ഷിജീഷ് യു.കെ.
വാക്കിംഗ് ഇൻ ദി മൂണ്ലൈറ്റ്, ആം തിങ്കിംഗ് ഓഫ് യു.. സത്യം ശിവം സുന്ദരത്തിലെ ഈ സുന്ദരപ്രണയഗാനം കേൾക്കുന്പോൾ പ്രേക്ഷക മനസിലേക്ക് പനിനീർപ്പൂവിന്റെ ചന്തമുള്ള ഒരു പെണ്കുട്ടി ഓടിയെത്തും. സിനിമയിൽ ചാക്കോച്ചനൊപ്പം ആടിപ്പാടിയ അശ്വതി എന്ന നായിക.
17 വർഷത്തെ ഇടവേളയ്ക്കുശേഷം റോൾ മോഡൽസ് എന്ന ചിത്രത്തിലൂടെ ഈ അഭിനേത്രി തിരിച്ചെത്തിയപ്പോൾ പഴയ സ്നേഹം നുള്ളുപോലും കളയാതെ പ്രേക്ഷകരും സിനിമാലോകവും തിരിച്ചുനൽകി. ഇപ്പോൾ കൈ നിറയെ ചിത്രങ്ങളാണ് അശ്വതിയെ തേടിയെത്തുന്നത്. കാന്പുള്ള പെണ്കഥാപാത്രങ്ങൾക്കായി ചമയമിടുന്നതിന്റെ തിരക്കിലും സണ്ഡേ ദീപിക വായനക്കാർക്കായി അശ്വതി സമയം കണ്ടെത്തിയപ്പോൾ…
നിങ്ങളെന്നെ വിളിച്ചില്ലല്ലോ!
ഒന്നാമനായിരുന്നു ആദ്യവരവിലെ അവസാന ചിത്രം. ലാലേട്ടൻ-തന്പി കണ്ണന്താനം സാറിന്റെ സിനിമ. പക്ഷേ, എന്തുകൊണ്ടോ അതിനുശേഷം നല്ല ഓഫറുകൾ തേടിയെത്തിയില്ല. ഞങ്ങളുടേതു ദുബായ് സെറ്റിൽഡ് ഫാമിലിയാണ്. എന്റെ പപ്പ ദുബായ് എയർഫോഴ്സിലെ ഉദ്യോഗസ്ഥനായിരുന്നു. മമ്മിക്കും അവിടെ ജോലിയുണ്ട്. എന്റെ പഠനത്തിനായി കൊച്ചിയിലേക്കെത്തുകയായിരുന്നു.
ഡിഗ്രി ചെയ്തുകൊണ്ടിരിക്കുന്പോഴാണു സിനിമയിലെത്തുന്നത്. അഭിനയത്തിരക്കിനിടയിൽ പി.ജിയും കംപ്ലീറ്റ് ചെയ്തു. സിനിമകൾ തേടിയെത്തുമെന്ന പ്രതീക്ഷയിൽ കുറേക്കാലം നാട്ടിൽനിന്നു. ജീവിതം വേസ്റ്റാകുമെന്ന തിരിച്ചറിവിൽ തിരികെ ദുബായിലേക്കു വിമാനം കയറി. ദുബായിൽ ഒരു റിയൽ എസ്റ്റേറ്റ് കന്പനിയിൽ 13 വർഷം ജോലിചെയ്തു.
മലയാള സിനിമയിലേക്ക് തിരിച്ചുവരാൻ നിർബന്ധിച്ചത് ഭർത്താവ് വികാസാണ്. അദ്ദേഹം അവിടെ ഒരു കന്പനിയിൽ എച്ച്.ആർ സ്പെഷലിസ്റ്റാണ്. വീട്ടുകാരുടെ സമ്മതത്തോടെയുള്ള ലൗ മാര്യേജ് ആയിരുന്നു ഞങ്ങളുടേത്. ഇടയിൽ അബുദാബി ഫിലിം അക്കാദമിയുടെ ആക്ടിംഗ് കോഴ്സ് ചെയ്തു.
