ലണ്ടൻ: കോവിഡ്-19 രോഗത്തിനെതിരേ ബ്രിട്ടനിലെ അസ്ട്രസെനക്ക മരുന്നുകന്പനി ഉത്പാദിപ്പിക്കുന്ന വാക്സെവെറിയ വാക്സിൻ ആഗോളതലത്തിൽ പിൻവലിക്കാൻ തുടങ്ങി. കന്പനിതന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിൽ കോവിഷീൽഡ് എന്ന പേരിൽ വിതരണം ചെയ്തത് ഇതേ വാക്സിനാണ്.
കൊറോണ വൈറസിന്റെ രൂപാന്തരീകരണവുമായി ബന്ധപ്പെട്ട് മികച്ചയിനം മറ്റു വാക്സിനുകൾ ലഭ്യമായതോടെ ഇതിനു ഡിമാൻഡ് കുറഞ്ഞതാണ് കാരണമെന്ന് കന്പനി പറയുന്നു. അതേസമയം, വാക്സെവെറിയ സ്വീകരിച്ചവരിൽ അപൂർവമായി രക്തം കട്ടപിടിക്കുന്നതായി കന്പനി നേരത്തേ സമ്മതിച്ചിട്ടുണ്ട്.
വാക്സെവെറിയ ഇപ്പോൾ ഉത്പാദിപ്പിക്കുകയോ വിതരണം നടത്തുകയോ ചെയ്യുന്നില്ലെന്നു കന്പനി പറഞ്ഞു. അസ്ട്രെസെനക്കയുടെ അറിയിപ്പിന്റെ പശ്ചാത്തലത്തിൽ യൂറോപ്യൻ യൂണിയനിൽ ഈ വാക്സിന്റെ ഉപയോഗത്തിന് ഇനി അംഗീകാരം ഉണ്ടാവില്ലെന്ന് യൂറോപ്യൻ മെഡിസിൻ ഏജൻസി അറിയിച്ചു.
കോവിഡ് വ്യാപനം ആരംഭിച്ചതിനു പിന്നാലെ 2021ലാണ് അസ്ട്രസെനക്ക കന്പനി ഒക്സ്ഫഡ് സർവകലാശാലയുമായി ചേർന്ന് വികസിപ്പിച്ചതാണ് വാക്സിൻ. ഇന്ത്യയിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് കന്പനിയാണ് ഉത്പാദിപ്പിച്ചത്.
ഇന്ത്യയിൽ 220 കോടി ഡോസുകൾ കുത്തിവച്ചിട്ടുണ്ട്. ആഗോളതലത്തിൽ 300 കോടിയിലധികം ഡോസുകൾ നല്കിയിട്ടുണ്ടെന്നും 65 ലക്ഷം പേരുടെ ജീവൻ രക്ഷപ്പെട്ടതായി അനുമാനിക്കുന്നുവെന്നും അസ്ട്രസെനക്ക അവകാശപ്പെടുന്നു.
ചില രോഗികളിൽ രക്തം കട്ടപിടിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ വാക്സിന്റെ ഉപയോഗം നിർത്തിവച്ചിരുന്നു. വാക്സിന്റെസുരക്ഷയും ഫലക്ഷമതയും സംബന്ധിച്ച കേസുകളും കന്പനി നേരിടുന്നുണ്ട്.