ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ജ്യോത്സ്യന്മാരുടെ വീടിനുമുന്നില്‍ സ്ഥാപിച്ച ഹസ്തരേഖ പരസ്യബോര്‍ഡുകള്‍ തിരഞ്ഞെടുപ്പ് അധികൃതര്‍ മാറ്റി. പെരുമാറ്റച്ചട്ടം വന്നതിനുപിന്നാലെയാണ് നടപടി. കോണ്‍ഗ്രസ് ചിഹ്നമായ കൈപ്പത്തിക്ക് സമാനമാണ് ഹസ്തരേഖാശാസ്ത്ര ബോര്‍ഡുകള്‍ എന്നാണ് അധികൃതരുടെ വാദം.
ബോര്‍ഡിലെ കൈപ്പത്തി ഭാഗം കടലാസ് ഉപയോഗിച്ച് മറച്ചു. രാഷ്ട്രിയപ്പാര്‍ട്ടികളോ സ്ഥാനാര്‍ഥികളോ ചട്ടലംഘനം നടത്തുന്നത് പരിശോധിക്കാന്‍ സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. നഗരത്തിലെ പ്രധാന ബേര്‍ഡുകള്‍, കൊടികള്‍, നോട്ടീസുകള്‍ മുതലായവ സംഘം നീക്കംചെയ്തു. ഇതിനു പിന്നാലെയാണ് ഹസ്തരേഖാ ബോര്‍ഡുകള്‍ മറച്ചത്.
ഏപ്രില്‍ 18 വരെ നടപടി തുടരുമെന്ന് റവന്യൂവകുപ്പ് ഓഫീസര്‍മാര്‍ അറിയിച്ചു. ഉദ്യോഗസ്ഥരുടെ നടപടിക്കെതിരേ ജ്യോത്സ്യന്മാരുടെ സംഘടനകള്‍ രംഗത്തുവന്നു. ബോര്‍ഡുകള്‍ മറച്ചാല്‍ ആവശ്യക്കാര്‍ എങ്ങനെ എത്തിച്ചേരുമെന്ന് അവര്‍ ചോദിച്ചു. നടപടി ജോലിയെ ബാധിക്കുമെന്നും പുനഃപരിശോധന നടത്താന്‍ അധികൃതര്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.