സൂര്യനാരായണൻ
കൊച്ചി: ഫ്ളാറ്റിൽ മയക്കുമരുന്നു പാർട്ടിയും വിൽപനയും നടത്തി അറസ്റ്റിലായ സീരിയൽ നടി അശ്വതി ബാബുവിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും. ഇവരുടെ മയക്കുമരുന്നു ബന്ധവും സെക്സ് റാക്കറ്റ് ബന്ധവും പുറത്തു കൊണ്ടു വരാനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്. ഇവരെ കുറിച്ചു ഞെട്ടിക്കുന്ന വിവരമാണ് പോലീസിനു ലഭിച്ചിരിക്കുന്നത്. ഇവർ മയക്കുമരുന്നു പാർട്ടികളിൽ സജീവമായിരുന്നുവെന്നു പോലീസ് പറയുന്നു.
ഗോവയിലും ബംഗളൂരിലും നടക്കുന്ന മയക്കുമരുന്നു പാർട്ടികളിൽ നടി പങ്കെടുത്തിരുന്നതായും സൂചനയുണ്ട്. ഈ സ്ഥലങ്ങളിൽ പതിവായി ഇവർ പോകാറുണ്ടായിരുന്നതായും കണ്ടെത്തി. ഗോവയിലെ മയക്കുമരുന്ന് പാർട്ടിക്കിടെയാണ് ബംഗളൂരിൽ താമസിക്കുന്ന അരുണ്‍ എന്ന മലയാളി യുവാവിനെ പരിചയപ്പെടുന്നത്.
തുടർന്നു അരുണ്‍ മുഖേനെയാണ് അശ്വതി മയക്കുമരുന്നു വാങ്ങുകയും മറിച്ചു വിൽക്കുകയും ചെയ്തിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി. അരുണിനെ പിടികൂടാൻ സാധിച്ചാൽ മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുമെന്നു പോലീസ് പറഞ്ഞു. അതേസമയം, വിഷാദ രോഗത്തിൽ നിന്നും രക്ഷ തേടാനാണ് ലഹരി മരുന്നുകൾ ഉപയോഗിക്കാൻ തുടങ്ങിയതെന്ന് അശ്വതി പോലീസിനോട് പറഞ്ഞു. അശ്വതിയുടെ ഫോണിൽ നിന്നും ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ കണ്ടെത്തി.
കൊച്ചി നഗരത്തിലെ വൻകിട ബേക്കറികളും ഹോട്ടലുകളും കേന്ദ്രീകരിച്ചാണ് ഇടപാടുകൾ നടന്നത്. വാട്സാപ്പ് ഗ്രൂപ്പ് മുഖേനെയാണ് ആവശ്യക്കാരെ നടി കണ്ടെത്തിയിരുന്നതെന്നും അന്വേഷണസംഘം കണ്ടെത്തി. വാട്സാപ്പ് ഗ്രൂപ്പിലൂടെ പറഞ്ഞുറപ്പിച്ച തുക ബാങ്ക് അക്കൗണ്ടിലെത്തിയാൽ ആവശ്യക്കാരോട് ഹോട്ടലുകളിൽ അല്ലെങ്കിൽ ബേക്കറികളിൽ എത്താൻ അശ്വതി ആവശ്യപ്പെടും. ഇവിടെ വെച്ചാണ് ചെറിയ പായ്ക്കറ്റുകളിലാക്കി മയക്കുമരുന്ന് കൈമാറിയിരുന്നത്. ഗ്രാമിന് മൂവായിരം രൂപ വരെ ഈടാക്കിയാണ് വിൽപന നടത്തിയിരുന്നത്.
ഗ്രാമിനു 2000 രൂപ നിരക്കിൽ ആയിരുന്നു നിരോധിത മയക്കുമരുന്ന് ഇവർ വിറ്റിരുന്നത്. അപ്പോൾ തന്നെ കേസിൽ വന്പൻ കണ്ണികൾ ഉണ്ടാകുമെന്ന് പോലീസിന് ഉറപ്പായിരുന്നു. അശ്വതിയെ കുറിച്ച് ഇപ്പോൾ കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്. മയക്കുമരുന്ന് വിൽപന മാത്രമല്ല, സെക്സ് റാക്കറ്റ് റാക്കറ്റുമായും അശ്വതിക്ക് ബന്ധമുണ്ട് എന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്.
സിനിമ, സീരിയൽ രംഗത്ത് അത്ര സജീവമൊന്നും അല്ല അശ്വതി. എന്നാൽ, അഭിനയിച്ച സിനിമകളുടേയും സീരിയലുകളുടേയും പേരിലാണ് ഇവർ പലരുമായും ബന്ധം പുലർത്തിയിരുന്നത്. അശ്വതിക്കു പല പ്രമുഖരുമായും അടുത്ത ബന്ധമുണ്ട്. പാലച്ചുവടിലെ ഫ്ളാറ്റിൽ ഇവർ ഡ്രഗ് പാർട്ടി നടത്തിയിരുന്നു എന്നു കണ്ടെത്തി കഴിഞ്ഞു. ഇവിടെ മയക്കുമരുന്നിന്റെ വിൽപനയും നടത്തിയിരുന്നു.
എന്തായാലും ലക്ഷക്കണക്കിനു രൂപയുടെ നിരോധിത മയക്കുമരുന്നാണ് ഇവിടെ നിന്നും പോലീസ് അന്ന് പിടിച്ചെടുത്തത്. ഗ്രാമിന് രണ്ടായിരം രൂപ നിരക്കിൽ ആയിരുന്നു അശ്വതി മയക്കുമരുന്ന് വിറ്റിരുന്നത് എന്നാണ് റിപ്പോർട്ടുകൾ. എംഡിഎംഎ (മെഥലിൻ ഡയോക്സി മെഥാഫിറ്റമിൻ) എന്ന നിരോധിത മയക്കുമരുന്നാണ് ഇവരിൽ നിന്ന് പോലീസ് പിടിച്ചെടുത്തത്.
മാസങ്ങൾക്ക് മുന്‍പ് കൊച്ചിയിൽ 200 കോടി രൂപയുടെ ഇതേ നിരോധിത മയക്കുമരുന്ന് എക്സൈസ് സംഘം പിടിച്ചെടുത്തിരുന്നു.മയക്കുമരുന്ന് കച്ചവടം മാത്രമല്ല, പെണ്‍വാണിഭ സംഘവുമായും അശ്വതി ബാബുവിന് ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്. അശ്വതിയുടെ ഫോണ്‍ പരിശോധിച്ചതിൽ നിന്നാണ് ഇത് സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചത്. നടിയുടെ ബംഗളുരുബന്ധങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഉത്തരേന്ത്യയിൽ നിന്നുള്ള പെണ്‍കുട്ടികളെ ആണ് കൊച്ചിയിലെ ഫ്ളാറ്റിൽ എത്തിച്ച് ഇടപാടുകാർക്ക് നൽകിയിരുന്നത് എന്നാണ് വിവരം. അറസ്റ്റിലാകുന്പോൾ അശ്വതിയുടെ ഫ്ളാറ്റിൽ ഇടപാടിനെത്തിയ ഒരു മുംബൈ സ്വദേശിയും ഉണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്.