കോഴിക്കോട് : ഗുജറാത്തി സ്ട്രീറ്റിനു സമീപത്തു താമസിച്ചിരുന്ന അസുവിനെ കൊലപ്പെടുത്തിയതാരെന്നത് ഇപ്പോഴും അവ്യക്തം. സംഭവം നടന്ന് രണ്ടുമാസമായിട്ടും പ്രതിയാരെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അസുവിനെ അപായപ്പെടുത്താന്‍ സാധ്യതയുള്ളതും അവരെ കുറിച്ചു വിവരങ്ങള്‍ നല്കാന് കഴിയുമെന്ന് കരുതിയതുമായ 40 ലേറെ പേരെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.
എന്നാല്‍ കൃത്യം നടത്തിയതാരെന്നതു കണ്ടെത്താന്‍ സാധിച്ചിട്ടില്ല . ശത്രുക്കളായി അസുവിന് ആരുമുണ്ടായിരുന്നില്ലെന്നാണ് അന്വേഷണത്തില്‍ പോലീസിന് അറിയാനായത്. അസുവിനെ നേരിട്ട് അറിയുന്നവര്‍ നല്കുന്ന പണംകൊണ്ടാണ് ഭക്ഷണം കഴിക്കുന്നത്. മറ്റു സമ്പാദ്യങ്ങളൊന്നും അസുവിനില്ല. ഇക്കാരണത്താല്‍ തന്നെ പണമിടപാട് കൊലപാതകത്തിനു കാരണമാവില്ലെന്നാണു പോലീസ് പറയുന്നത്.
സംഭവത്തില്‍ ലഹരി മാഫിയയുടെ പങ്കിനെ കുറിച്ചാണ് പോലീസ് പ്രധാനമായും അന്വേഷിച്ചിരുന്നത്. ടൗണ്‍ സിഐ പി.എം. മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണു കേസന്വേഷിക്കുന്നത്. ഫെബ്രുവരി 22 -ന് ഗുജറാത്തി സ്ട്രീറ്റിനു സമീപത്തുള്ള ചുങ്കത്ത് കടയുടെ മുന്‍വശത്തായിരുന്നു അസുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സൗത്ത് ബീച്ച് റോഡിലെ ലോറി സ്റ്റാന്‍ഡിനു സമീപത്ത് ലഹരി മാഫിയയുടെ താവളമാണെന്നാണു നാട്ടുകാര്‍ പറയുന്നത്.
രാത്രിയില്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ ഇവിടെയെത്തി ലഹരി ഉപയോഗിക്കുക പതിവാണ്. അനാശാസ്യ പ്രവര്‍ത്തനങ്ങളും ഇവിടെ നടക്കാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നു പോലീസ് രാത്രിയില്‍ ഈ സ്ഥലങ്ങളില്‍ പരിശോധന നടത്താറുണ്ട്.
പരിശോധന നടത്തുമ്പോള്‍ ഇവിടെയെത്തിയ ലഹരി ഉപയോഗിക്കുന്നവര്‍ ഓടി ഒളിക്കുകയാണ് ചെയ്യാറ്. അതിനാല്‍ പോലീസിനു ഇവിടെ സ്ഥിരമായി എത്തുന്ന സാമൂഹ്യ വിരുദ്ധരെ പിടികൂടാന്‍ കഴിയാറില്ല. അസുവിന്റെ മരണത്തിനു പിന്നിലും ലഹരിമാഫിയയുടെ പങ്കുണ്ടെന്നാണു നാട്ടുകാര്‍ ആരോപിക്കുന്നത്.