ദുബായ്: മാനവികതയ്ക്കും ആരോഗ്യപരിചരണ മേഖലയ്ക്കും നഴ്സുമാര്‍ നല്കിയ സേവനത്തെ അംഗീകരിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍, ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിംഗ് അവാര്‍ഡിന്റെ മൂന്നാം പതിപ്പ് പ്രഖ്യാപിച്ചു.
ലോകമെമ്പാടുമുള്ള രജിസ്ട്രേഡ് നഴ്സുമാര്‍ക്ക് 2023 നവംബര്‍ 15 വരെ www.astergua rdians.comലൂടെ നാമനിര്‍ദേശം സമര്‍പ്പിച്ചുകൊണ്ട് ഇഷ്ടഭാഷകളില് അപേക്ഷ നല്‍കാം.
നഴ്സുമാര്‍ക്ക് ഒരു പ്രൈമറി മേഖലയിലും രണ്ട് സെക്കൻഡറി മേഖലകളിലും വരെ അപേക്ഷിക്കാം. പേഷ്യന്റ് കെയര്‍, നഴ്സിംഗ് ലീഡര്ഷിപ്, നഴ്സിംഗ് എഡ്യുക്കേഷന്‍, സോഷ്യല്‍ അല്ലെങ്കില്‍ കമ്യൂണിറ്റി സര്‍വീസ്, റിസര്‍ച്ച്, ഇന്നൊവേഷന്, ആരോഗ്യ പരിചരണ മേഖലയിലെ സംരംഭകത്വം എന്നിവയാണ് സെക്കൻഡറി മേഖലകള്‍. സെക്കൻഡറി മേഖലയിലെ സംഭാവനകളെക്കുറിച്ച് സൂചിപ്പിക്കുന്നത് ഒപ്ഷനിലാണ്.
ലഭിച്ച എല്ലാ അപേക്ഷകളും സ്വതന്ത്ര ജൂറിയും ബാഹ്യ ഉപദേശകസ്ഥാപനമായ ഏണസ്റ്റ് ആൻഡ് യംഗ് എൽഎൽപിയും കര്‍ശനമായ അവലോകന പ്രക്രിയയ്ക്കു വിധേയമാക്കും.
പ്രഗല്ഭരും വിദഗ്ധരുമായ സ്വതന്ത്ര പാനല്‍ അടങ്ങുന്ന ഗ്രാന്‍ഡ് ജൂറി ലഭിച്ച അപേക്ഷകള്‍ അവലോകനം നടത്തി അതില്‍നിന്നു മികച്ച പത്തുപേരെ തെരഞ്ഞെടുത്ത് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും.
കൂടുതല്‍ അവലോകനങ്ങള്‍ക്കു ശേഷം അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് 2024 മേയ് മാസത്തില്‍ ഇതില്‍നിന്ന് അന്തിമ വിജയിയെ പ്രഖ്യാപിക്കും.