തിരുവനന്തപുരം: വീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിലിട്ട സംഭവത്തിൽ പ്രതിയായ ബംഗാൾ സ്വദേശി ആദംഅലിയുമായി പോലീസ് തെളിവെടുപ്പ് നടത്തിയേക്കും.
ഞായറാഴ്ച ഉച്ചയ്ക്കാണ് കൊളീജിയറ്റ് എഡ്യുക്കേഷൻ റിട്ട. സൂപ്രണ്ട് രക്ഷാപുരി റോഡ് മീനംകുന്നിൽ ദിനരാജിന്റെ ഭാര്യ മനോരമ (68) കൊല്ലപ്പെട്ടത്.
മനോരമയെ കൊല്ലാൻ ഉപയോഗിച്ച കത്തി കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കൊലപാതകത്തിനുശേഷം പ്രതി കവര്‍ച്ച ചെയ്ത ആഭരണങ്ങള്‍ കൂടി കണ്ടെത്തനുണ്ട്.
വീട്ടമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതാണ് അന്വേഷണത്തില്‍ നിര്‍ണായകരമായത്.
മനോരമയെ കഴുത്തറുത്തും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയ ശേഷം മൃതദേഹം അയൽവീട്ടിലെ കിണറ്റിൽ പ്രതി കല്ല് കെട്ടി താഴ്ത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞുവെന്ന് സിറ്റി പോലീസ് കമ്മീഷണർ ജി.സ്പർജൻകുമാർ വ്യക്തമാക്കി.
പശ്ചിമബംഗാൾ ഹൽദിബാരി ഗംഗാദോബയിൽ ആദം അലിയെ സിറ്റി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ചെന്നൈയിൽ നിന്നും അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്തെത്തിച്ചത്.
കഴിഞ്ഞ ദിവസം ചെന്നൈ സെയ്ദാപേട്ട് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കിയ ശേഷമാണ് പ്രതിയെ തിരുവനന്തപുരത്തെത്തിച്ചത്.
ഇയാളുടെ മറ്റ് ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കമ്മീഷണർ പറഞ്ഞു.
ആദം അലിയോടൊപ്പം താമസിച്ചിരുന്നവരും പോലീസിന്റെ നിരീക്ഷണത്തിലാണ്. കുടുതൽ പേർക്ക് പങ്കുണ്ടൊയെന്ന് പോലീസ് വിശദമായി അന്വേഷിക്കുകയാണ്.
ആദം അലി പബ്ജി അടക്കം ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയാണ്. പ്രതി കേശവദാസപുരത്ത് എത്തിയിട്ട് ആറാഴ്ച ആയിട്ടുള്ളൂ.
കണ്‍സ്ട്രക്ഷന്‍ വര്‍ക്കുമായി ബന്ധപ്പെട്ടാണ് ബംഗാള്‍ സ്വദേശിയായ ആദം അലി കേശവദാസ പുരത്ത് എത്തിയത്.
അതിന് മുന്‍പ് കൊല്ലത്തും പാലക്കാടും ജോലി ചെയ്തിട്ടുണ്ട്. ജോലിക്കാര്‍ മനോരമയുടെ വീട്ടില്‍ നിന്നാണ് സ്ഥിരമായി വെള്ളം കുടിക്കുന്നത്. അതിനാല്‍ പ്രതിയെ വീട്ടമ്മയ്ക്ക് നേരത്തെ പരിചയമുണ്ട്.