സൂര്യനാരായണൻ
കൊച്ചി: ലഹരിമരുന്നു കേസിൽ പോലീസ് അറസ്റ്റു ചെയ്ത സിനിമാനടി അശ്വതിബാബുവുമായി ബന്ധപ്പെട്ട സ്ഥിരം ഇടപാടുകാരെ പോലീസ് തെരയുന്നു. സിനിമാ മേഖലയിൽ ലഹരി എത്തിക്കുന്നതിൽ നടിക്കുള്ള പങ്ക് ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ പുറത്തുവരുമെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്. ഫ്ളാറ്റിലും പുറത്തും ലഹരി നുണയുന്ന സ്ഥിരം കസ്റ്റമേഴ്സ് നടിക്കുണ്ടായിരുന്നുവെന്നു പോലീസ് കണ്ടെത്തി കഴിഞ്ഞു.
എന്നാൽ, ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നടിയിൽ നിന്നും ശേഖരിക്കാനാണ് പോലീസിന്റെ തീരുമാനം. ഇതിന്റെ ഭാഗമായിട്ടാണ് ചോദ്യം ചെയ്യുന്നത്. ഇവർ താമസിച്ചിരുന്ന പാലച്ചുവട് ഡിഡി ഗോൾഡൻ ഗേറ്റ് ഫ്ളാറ്റിൽ പലതവണ ലഹരി പാർട്ടി നടന്നതായുള്ള വ്യക്തമായ തെളിവുകൾ പോലീസിനു ലഭിച്ചു കഴിഞ്ഞു.
ഇവരെ കസ്റ്റഡിയിൽ കിട്ടിയാൽ വൻകിട ഹോട്ടലുകളിൽ ഉൾപ്പെടെയുള്ള പാർട്ടികളും ലഹരി വിതരണശൃംഖലയെ കുറിച്ചും വിവരം ലഭിക്കുമെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്. ഇതിന്റെ ഭാഗമായ ഇന്നു ഇവരെ കസ്റ്റഡിയിൽ ലഭിക്കാൻ അപേക്ഷ സമർപ്പിക്കുമെന്നു പോലീസ് രാഷ്ട്രദീപികയോടു പറഞ്ഞു.
സിനിമാമേഖലയിൽ ലഹരിയുടെ ഒഴുക്കാണെന്ന സൂചന പണ്ടേ പോലീസിനുണ്ട്. ഇതിന്റെ ഉറവിടം കണ്ടെത്താനുള്ള പോലീസ് നീക്കം പലപ്പോഴും പാളിയിട്ടുണ്ട്. എന്നാൽ, നടി അശ്വതി ബാബുവിനെ പിടികൂടിയതോടെ സിനിമവേദികളിലേക്കുള്ള വാതിലും പ്രമുഖരുടെ ലഹരി ഇടപാടുകളും മനസിലാക്കാൻ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് പോലീസ്.
ന്യൂ ഇയർ ദിനങ്ങളിൽ കൊച്ചിയിലെ പ്രമുഖ ഹോട്ടലുകളും കപ്പലുകളും ഉൾപ്പെടെ പരിശോധിക്കാൻ പോലീസ് തീരുമാനമെടുത്തതിനു പിന്നിലും ഇത്തരമൊരു കാരണമുണ്ട്.
നടിയുടെ ഫോണ് നന്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഗോവ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ലഹരി മരുന്നു ഇടപാടുകാരുമായി ബന്ധമുണ്ടെന്നു പൊലീസിനു ബോധ്യമായിട്ടുണ്ട്. സിനിമാനടി ഉൾപ്പെട്ട മയക്കുമരുന്ന് സംഘത്തിലെ അന്വേഷണം കൊച്ചി നഗരത്തിലെ പ്രമുഖ ഹോട്ടലുകളിലേക്കും ബേക്കറികളിലേക്കും നീങ്ങിയിരുന്നു.
നടി അശ്വതി ബാബുവിൽ നിന്നും എം.ഡി.എം.എ. പിടികൂടിയ സംഭവത്തിൽ ഇടപാടുകാർക്ക് ലഹരിമരുന്ന് കൈമാറുന്നതിന് ഉപയോഗിച്ചിരുന്നത് വൻകിട ഹോട്ടലുകളും ബേക്കറികളുമെന്ന് അന്വേഷണ സംഘം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഈ വഴിക്കു വ്യാപിപ്പിച്ചത്. നടി വളരെ തന്ത്രപരമായാണ് മയക്കുമരുന്ന് കൈമാറ്റം നടത്തിയിരുന്നത്. അതിനായി വാട്സ് ആപ്പ് ഗ്രൂപ്പുകൾ തന്നെ തുടങ്ങിയിരുന്നു.
വാട്സ് ആപ്പ് വഴി ഇടപാടുകാരുമായി കച്ചവടം ഉറപ്പിച്ച ശേഷം നഗരത്തിലെ വൻകിട ബേക്കറികളിലും ഹോട്ടലുകളിലുമെത്തി ഇവ കൈമാറുകയാണ് ചെയ്തിരുന്നതെന്ന വിവരമാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന സൂചനയും അന്വേഷണ സംഘം നൽകുന്നുണ്ട്.
ചെറുപായ്ക്കറ്റുകളിലാക്കിയായിരുന്നു നടി മയക്കുമരുന്നു വില്പന നടത്തിയിരുന്നത്. സംശയം തോന്നാതിരിക്കാനായിരുന്നു ഇത്. സിനിമ, സീരിയൽ രംഗത്തുള്ളവർ ഇവരുടെ ഇടപാടുകാരായി ഹോട്ടലുകളിൽ എത്തിയിരുന്നു എന്നാണ് വിവരം.
കാക്കനാട് പാലച്ചുവടിലെ ഫ്ളാറ്റിൽ നിന്നാണ് തിരുവനന്തപുരം പള്ളിത്തുറ സ്വദേശി അശ്വതിയെയും സഹായി എറണാകുളം തമ്മനം സ്വദേശി ബിനോയിയെയും എംഡിഎംഎ.യുമായി കൊച്ചി സിറ്റി ഷാഡോ പൊലീസ് പിടികൂടിയത്. അശ്വതി ലഹരിമരുന്ന് എത്തിച്ചത് ബംഗളൂരുവിൽനിന്നാണെന്ന് വിവരം ലഭിച്ചിട്ടണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആ ദിശയിലേക്കും നീങ്ങിയിട്ടുണ്ട്.