കൊച്ചി: മാനസികവും ശാരീരികവുമായ പ്രയാസങ്ങളെ തുടർന്ന് ശയ്യാവലംബരായ രോഗികളെ പരിചരിക്കുന്നതുമൂലം പുറം ജോലികൾക്ക് പോകാൻ കഴിയാത്ത പരിചാരകർക്കായി സർക്കാർ ഏർപ്പെടുത്തിയ ആശ്വാസ കിരണം പദ്ധതി പ്രകാരമുള്ള ധനസഹായം വൈകുന്നു. ഗുണഭോക്താക്കൾക്ക് 2018 ജൂലൈ വരെയുള്ള ധനസഹായം മാത്രമാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്.
മുടക്കം വന്നിട്ടുള്ള മാസങ്ങളിലെ തുക ഉടൻ നൽകുമെന്ന് സാമൂഹ്യസുരക്ഷാ മിഷൻ അറിയിച്ചിരുന്നെങ്കിലും ഒരു വർഷം പിന്നിട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഒരു ദിവസം 20 രൂപ പ്രകാരം പ്രതിമാസം നൽകി വന്നിരുന്ന 600 രൂപാ വീതമുള്ള ധനസഹായ വിതരണമാണ് ഇപ്പോൾ നിലച്ചിരിക്കുന്നത്.
2019 ഏപ്രിൽ വരെ 113717 പേരാണ് ഈ വർഷത്തെ ഗുണഭോക്താക്കളുടെ പട്ടികയിലുള്ളത്. 2018-19 സാന്പത്തിക വർഷത്തിൽ 120301, 2017-18ൽ 102952, 2016-17ൽ 90251, 2015-16ൽ 72359, 2014-15ൽ 63544 എന്നിങ്ങനെയായിരുന്നു ഗുണഭോക്താക്കളുടെ എണ്ണം. കുടുംബ വാർഷിക വരുമാനം നഗരങ്ങളിൽ 22,375 രൂപയും പഞ്ചായത്തുകളിൽ 20,000 രൂപ വരെയുമുള്ളവർക്കാണ് പദ്ധതിയിലേക്ക് അപേക്ഷിക്കാൻ യോഗ്യത.
മാനസികരോഗികൾ, ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം എന്നിവ ബാധിച്ചവരുടെ കാര്യത്തിൽ വരുമാനപരിധി ബാധകമല്ല. വിധവ, വാർധക്യ, കർഷകതൊഴിലാളി ക്ഷേമ പെൻഷനുകൾ ലഭിക്കുന്നവർക്കും ആശ്വാസകിരണം പദ്ധതിയെുട ആനുകൂല്യം ലഭിക്കും.
കാൻസർ, പക്ഷാഘാതം തുടങ്ങി മുഴുവൻ സമയ പരിചാരകന്റെ സേവനം ആവശ്യമുള്ളവിധം കിടപ്പിലായ വിവിധതരം രോഗികൾ, പ്രായാധിക്യത്താൽ കിടപ്പിലായവർ, നൂറു ശതമാനം അന്ധത ബാധിച്ചവർ, തീവ്ര മാനസിക രോഗമുള്ളവർ, ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയവ ബാധിച്ചവരെ പരിചരിക്കുന്നവരാണ് നിലവിൽ ഗുണഭോക്തൃ പട്ടികയിലുള്ളവർ.
അങ്കണവാടികൾ മുഖേന അപേക്ഷ സ്വീകരിച്ച് ആരോഗ്യവകുപ്പിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിലാണ് പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ കണ്ടെത്തുന്നത്.