കാക്കനാട്: കാഴ്ചയില്ലെങ്കിലും ഉൾക്കാഴ്ചകളുടെ വെളിച്ചത്തിൽ എറണാകുളം ജില്ലാ ഭരണകൂട ആസ്ഥാനത്ത് ഇനി പാട്ടീൽ പ്രഞ്ജാൽ ലാഹൻ സിംഗ് ഉണ്ടാകും. അന്ധതയിൽനിന്ന് അതിജീവനവഴികളിലൂടെ ഐഎഎസിൽ മികച്ചവിജയം സ്വന്തമാക്കിയ മഹാരാഷ്ട്ര സ്വദേശിനിയായ പാട്ടീൽ പ്രഞ്ജാൽലാഹൻ സിംഗ് എറണാകുളം ജില്ലാ അസിസ്റ്റന്റ് കളക്ടറായി ഇന്നലെ ചുമതലയേറ്റു. തന്നാലാവുന്നത് കൊച്ചിക്കും മലയാളി സമൂഹത്തിനും ചെയ്യാൻ ശ്രമിക്കുമെന്ന് അവർ പറഞ്ഞു.
ഭിന്നശേഷി മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കണമെന്നുണ്ട്. അതിനാവശ്യമായ പദ്ധതികളെക്കുറിച്ച് ആലോചിക്കും. സാമൂഹ്യനീതി വകുപ്പിന്റെ അഭിപ്രായങ്ങളും കേൾക്കും. നിലവിലുള്ള സ്ഥിതിവിവരങ്ങൾ മനസിലാക്കിയശേഷമായിരിക്കും മറ്റു കാര്യങ്ങൾ തീരുമാനിക്കുകയെന്നും പാട്ടീൽ പ്രഞ്ജാൽ ലാഹൻ സിംഗ് പറഞ്ഞു.
ഇന്നലെ ചുമതലയേറ്റ അസിസ്റ്റന്റ് കളക്ടർ ഒരാഴ്ച ഓഫീസിലുണ്ടാകും. തുടർന്ന് ഒരു മാസത്തെ പരിശീലനത്തിനു പോകും. തിരിച്ചെത്തിയശേഷം ഓഫീസ് ജോലികളിൽ വ്യാപൃതയാകും. അന്ധർ ഉപയോഗിക്കുന്ന സോഫ്റ്റ് വേറിന്റെ സഹായത്തോടെയാണ് ഇവർ ലാപ്ടോപ്പ് ഉപയോഗിക്കുന്നത്. ഓഫീസിൽ സഹായികളായി രണ്ടു ജീവനക്കാരുണ്ട്. രോഷിതയും, സുനിലും.
ആറാം വയസിൽ കാഴ്ച നഷ്ടപ്പെട്ട പ്രഞ്ജാൽ മാതാപിതാക്കളുടെ പിന്തുണയോടെയാണ് ഐഎഎസ് നേടിയത്. കാഴ്ച പരിമിതിയെ മറികടന്ന നിശ്ചയദാർഢ്യം സിവിൽ സർവീസ് പരീക്ഷയിൽ 124 -ാം റാങ്കിലെത്തിച്ചു. 2015 ലെ യുപിഎസ് സി പരീക്ഷയിൽ 773 – ാം റാങ്ക് സ്വന്തമാക്കിയെങ്കിലും പിന്നീട് ഉയർന്ന റാങ്കിനായി ശ്രമിക്കുകയായിരുന്നു.
മസൂറിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അക്കാഡമിയിൽനിന്നു രണ്ടാഴ്ച മുന്പാണു പരിശീലനം പൂർത്തിയാക്കിയത്. മുംബൈ സെന്റ് സേവ്യേഴ്സ് കോളജിൽനിന്നു പൊളിറ്റിക്കൽ സയൻസിൽ ബിരുദവും ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽനിന്ന് ഇന്റർനാഷണൽ റിലേഷൻസിൽ ബിരുദാനന്തര ബിരുദവും നേടി.
പേജുകൾ സ്കാൻ ചെയ്തു വായിക്കാൻ പറ്റുന്ന സോഫ്റ്റ്വേർ ഉപയോഗിച്ചാണ് പഠനം പൂർത്തീകരിച്ചത്. മഹാരാഷ്ട്രയിൽ ബിസിനസ് നടത്തുന്ന കോമൾ സിംഗ് പാട്ടീലാണ് പ്രഞ്ജാൽലാഹൻ സിംഗിന്റെ ഭർത്താവ്.