സ്വകാര്യ അമേരിക്കൻ എയ്റോ സ്പേസ് കമ്പനിയായ സ്പേസ് എക്സിന് ബഹിരാകാശ ടാക്സിയുടെ പരീക്ഷണപ്പറക്കലിന് നാസയുടെ അനുമതി. എലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗൺ എന്നു പേരുള്ള ആസ്ട്രോനൊട്ട് ടാക്സിക്കാണ് പരീക്ഷണത്തിനായി നാസ അനുമതി നല്കിയിരിക്കുന്നത്.
ഏഴു സീറ്റുള്ള ക്രൂ ഡ്രാഗൺ ക്യാപ്സ്യൂളുമായി സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ് നാസയുടെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് മാർച്ച് രണ്ടിന് കുതിക്കും. സ്പേസ് സ്യൂട്ട് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിച്ച് ആറു ദിവസത്തിനുശേഷം ക്രൂ ഡ്രാഗൺ ഭൂമിയിലേക്കു തിരിക്കും. സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തിയശേഷമാണ് നാസയുടെ അനുമതി.
ഇത് ആദ്യമായാണ് വാണിജ്യാടിസ്ഥാനത്തിലുള്ള ഒരു പേടകം മനുഷ്യരുടെ ബഹിരാകാശ യാത്രയ്ക്കായി ഡിസൈൻ ചെയ്തിരിക്കുന്നത്. 2014 മുതലാണ് മസ്കിന്റെ നേതൃത്വത്തിൽ സ്പേസ് എക്സ് ക്രൂ ഡ്രാഗൺ വികസിപ്പിക്കാനുള്ള ശ്രമം തുടങ്ങിയത്. സ്പേസ് എക്സുമായുള്ള സമാന കരാറിന് ബോയിംഗുമായി നാസ ഒപ്പിട്ടിട്ടുണ്ട്. ബോയിംഗിന്റെ സിഎസ്ടി 100 സ്റ്റാർലൈനർ ക്യാപ്സ്യൂൾ ഏപ്രിലിൽ വിക്ഷേപിക്കും.
പരീക്ഷണം വിജയകരമായാൽ ഇത്തരം സ്പേസ് ക്യാപ്സ്യൂളുകൾ ബഹിരാകാശ സഞ്ചാരികളെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലും തിരികെയും എത്തിക്കാനായി പിന്നീട് ഉപയോഗിക്കും. 2011ൽ പ്രവർത്തനം അവസാനിപ്പിച്ച നാസയുടെ സ്പേസ്ഷട്ടിൽ ശ്രേണിയ്ക്ക് പകരമാകാൻ ഈ ക്യാപ്സ്യൂളുകൾക്കു കഴിയുമെന്നാണ് പ്രതീക്ഷ.
നിലവിൽ സഞ്ചാരികളെ ബഹിരാകാശ നിലയത്തിലെത്തിക്കാനും തിരികെ ഭൂമിയിലെത്തിക്കാനും റഷ്യയെയാണ് നാസ ആശ്രയിക്കുന്നത്. റഷ്യയുടെ സോയുസ് റോക്കറ്റും പേടകവും ഉപയോഗിക്കുന്നതിന് എട്ടു കോടി ഡോളർ (ഏകദേശം 570 കോടി രൂപ) ചെലവ് വരുന്നുണ്ട്.