ഗാന്ധിനഗർ: നന്ദി പറഞ്ഞ്, മധുരം വിളന്പി അശ്വതി മകൾ അജയ്യയുമായി വീട്ടിലേക്ക്. മെഡിക്കൽ കോളജിൽനിന്നും തട്ടിക്കൊണ്ടു പോയി പിന്നീട് തിരിച്ചു കിട്ടിയ നവജാത ശിശുവിനെയുമായി അമ്മ അശ്വതി വീട്ടിലേക്ക് യാത്രയായി.
കുമളി വണ്ടിപ്പെരിയാർ ശ്രീജിത്തിന്റെ ഭാര്യ അശ്വതിയും മകൾ അജയ്യയുമാണ് ആശുപത്രി വിട്ടത്.
തങ്ങളുടെ കുട്ടിയെ തിരികെ ലഭിക്കുവാൻ പ്രവർത്തിച്ച, മെഡിക്കൽ കോളജ് അധികൃതർ, പോലീസ്, ടാക്സി ഡ്രൈവർ അലക്സ് സെബാസ്റ്റ്യൻ എന്നിവർക്ക് പ്രത്യേകം പ്രത്യേകം നന്ദി രേഖപ്പെടുത്തി.
ഡിവൈഎസ്പി, ജെ. സന്തോഷ് കുമാർ, എസ്ഐ ടി.എസ്. റെനീഷ് എന്നിവർ ആശുപത്രിയിലെത്തി നവജാത ശിശുവിനു പുതുവസ്ത്രങ്ങളും മറ്റു സമ്മാനങ്ങളും നൽകി.
അശ്വതിയുടെ സഹോദരന്റെ നേതൃത്വത്തിൽ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെത്തി മധുര പലഹാരങ്ങൾ വിതരണം ചെയ്തു. ദന്പതികളുടെ മൂത്ത മകൾ അലംകൃതയും മറ്റു കുടുംബാഗങ്ങളും ആശുപത്രിയിൽ എത്തിയിരുന്നു.
ഗൈനക്കോളജി മൂന്നാം വാർഡിൽ പ്രസവ ചികിത്സയിൽ കഴിയവേ മൂന്നു ദിവസം പ്രായമായ അജയ്യയെ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.54നു തട്ടിക്കൊണ്ടു പോയിരുന്നു.
ആലുവ, കളമശേരി സ്വദേശിനിയാണു തട്ടികൊണ്ടു പോയത്. തട്ടിക്കൊണ്ടു പോയി ഒരു മണിക്കൂറിനകം ഗാന്ധിനഗർ പോലീസ് ഇവരെ പിടികൂടിയിരുന്നു.
തട്ടികൊണ്ടു പോയി തിരികെ കിട്ടിയതിനാൽ കുട്ടിക്ക് അജയ്യ എന്ന് പേരിടുകയായിരുന്നു.