കുറേ നാടകങ്ങളിൽ അഭിനയിക്കാനും അവസരമുണ്ടായി. 17 വർഷത്തിനുള്ളിൽ സിനിമയിലുണ്ടായ മാറ്റങ്ങൾ, ആളുകൾ മറന്നിട്ടുണ്ടാവില്ലേ എന്ന പേടി, സാന്പത്തികസുരക്ഷിതത്വം നൽകിയ ജോലി കൈവിടുന്പോഴുള്ള സമ്മർദങ്ങൾ.. അങ്ങനെ ഒരുപാടു കാര്യങ്ങൾ അലട്ടിക്കൊണ്ടിരുന്നു. പക്ഷേ, വികാസിന്റെ സ്നേഹപൂർവമുള്ള നിർബന്ധമാണ് എന്നെ തിരികെയെത്തിച്ചത്.
ദിവ്യാ ഉണ്ണിയെ റാഗ് ചെയ്തപ്പോൾ
മാക്മില്ലൻ കാൻസർ ഫണ്ട് ശേഖരിക്കാൻ ലണ്ടനിൽ പോയി പ്രിൻസ് ചാൾസിനെ കണ്ടതൊക്കെ വിദ്യാഭ്യാസ കാലത്തെ മധുരസ്മരണകളാണ്. സെന്റ് തെരേസാസിൽ ഡിഗ്രിക്കു പഠിക്കുന്പോൾ ആർട്സ് ക്ലബ് സെക്രട്ടറിയായിരുന്നു. നടി ദിവ്യാ ഉണ്ണി പ്രീഡിക്കു ചേർന്നതു ഞങ്ങളുടെ കോളജിലാണ്.
ദിവ്യ അന്നു കത്തിനിൽക്കുന്ന നായികയാണ്. ‘ഹായ് ചേച്ചീ’ എന്നു പറഞ്ഞ് ഞങ്ങളുടെ ഗാംഗിനെ പരിചയപ്പെടാൻവേണ്ടി ഒരു ദിവസം ദിവ്യ എത്തി. അന്നു ഞങ്ങൾ ദിവ്യയെ ശരിക്കും റാഗ് ചെയ്തു. പിന്നീടു ദിവ്യയുമായി നല്ല സൗഹൃദത്തിലായി.
അക്കാലത്തു ഞാൻ മോഡലിംഗ് ചെയ്യാറുണ്ടായിരുന്നു. അതുപോലെ ഏഷ്യാനെറ്റിൽ ഒരു പ്രോഗ്രാമും അവതരിപ്പിച്ചിരുന്നു. ആ സമയത്താണ് സിയാദ് കോക്കർ വിളിക്കുന്നത്. റാഫി മെക്കാർട്ടിന്റെ സത്യം ശിവം സുന്ദരം എന്ന പടത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായി അശ്വതിയെ ഉദ്ദേശിക്കുന്നു എന്നു പറഞ്ഞു. നല്ല പ്രോജക്ട് എന്നറിഞ്ഞപ്പോൾ എനിക്കും സമ്മതമായിരുന്നു.
ചിത്രത്തിലെ വാക്കിംഗ് ഇൻ ദ മൂണ് ലൈറ്റ്, ഹവ്വാ ഹവ്വാ എന്നീ പാട്ടുകളിൽ അഭിനയിക്കാൻ കഴിഞ്ഞതാണു ഭാഗ്യമായത്. സിനിമ വലിയ വിജയം നേടിയില്ലെങ്കിലും പാട്ടുകൾ രണ്ടും സൂപ്പർഹിറ്റായി. അശ്വതി എന്ന നടിയെ ജനം ഇപ്പോഴും ഓർക്കുന്നുണ്ടെങ്കിൽ അതിന്റെ പ്രധാന കാരണം ഈ പാട്ടുകളാണ്.
സാവിത്രിയും അരഞ്ഞാണവും
സത്യം ശിവം സുന്ദരത്തിനുശേഷമുള്ള ഒരു വർഷം തിരക്കിന്റെ നാളുകളായിരുന്നു. ആദ്യചിത്രം റിലീസാവും മുന്പേ ശംഭോ മഹാദേവ എന്ന ചിത്രത്തിൽ അഭിനയിച്ചു. പക്ഷേ, ആ സിനിമ ഇതുവരെ റിലീസായിട്ടില്ല. അതിനിടയിൽ റാഫിക്ക തെങ്കാശിപ്പട്ടണത്തിന്റെ തമിഴ് റീമേക്കിലേക്കു വിളിച്ചു. മലയാളത്തിൽ കാവ്യ ചെയ്ത കഥാപാത്രമാണു തമിഴിൽ ഞാൻ ചെയ്തത്.
