‍ദേശ പ്രകാരം തടങ്കല്‍ കേന്ദ്രം സ്ഥാപിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്കോ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കോ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ല. എല്ലാ തടങ്കല്‍ കേന്ദ്രങ്ങളിലും വിദേശ അഭയാര്‍ഥികള്‍ക്ക് ബന്ധപ്പെട്ട എംബസിയേയോ കോണ്സുലേറ്റിനേയോ കുടുംബത്തെയോ ബന്ധപ്പെടാന്‍ ഒരു സെല്‍ ഉണ്ടായിരിക്കണം. തടങ്കല്‍ കേന്ദ്രങ്ങളില്‍ നൈപുണ്യ കേന്ദ്രങ്ങളും കുട്ടികള്‍ക്ക് ക്രഷും ഉണ്ടായിരിക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. ജയില്‍ വളപ്പുകള്‍ക്കു പുറത്തായിരിക്കണം ഇവ നിര്‍മിക്കുന്നത്. ചുറ്റുമതിലും വൈദ്യൂതീകരിച്ച വേലികളും ഉണ്ടായിരിക്കണം.
ചുറ്റു മതിലിന് വലിയ ഗേറ്റും പത്തടി ഉയരവും ഉണ്ടായിരിക്കണം. തടങ്കല്‍ കേന്ദ്രങ്ങള്‍ക്ക് എന്തു പേരിടണം എന്നത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാമെന്നും മാനുവലില്‍ പറയുന്നു.ആസാമിലെ തടങ്കല്‍ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി പൊതു പ്രവര്ത്തകന് ഹര്‍ഷ മന്ദര്‍ സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയിരുന്നു.
-സെബി മാത്യു