മിലാൻ: റഷ്യൻ ലോകകപ്പ് ഫുട്ബോൾ യോഗ്യത ലഭിക്കാത്തതു മുതൽ ദയനീയാവസ്ഥയിൽ തുടരുന്ന ഇറ്റലിക്ക് കരകയറാൻ സാധിക്കുന്നില്ല. റോബർട്ടോ മൻസീനിയെ പരിശീലകനാക്കിയെങ്കിലും കുരുക്കഴിക്കാനാകാതെ അസൂറികൾ വിയർക്കുന്നു. മൻസീനിയുടെ കീഴിൽ തുടർച്ചയായ അഞ്ചാം മത്സരത്തിലും ഇറ്റലിക്ക് ജയം നേടാനായില്ല.
കഴിഞ്ഞ ദിവസം നടന്ന ഹോം മത്സരത്തിൽ യുക്രെയ്നിനോട് ഇറ്റലി 1-1 സമനിലയിൽ പിരിഞ്ഞു. ഗോൾ രഹിതമായ ആദ്യ പകുതിക്കുശേഷം 55-ാം മിനിറ്റിൽ ഫെഡെറിക്കോ ബെർണാഡേച്ചിയിലൂടെ ഇറ്റലി മുന്നിൽ കടന്നെങ്കിലും 62-ാം മിനിറ്റിൽ റുസ്ലൻ മലിനോവ്സ്കിയിലൂടെ യുക്രെയ്ൻ ഒപ്പമെത്തി.
യുവേഫ നേഷൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ പോർച്ചുഗലിനോട് 0-1നു പരാജയപ്പെട്ട ടീമിൽ എട്ട് മാറ്റങ്ങളുമായാണ് മൻസീനി ആദ്യ പതിനൊന്നംഗ സംഘത്തെ ഇറക്കിയത്. ഓഗസ്റ്റ് 14ന് ജെനോവയിൽ പാലം തകർന്ന് മരിച്ച 43 പേരെ അനുസ്മരിച്ച് ദുഃഖാചരണം നടത്താനായി മത്സരത്തിന്റെ 43-ാം മിനിറ്റിൽ ഒരു മിനിറ്റ് കളി നിർത്തിവച്ചിരുന്നു.
മൻസീനിക്കുകീഴിൽ ആറ് മത്സരങ്ങൾ കളിച്ചതിൽ സൗദി അറേബ്യക്കെതിരായ മത്സരത്തിൽ (2-1) മാത്രമാണ് ഇതുവരെ ഇറ്റലിക്കു വെന്നിക്കൊടി പാറിക്കാൻ സാധിച്ചത്. ലോക ചാന്പ്യന്മാരായ ഫ്രാൻസിനോടും പോർച്ചുഗലിനോടും പരാജയപ്പെടുകയും ചെയ്തു.