ഗുവാഹത്തി: രാഹുൽ ഗാന്ധിക്കെതിരേ നോട്ടിസ് അയയ്ക്കാൻ ആസാം പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ്. കഴിഞ്ഞ മാസം അവസാനം രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയിൽ പ്രവേശിപ്പിച്ചപ്പോൾ ഉണ്ടായ സംഘട്ടനത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണു നോട്ടിസ്. രാഹുൽ ഗാന്ധി ഉൾപ്പെടെ 11 കോൺഗ്രസ് നേതാക്കൾ ഫെബ്രുവരി 23ന് ഹാജരാകണം.
രാഹുൽ ഗാന്ധിക്ക് പുറമെ കോൺഗ്രസ് പാർട്ടി ജനറൽ സെക്രട്ടറിമാരായ കെ. സി. വേണുഗോപാൽ, ജിതേന്ദ്ര സിംഗ്, ആസാം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ കുമാർ ബോറ, പാർലമെന്റ് അംഗം ഗൗരവ് ഗൊഗോയ്, ആസാം നിയമസഭയിലെ പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ, തുടങ്ങിയവരോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ബിജെപി നേതാവ് വിജയ് മിശ്ര നൽകിയ മാനനഷ്ട കേസിൽ രാഹുല്‍ഗാന്ധി ഇന്ന് സുല്‍ത്താൻപൂർ എംപി എംഎല്‍എ കോടതിയില്‍ ഹാജരാകും. അതിനാൽ രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഉച്ചക്ക് 2 വരെ നിര്‍ത്തിവയ്ക്കും.
കർണാടകയില്‍വച്ച് 2018 നിയമസഭ തെരഞ്ഞെടുപ്പിനിടെ അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് രാഹുല്‍ വിളിച്ചു എന്ന് ആരോപിച്ചാണ് വിജയ് മിശ്ര മാനനഷ്ട കേസ് നൽകിയിരിക്കുന്നത്. അമേഠിയിലൂടെ ഭാരത് ജോഡോ ന്യായ് യാത്ര കടന്നു പോകുന്ന വേളയിലാണ് രാഹുൽ കോടതിയിൽ ഹാജരാകുന്നത്. നേരത്തെ കേസിൽ സമൻസ് അയച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല.