തിരുവനന്തപുരം: മംഗലപുരം പള്ളിപ്പുറം ടെക്നോസിറ്റിയില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച രാത്രിയോടെയാണ് പള്ളിപ്പുറം കാരമൂടുള്ള ടാറ്റ കൺസൾട്ടൻസിയുടെ ഭൂമിയില്‍ പ്ലാസ്റ്റിക് കവറിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള തലയോട്ടിയും എല്ലിൻ കഷണങ്ങളും കമ്പനിയുടെ സുരക്ഷാ ജീവനക്കാർ കണ്ടെത്തിയത്.
തുടര്‍ന്ന് റൂറല്‍ എസ്പി അശോക് കുമാറിന്റെയും പോത്തന്‍കോട് സിഐ ഷാജിയുടെയും നേതൃത്വത്തില്‍ ഡോഗ് സ്ക്വഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. വിദഗ്ദ പരിശാധനയ്ക്കായി അസ്ഥികൂടങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
അസ്ഥികൂടം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിന്റെ അടിസ്ഥാനത്തിലാവും പോലീസ് തുടർ അന്വേഷണം നടത്തുക. സമീപ പ്രദേശങ്ങളിൽ നിന്നും കാണാതായ ആളുകളുടെ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
ആള്‍പാർപ്പില്ലാത്ത വിജനമായ പ്രദേശമാണ് കാരമൂട്. ഇത് വഴി കടന്നു പോകുന്ന റോഡിന് ഇരു വശവും മാലിന്യനിക്ഷേപം പതിവാണ്. അതിനാല്‍ റോഡിൽ നിന്നും ചുറ്റു മതിലിനുള്ളിലേയ്ക്ക് അസ്ഥികൂടം എറിഞ്ഞതാവാം എന്നും പോലീസ് സംശയിക്കുന്നുണ്ട്.