തിരുവനന്തപുരം∙ സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നത്തെച്ചൊല്ലി നിയമസഭയിൽ പ്രതിപക്ഷ ബഹളം. നിയമസഭ തുടങ്ങിയപ്പോൾത്തന്നെ പ്രതിപക്ഷ എംഎൽഎമാർ കേരളത്തിലെ ക്രമസമാധാന നില തകർന്നുവെന്നും സ്ത്രീകൾക്ക് സുരക്ഷയില്ലെന്നും ആരോപിച്ച് സ്പീക്കറുടെ ഡയസിനുമുന്നിൽ കൂടിനിന്ന് മുദ്രാവാക്യം വിളിച്ചു.
പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. നിയമസഭയ്ക്ക് ഒരു രീതിയുണ്ടെന്നും അതനുസരിച്ച് മാത്രമേ പ്രവർത്തിക്കാൻ സാധിക്കൂവെന്നും സ്പീക്കർ വ്യക്തമാക്കി. ചോദ്യോത്തരവേള റദ്ദാക്കി കേരളത്തിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ നിരസിച്ചു. അടിയന്തരപ്രമേയത്തിന് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും ശൂന്യവേളയിൽ വിഷയം പരിഗണിക്കാമെന്നും സ്പീക്കർ വ്യക്തമാക്കി.
ഇതേത്തുടർന്ന് പ്രതിപക്ഷം സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് ബാനറുകൾ ഉയർത്തിക്കാട്ടി. പിന്നീട് ചോദ്യോത്തരവേള തടസപ്പെടുത്താൻ ശ്രമിക്കുകയും നിയമസഭയിൽ നിന്നും ഇറങ്ങിപ്പോവുകയുമായിരുന്നു.