സിജോ പൈനാടത്ത്
കൊച്ചി: ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവരെയും മാരക രോഗങ്ങളാൽ കിടപ്പിലാകുന്നവരെയും പരിചരിക്കുന്നവർക്കുള്ള സംസ്ഥാന സർക്കാരിന്റെ ആശ്വാസകിരണം പെൻഷൻ വിതരണം മുടങ്ങിയിട്ട് ഒരു വർഷം. 2018 ഓഗസ്റ്റു മുതൽ മുടങ്ങിയ പെൻഷൻ പദ്ധതിയിൽ കുടിശിക 79.39 കോടി രൂപയിലെത്തി.
കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ (കെഎസ്എസ്എം) ആശ്വാസകിരണം പദ്ധതിയിലെ ഗുണഭോക്താക്കൾക്കു പ്രതിമാസം 600 രൂപയാണു ലഭിച്ചിരുന്നത്. നിലവിൽ 120301 പേരാണു പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നവരുടെ പട്ടികയിലുള്ളതെന്നു സാമൂഹ്യ സുരക്ഷാ മിഷനിൽ നിന്നുള്ള വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. മുഴുവൻ സമയം ശ്രദ്ധവേണ്ട രോഗികളെ പരിചരിക്കുന്നവർ എന്ന നിലയിൽ ഇവർക്കു ലഭിച്ചിരുന്ന ധനസഹായം വലിയ ആശ്വാസമായിരുന്നു.
നൂറു ശതമാനം അന്ധതയുള്ളവർ, ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രൽ പാൾസി എന്നീ രോഗങ്ങളുള്ളവർ, പ്രായാധിക്യത്തിലും കാൻസർ പോലുള്ള രോഗങ്ങളാലും പരസഹായം ആവശ്യമുള്ളവർ എന്നീ അവസ്ഥകളിലുള്ളവരെ പരിചരിക്കുന്നവർക്കും പദ്ധതിയിലെ ആനുകൂല്യത്തിന് അർഹതയുണ്ട്. കുടുംബ വാർഷിക വരുമാനം നഗരങ്ങളിൽ 23375 രൂപയും പഞ്ചായത്തുകളിൽ 20000 രൂപയും വരെയുള്ളവരെയാണു പരിഗണിക്കുക.
മാനസിക രോഗികളുടെ കാര്യത്തിൽ വരുമാനപരിധി ബാധകമല്ല. സർക്കാരിന്റെ മറ്റു ക്ഷേമപെൻഷനുകൾ വാങ്ങുന്നവർക്കും ആശ്വാസകിരണത്തിന്റെ ധനസഹായം ലഭിച്ചിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നു ലഭിക്കുന്ന തുകകളും സർക്കാർ അനുവദിക്കുന്ന പ്ലാൻ ഫണ്ടും ഉപയോഗിച്ചാണു സാമൂഹ്യ സുരക്ഷാ മിഷൻ ആശ്വാസകിരണം പെൻഷൻ നൽകുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന തുകയുടെ അനുപാതത്തേക്കാൾ ഗുണഭോക്താക്കളുടെ എണ്ണം വർധിച്ചതാണു കുടിശിക വർധിക്കാൻ കാരണമെന്നു വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.
അതേസമയം, മറ്റു ക്ഷേമപെൻഷനുകൾ വലിയ കുടിശികയില്ലാതെ വിതരണം ചെയ്യുന്പോൾ, ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവരുടെ കുടുംബങ്ങളോടുള്ള അവഗണന മനുഷ്യത്വപരമല്ലെന്നു വിവരാവകാശപ്രവർത്തകനായ രാജു വാഴക്കാല ചൂണ്ടിക്കാട്ടി. 2017-18 സാന്പത്തിക വർഷത്തിലുണ്ടായിരുന്നതിനേക്കാൾ ആശ്വസകിരണം പെൻഷൻ ഗുണഭോക്താക്കളുടെ എണ്ണത്തിൽ ഇപ്പോൾ 17349 പേരുടെ വർധനവുണ്ടായിട്ടുണ്ട്.