മൂവാറ്റുപുഴ: ശരീരത്തിന്റെ ചലനശേഷിക്ക് പരിമിതികളുള്ള ശ്രുതിയുടെ ഇനിയുള്ള ജീവിതത്തിന് കരുതലായി ജയരാജ് ഒപ്പമുണ്ടാകും.
സെറിബെൽ പൾസി രോഗത്തെ തുടർന്ന് ജനനം മുതൽ ചലനശേഷിക്ക് പ്രശ്നങ്ങളുണ്ടായിരുന്ന തൃക്കളത്തൂർ പുഞ്ചക്കാലായിൽ സുകുമാരൻ-സുജ ദന്പതികളുടെ മകൾ ശ്രുതിയെ തൃക്കാരിയൂർ മോളത്തേകുടിയിൽ ശിവൻ-രാജമ്മ ദന്പതികളുടെ മകനായ ജയരാജ് താലികെട്ടി ജീവിതത്തിന്റെ ഭാഗമാക്കി. സൗദിയിൽ എൻജിനീയറാണ് ജയരാജ്.
മൂവാറ്റുപുഴ അർബൻ ബാങ്കിലെ സീനിയർ ക്ലാർക്കായ ശ്രുതിയുടെ ജീവിതത്തിന്റെ ഏറിയ പങ്കും മോട്ടോർ ഘടിപ്പിച്ച വീൽ ചെയറിലാണ്.
രണ്ട് കാലുകൾക്കും ഒരു കൈയ്ക്കും പൂർണമായും സ്വാധീനമില്ല. ഭാഗികമായി സ്വാധീനമുള്ള ഒരു കൈകൊണ്ടാണ് ബാങ്ക് ജോലികളടക്കം ചെയ്തുവരുന്നത്.
വർഷങ്ങൾക്ക് മുൻപ് അവിചാരിതമായി പരിചയപ്പെട്ട ജയരാജ് വിവാഹത്തിന് താല്പര്യം പ്രകടിപ്പിച്ചെങ്കിലും ശ്രുതി തന്റെ പരിമിതികളുടെ ബോധ്യത്താൽ തുടക്കത്തിൽ നിരുത്സാഹപ്പെടുത്തുകയായിരുന്നു.
ഒടുവിൽ തന്നെ ചികിത്സിക്കുന്ന അമൃത ആശുപത്രിയിലെ ഡോ. കൃഷ്ണകുമാറിന്റെ ഉപദേശം ഉൾക്കൊണ്ട് ജരാജിനോട് ശ്രുതി സമ്മതം അറിയിച്ചു.
ഇരു വീട്ടുകാരുടെയും അടുത്ത ബന്ധുകളെ മാത്രം പങ്കെടുപ്പിച്ച് താലികെട്ടും വിവാഹ സൽകാരവും കഴിഞ്ഞ ദിവസം നടന്നു.
നടക്കുകയോ ഇരിക്കുകയോ കരയുകപോലും ചെയ്യാത്ത പെണ്കുഞ്ഞിനെ ഇത്രയുംവരെ എത്തിച്ചത് മാതാപിതാക്കളുടെയും സഹോദരൻ ആനന്ദിന്റെയും പറഞ്ഞറിയിക്കാൻ പറ്റാത്ത കഷ്ടപ്പാടുകളും കരുതലുമാണ്.
പല സ്കൂൾ അധികൃതരും ശ്രുതിയെ പ്രവേശിപ്പിക്കാൻ തയാറാകാത്തതിനാൽ വീട്ടിൽ അമ്മയുടെ ശിക്ഷണത്തിലായിരുന്നു യുപി വിദ്യാഭ്യാസം.
മണ്ണൂർ എൻഎസ്എസ് സ്കൂൾ അധ്യാപകരുടെ പിന്തുണയോടെ എസ്എസ്എൽസിയും കീഴില്ലം സെന്റ് തോമസ് ഹൈസ്കൂളിൽനിന്നു പ്ലസ്ടുവും ഡിസ്റ്റിംഗ്ഷനോടെ പാസായി.
ക്ലാസുകളിൽ പോകാതെതന്നെ ബികോമും കോർപറേഷനും ജയിച്ചു. കഴിഞ്ഞ ഏഴ് വർഷമായി മൂവാറ്റുപുഴ അർബൻ ബാങ്കിൽ ജോലിക്കാരിയായ ശ്രുതി ഭാരതീയാർ യൂണിവേഴ്സിറ്റിക്ക് കീഴിൽ നിലവിൽ എംബിഎയും ചെയ്യുന്നു.
പാട്ടിലും പടംവരയിലും കഥാകവിതാ രചനയിലും ശ്രുതി മികവ് തെളിയിച്ചിട്ടുണ്ട്.