മലയാളികളുടെ ഏറ്റവും വലിയ ആഗ്രഹമെന്തെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ… ഒരു നല്ല ജോലി. കോവിഡ് കാലം തീര്‍ത്ത പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ടവരും തിരിച്ചുപിടിച്ചവരും ഏറെ.
സര്‍ക്കാര്‍ ജോലിക്കായി പരിശ്രമിക്കുന്നവരാണ് ഏറെയും. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലയായ റെയില്‍വേയില്‍ തന്നെ ജോലി ലഭിക്കുമെന്ന് ഓഫര്‍ ലഭിച്ചാലോ… മുന്നും പിന്നും തിരിഞ്ഞുനോക്കില്ല നമ്മളില്‍ പലരും.
അവിടെയാണ് തട്ടപ്പിന്റെ ഇന്ദ്രജാലവുമായി അശ്വതി വാര്യർ എന്ന യുവതി നടന്നുകയറിയത്. തട്ടിപ്പിന്റെ ട്രാക്കില്‍ അവള് പിടിക്കപ്പെട്ടെങ്കിലും അപ്പോഴേക്കും നിരവധി പേരെ അവര്‍ ട്രാപ്പിലാക്കി കഴിഞ്ഞിരുന്നു.
ജോലി തട്ടിപ്പിന്റെ നിരവധി രുപാന്തരങ്ങള് കണ്ടവരാണ് മലയാളികള്‍. അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അത് സ്ത്രീയോ പുരുഷനോ ആരുമാകട്ടെ, അവര്‍ പയറ്റുന്നത് എങ്ങിനെയെങ്കിലും സാമ്പത്തികമായി രക്ഷപ്പെടാനുള്ള മലയാളികളുടെ തന്ത്രമാണ്.
അതിന് അവരെ വിശ്വസിപ്പിക്കാന്‍ കഴിയുന്ന എന്തും അവര്‍ പയറ്റും. അത്തരമൊരു തട്ടിപ്പാണ് കോഴിക്കോട് കേന്ദ്രീകരിച്ച് നടന്നത്.
തുടക്കത്തില്‍ മുക്കം മലയോരഭാഗത്തെ കുറച്ചു പേരാണ് തട്ടിപ്പിനിരയായതെന്നാണ് കരുതിയതെങ്കില്‍ പോലീസ് ഇപ്പോള്‍ അന്വേഷിച്ചുവരുമ്പോള്‍ ഇതരസംസ്ഥാനങ്ങളിലേക്കും എത്തി നില്ക്കുന്നു തട്ടിപ്പിന്റെ വ്യാപ്തി.
പരാതിപ്പെട്ടവര്‍ കുറവ്, പരാതിപ്പെടാനുള്ളവര് അതിലേറെയെന്നതാണ് അവസ്ഥ.
റെയില്‍വേ തട്ടിപ്പ് കഥ ഇങ്ങനെ…
പൊതുമേഖലാസ്ഥാപനം കേന്ദ്രീകരിച്ചുള്ള തട്ടിപ്പാകുമ്പോ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി നേതാക്കളുടെ ‘പിന്തുണ’ ഇല്ലാതെ എങ്ങിനെയാ… അതെ… വിശ്വസിപ്പിക്കാന്‍ ബിജെപി നേതാക്കള്‍ക്കൊപ്പം നില്ക്കുന്ന ചിത്രങ്ങളാണ് അശ്വതിയും ടീമും ഉപയോഗിച്ചത്.
ഇതിതിന് കൂട്ടുനിന്നത് ബിജെപി പ്രാദേശിക നേതാവും. നാലുപേരെയാണ് ഇതിനകം പോലീസ് പൊക്കിയത്.
മുക്കം വല്ലത്തായിപാറ സ്വദേശികളായ എ.കെ. ഷിജു, കെ.പി. ഷിജിന്, മലപ്പുറം എടപ്പാള്‍ സ്വദേശി ബാബുമോന് ഒടുവില്‍ കൊയമ്പത്തൂരില് നിന്നും പ്രധാനഇടനിലക്കാരി എടപ്പാള്‍ വട്ടംകുളം കാവുമ്പ്ര അശ്വതി നായരും.
ബാബുമോനെ എടപ്പാളില്‍ വച്ചും ഷിജിനെ ജോലി ചെയ്തുവന്ന സ്ഥാപനത്തില്‍ വച്ചുമാണ് പിടികൂടിയത്. ഇവരെ പിടികൂടിയ വിവരമറിഞ്ഞ് നാട്ടിലേക്ക് വരികയായിരുന്ന ഷിജുവിനെ വഴി മധ്യേപിടികൂടി.