കഥാപാത്രത്തിന്റെ കരുത്തുനോക്കിയാണ് സാവിത്രിയുടെ അരഞ്ഞാണം എന്ന ചിത്രം തെരഞ്ഞെടുത്തത്. മുകുന്ദൻ സാറിന്റെ നോവൽ, ഗ്രാമത്തിലെ ആനപാപ്പാന്റെ പ്രാരാബ്ധക്കാരിയായ ഭാര്യ, സ്വാഭാവിക അഭിനയത്തിനു സ്കോപ്പുള്ള കഥാപാത്രം. അപ്പോൾ ചലഞ്ചിംഗ് ആയിരിക്കുമെന്നു തോന്നിയിരുന്നു. ഒരുപാട് അഭിനന്ദനങ്ങൾ നേടിത്തന്ന കഥാപാത്രമായിരുന്നു സാവിത്രി.
ലാലേട്ടന്റെ സിനിമയിൽ അഭിനയിക്കുന്നതോടെ ഭാഗ്യജാതകം എഴുതപ്പെടുമെന്നാണു കരുതിയത്. പക്ഷേ, എന്തുകൊണ്ടോ ഒന്നാമനുശേഷം സിനിമകൾ തീരെ കുറയുകയാണുണ്ടായത്. സിനിമയിലെ ചില പൊളിറ്റിക്സുകളുടെ ഭാഗമായാണ് എനിക്ക് അവസരങ്ങൾ നിഷേധിക്കപ്പെട്ടത്.
നോ പറയേണ്ട സ്ഥലത്തു നോ പറയാൻ എനിക്കു യാതൊരു മടിയുമില്ല. എനിക്കു റിലേറ്റ് ചെയ്യാൻ പറ്റാത്ത കഥാപാത്രങ്ങൾ സ്വീകരിക്കാൻ തയാറല്ല. കരാർ ഉറപ്പിച്ചതിനുശേഷം നിരവധി ചിത്രങ്ങളിൽനിന്ന് എന്നെ മാറ്റിനിർത്തിയിട്ടുണ്ട്. അതിലൊന്നും പരിഭവമില്ല. അതൊന്നും എനിക്കു വിധിച്ചിട്ടില്ലെന്നു വിശ്വസിക്കാനാണ് ഇഷ്ടം.
ഇനി ഇവിടെത്തന്നെ
തിരിച്ചുവരവിനെക്കുറിച്ച് ആദ്യം സംസാരിക്കുന്നതു റാഫിക്കയോടാണ്. അങ്ങനെയാണ് റോൾ മോഡൽസിൽ സ്വല്പം വട്ടുള്ള ലൂസിയെന്ന കഥാപാത്രമായി തിരിച്ചെത്തുന്നത്. കോമഡിക്കു സാധ്യതയുള്ള ആ കഥാപാത്രം ആത്മവിശ്വാസം നൽകി. അൻവർ റഷീദിന്റെ ട്രാൻസ് എന്ന പുതിയ ചിത്രത്തിൽ ഫഹദിനൊപ്പം മുഴുനീള കഥാപാത്രമാണ്. നിസാറിക്കയുടെ ലാഫിംഗ് അപ്പാർട്ട്മെന്റിൽ പിഷാരടിയുടെ ഭാര്യയായി തികച്ചും വേറിട്ട ഗെറ്റപ്പിലാണു എത്തുന്നത്.
വിജയ് ബാബു സാറിന്റെ രജീഷ വിജയൻ നായികയാകുന്ന പുതിയ ചിത്രത്തിലെ കോട്ടയം അച്ചായത്തിയുടെ വേഷവും ഏറെ പ്രതീക്ഷ നൽകുന്നു. അഭിനയിക്കുന്ന സിനിമകളിൽ സ്വയം ഡബ്ബ് ചെയ്യുന്പോഴേ കഥാപാത്രങ്ങൾക്കു പൂർണതയുണ്ടാകൂ എന്ന അഭിപ്രായക്കാരിയാണു ഞാൻ.