സൂര്യനാരായണൻ
കൊച്ചി: നടി അശ്വതി ബാബുവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ പോലീസ് ചോദ്യം ചെയ്തെങ്കിലും നടി സഹകരിക്കുന്നില്ല. കേസുമായി ബന്ധപ്പെട്ടു കൂടുതൽ വെളിപ്പെടുത്തൽ നടത്താൻ നടി അശ്വതി ബാബു തയാറാകുന്നില്ലെന്നു പോലീസ്. ശനിയാഴ്ച നടിയെ കസ്റ്റഡിയിൽ വാങ്ങിയെങ്കിലും ഇവരുടെ മൗനം പോലീസിനെ വെട്ടിലാക്കി. ഇവരുടെ അസുഖവും കണക്കിലെടുത്തു വൈകുന്നേരത്തോടെ പോലീസ് ഇവരെ ജയിലിലേക്കു മാറ്റി.
ഇവരുടെ സിനിമബന്ധം പേരിനുവേണ്ടിയുള്ളതും ബിസിനസിനുവേണ്ടിയുള്ളതുമാണെന്നു പോലീസ് വെളിപ്പെടുത്തി. ഇതേ സമയം പോലീസിനു ഈ കേസിൽ കൂടുതൽ അന്വേഷണം നടത്താൻ താൽപര്യമില്ലെന്നും സൂചനയുണ്ട്. സിനിമ മേഖലയുമായിബന്ധപ്പെട്ടു നടി പാർട്ടിനടത്തുകയും മയക്കുമരുന്നു വിതരണം ചെയ്യുകയും ചെയ്തുവെന്നു പോലീസിനു വ്യക്തമായിട്ടും ചോദ്യം ചെയ്യലിൽ ഇതൊന്നും പ്രതിഫലിച്ചില്ല.
അതായതു പ്രമുഖരിലേക്കു അന്വേഷണം വ്യാപിപ്പിക്കാതെ മരവിപ്പിക്കാൻ നീക്കം ശക്തമാണ്. ശക്തമായ രാഷ്ട്രീയ സമർദം മൂലം കേസ് നടിയിൽ ഒതുക്കാനാണ് തീരുമാനം. സിനിമ സീരിയൽ രംഗത്തുള്ള പ്രമുഖരുമായി നടിക്കു ബന്ധമുണ്ട്. മയക്കുമരുന്നിന്റെ ഉറവിടം തേടി പോലീസിന്റെ യാത്ര സിനിമമേഖലയിലുള്ളവരുടെ ഉറക്കം കെടുത്തി കഴിഞ്ഞു. നടി മനസ് തുറന്നാൽ പ്രമുഖരിലേക്കും കേസ് നീട്ടേണ്ടിവരും. സിനിമ-സീരിയൽ രംഗത്തുള്ള ചിലരുടെ ബിസിനസിലെ ചെറുകണ്ണിമാത്രമാണ് അശ്വതിബാബുവെന്നു പോലീസ് പറയുന്പോഴും അന്വേഷണം മന്ദഗതിയിലാണ്.
അതു കൊണ്ടു തന്നെ ഈ കേസ് വലിച്ചുനീട്ടി സിനിമക്കാരെ മുഴുവൻ സമർദത്തിലാക്കാനും പോലീസ് തയാറാകില്ലെന്നറിയുന്നു. ഫ്ളാറ്റിലും പുറത്തും ലഹരി നുണയുന്ന സ്ഥിരം കസ്റ്റമേഴ്സ് നടിക്കുണ്ടായിരുന്നുവെന്നു പോലീസ് കണ്ടെത്തി കഴിഞ്ഞു. ഇവർ താമസിച്ചിരുന്ന പാലച്ചുവട് ഡിഡി ഗോൾഡൻ ഗേറ്റ് ഫ്ളാറ്റിൽ പലതവണ ലഹരി പാർട്ടി നടന്നതായി വ്യക്തമായ തെളിവു ലഭിച്ചു കഴിഞ്ഞു. ന്യൂയർ ദിനങ്ങളിൽ കൊച്ചിയിലെ പ്രമുഖ ഹോട്ടലുകളും കപ്പലുകളും ഉൾപ്പെടെ പരിശോധിക്കാൻ പോലീസ് തീരുമാനമെടുത്തതിനു പിന്നിലും ഇത്തരമൊരു കാരണമുണ്ട്.