കൊല്ലം: അഷ്ടമുടി കായൽ മലിനീകരണം നിയന്ത്രിക്കുന്നത് സംബന്ധിച്ച് കൊല്ലം ലീഗൽ സർവീസസ് അഥോറിറ്റി മുമ്പാകെ അഭിഭാഷകരായ ബോറിസ് പോൾ, രാഹുൽ വി. ഐ എന്നിവർ ബോധിപ്പിച്ച കേസിൽ കേന്ദ്ര പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഉൾപ്പടെ വിവിധ സർക്കാർ വകുപ്പുകളെ എതിർകക്ഷികളാക്കി നോട്ടീസയക്കാൻ ഉത്തരവായി.
കോസ്റ്റൽ സോൺ മാനേജ്മെന്റ് അഥോറിറ്റി, സംസ്ഥാന വെറ്റ്ലാൻഡ് അഥോറിറ്റി, ഡിടിപി.സി, ഇൻലൻഡ് നാവിഗേഷൻ വകുപ്പ്, ജലസേചന വകുപ്പ് എന്നിവരെയും എതിർ കക്ഷികളാക്കി നോട്ടീസയക്കാൻ ഉത്തരവായിട്ടുണ്ട്. ഇന്നലെ കോർപറേഷൻ, ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥർ ഹാജരായി.
ജില്ലാ ആശുപത്രിയിലെ മാലിന്യ സംസ്കരണ സംവിധാനത്തിന്റെ നിർമാണ പുരോഗതി ബോധ്യപ്പെടുത്തി. ഇത് പൂർത്തിയാകുന്നതോടെ ജില്ലാ ആശുപത്രി മാലിന്യം കായലിൽ എത്തില്ലെന്ന് ഉറപ്പു വരുത്താനാകും എന്ന് അവർ അറിയിച്ചു. ലിങ്ക് റോഡിനു സമീപം കായലോരത്തെ അനധികൃത മദ്യവിതരണം ശ്രദ്ധയിൽ പെട്ടതായും മദ്യക്കുപ്പികളും മറ്റും കായലിൽ തള്ളുന്നതായി കാണുന്ന വിവരവും അഥോറിറ്റി സബ് ജഡ്ജ് സുധാകാന്ത് പൈ അധികൃതരെ അറിയിച്ചു.
പോലീസിന് പ്രത്യേകം നിർദ്ദേശം നൽകുമെന്നും സബ് ജഡ്ജ് അറിയിച്ചു. കായൽ സംരക്ഷണത്തിന് വേലി കെട്ടി കായലോരത്തു വിശ്രമകേന്ദ്രം ഉൾപ്പടെയുള്ള പാർക് സംവിധാനത്തെ കുറിച്ച് ആലോചിക്കാനും അഥോറിറ്റി അധികൃതരോട് നിർദ്ദേശിച്ചു. തുടർനടപടികൾക്കായി എതിർകക്ഷികൾക്കു മറുപടി ബോധിപ്പിക്കാനായി കേസ് ജനുവരി 25 നു അവധി വെച്ചിരിക്കുകയാണ്.