തളിപ്പറമ്പ്: നറുക്കെടുപ്പിലൂടെ സര്‍ക്കാര്‍ സ്കൂളില്‍ പ്രവേശനം നടത്താനുള്ള തീരുമാനത്തിനെതിരെ എതിര്‍പ്പുകള്‍ രൂക്ഷമാകുന്നു. ഇത്തരം പ്രാകൃതമായ രീതിയില്‍ ദേശീയ വിദ്യാഭ്യാസ നിയമം ലംഘിച്ച് പ്രവേശനം നല്‍കുന്നത് എന്ത് വിലകൊടുത്തും തടയുമെന്ന് യൂത്ത്കോണ്‍ഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് രാഹുല്‍ ദാമോദരന്‍ പ്രസ്താവനയില്‍ അറിയിച്ചു.
എംഎസ്എഫും യൂത്ത്ലീഗും പ്രവേശനരീതിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. കുട്ടികളുടെ പ്രവേശനത്തിനായി രക്ഷിതാക്കളുടെ തള്ളിക്കയറ്റത്തിലൂടെ ശ്രദ്ധേയമായ തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് വിദ്യാര്‍ഥികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
സ്കൂളില്‍ 1974 മുതല്‍ തുടര്‍ന്ന് വരുന്ന പ്രവേശന പരീക്ഷ റദ്ദാക്കിയ ഡിപിഐയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് അപേക്ഷ ലഭിക്കുന്നവരില്‍ നിന്ന് 21 ന് നറുക്കെടുപ്പിലൂടെ ഇവിടെ അഞ്ചും എട്ടും ക്ലാസുകളിലേക്ക് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്.
സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഒരു സര്‍ക്കാര്‍ വിദ്യാലയത്തില്‍ പ്രവേശനം തേടിയെത്തുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ കുട്ടികളെ തിരഞ്ഞെടുക്കുന്നത്. ഇവിടെ അഞ്ചാം ക്ലാസിലേക്ക് ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിലേക്കായി 60 വിദ്യാര്‍ഥികള്‍ക്കും എട്ടാം ക്ലാസിലേക്ക് 30 പേര്‍ക്കുമാണ് പ്രവേശനം നല്കാന് തീരുമാനിച്ചത്.
കോടതി ഉത്തരവ് വരുന്നതിനു മുന്‍പ് അഞ്ചാം ക്ലാസിലേക്ക് 180 പേരും എട്ടാം ക്ലാസിലേക്ക് 65 പേരും അപേക്ഷ നല്‍കിയിരുന്നു. പലരും തലേ ദിവസം തന്നെ സ്കൂളില്‍ എത്തി താമസിച്ചാണ് അപേക്ഷ നല്‍കിയത്. എല്ലാ വര്‍ഷവും എസ്എസ്എല്‍സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടുന്ന ഈ സ്കൂള്‍ കളക്ടറുടെ നേതൃത്വത്തിലുള്ള ഉപദേശക സമിതിയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
എന്നാല്‍ പ്രവേശന പരീക്ഷ ഒഴിവാക്കിയതിനെതിരെ ഒരു വിദ്യാര്‍ഥിയും സ്കൂള്‍ അലുമിനി അസോസിയേഷനും നല്കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് പ്രവേശന പരീക്ഷ റദ്ദാക്കിയ നടപടി ഒരു മാസത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തത്. എന്നാല്‍ ഇതിനെതിരെ അപ്പീല്‍ നല്‍കുകയോ പ്രവേശന പരീക്ഷ നടത്തുകയോ ചെയ്യാതെ വിദ്യാര്‍ഥികളെ നറുക്കിട്ട് എടുക്കാനുള്ള വിദ്യാഭ്യാസ വകുപ്പ് ജില്ലാ മേധാവികള്‍ ഉള്‍പ്പെടുന്ന സ്കൂള്‍ ഉപദേശക സമിതിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാണ്.
21 ന് രാവിലെ 11 നാണ് നറുക്കെടുപ്പ്. ഇനിയും പ്രവേശനത്തിന് ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ നാളെ അഞ്ചിനു മുന്‍പായി അപേക്ഷ നല്‍കണം. നേരത്തേ അപേക്ഷ നല്കിയവര് വീണ്ടും നല്‍കേണ്ടതില്ലെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.