ഷോര്‍ണൂര്‍ സ്വദേശിയാണെന്നും അവിടെ റെയില്‍വേയിലാണ് ജോലിയെന്നും പറഞ്ഞാണ് അശ്വതി ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ചത്.
റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ വ്യാജ ഇ-മെയില്‍ ഐഡി ഉണ്ടാക്കിയാണ് റെയില്‍വേ സ്റ്റേഷനുകളില്‍ ക്ലര്‍ക്ക് ഉള്‍പ്പെടെ വിവിധ തസ്തികകളില്‍ ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്തിയത്.
റെയില്‍വേ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാനും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ പി.കെ. കൃഷ്ണദാസിനൊപ്പം നില്ക്കുന്ന ഫോട്ടോ കാണിച്ചാണ് തട്ടിപ്പ് നടത്തിയത്.
50,000 രൂപ മുതല്‍ മൂന്ന് ലക്ഷം രൂപ വരെയാണ് പലരില്‍നിന്നായി വാങ്ങിയത്. അഞ്ഞൂറോളം പേര് തട്ടിപ്പിനിരയായിട്ടുണ്ട്.
അശ്വതി വാര്യരാണ് നായിക
അശ്വതി വാര്യര്‍ ചില്ലറക്കാരിയല്ലെന്നാണ് പോലീസ് പറയുന്നത്. സതേണ്‍ റെയില്‍വേ ചെയര്‍മാന്റെ പേരില്‍പോലും തട്ടിപ്പ് നടത്തി കൊയമ്പത്തൂരില് സുഖവാസത്തില്‍ കഴിയുകയായിരുന്നു ഇവര്‍.
ഇവിടെ നിന്നാണ് പോലീസ് പൊക്കിയത്. എടപ്പാളിലെ വീടിനടുത്തുള്ള സുഹൃത്താണ് കോയമ്പത്തൂരില്‍ ഒളിവില്‍ക്കഴിയാന്‍ സൗകര്യമൊരുക്കിയത്.
അശ്വതിക്കൊപ്പം താമസിച്ചിരുന്ന എട്ടും പതിനഞ്ചും വയസുള്ള മക്കളെ എടപ്പാളിലെ വീട്ടിലാക്കിയശേഷമാണ് ഇവരെ മുക്കം സ്റ്റേഷനിലെത്തിച്ചത്.
സ്വകാര്യകമ്പനിയിലെ ജീവനക്കാരനായിരുന്ന ഭര്‍ത്താവിനൊപ്പം ചെന്നൈയിലായിരുന്നു അശ്വതി താമസിച്ചിരുന്നത്. ചെന്നൈയിലെ കോച്ച് ഫാക്ടറിക്ക് സമീപമായിരുന്നു താമസം.
ഭര്‍ത്താവ് മരിച്ചശേഷം നാട്ടില്‍ എത്തി. ഇവിടെ നിന്നുമാണ് അശ്വതി തട്ടിപ്പിന്റെ ആദ്യപാഠങ്ങള്‍ മനസിലാക്കിയത്.
കേസിലെ മൂന്നാം പ്രതിയായ ബാബുമോനും അശ്വതിയും സഹപാഠികളായിരുന്നു. ബാബുമോനിലൂടെയാണ് അശ്വതി രണ്ടാം പ്രതിയായ ഷിജുവിനെ പരിചയപ്പെടുന്നത്.
അശ്വതിയും ഷിജുവും ചേര്‍ന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത് റെയില്‍വേയില്‍ ജോലി വാഗ്ദാനംചെയ്ത് ആദ്യകാലത്ത് നാല്‍പ്പതിനായിരം രൂപയാണ് വാങ്ങിയിരുന്നത്.
പിന്നീട് ‘ഫീസ് ‘ ലക്ഷങ്ങളാക്കി. നിയമനവുമായി ബന്ധപ്പെട്ട വ്യാജ അറിയിപ്പ് വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചായിരുന്നു ഉദ്യോഗാർഥികളെ വലവീശിപ്പിടിച്ചത്.
12 വർഷമായി അവിടെ ജോലി ചെയ്യുകയാണെന്നും റെയിൽവേ ബോർഡ് അംഗമാണെന്നെല്ലാമായിരുന്നു വിശ്വസിപ്പിച്ചിരുന്നത്.
റെയിൽവേയുടെ വിവിധ ഡിവിഷനുകളുടെ പേരിൽ വാട്ട്സാപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി ചെയ്യേണ്ട ജോലികളുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഇതിലൂടെ നൽകുകയായിരുന്നു.കോവിഡ് കാലമായതിനാൽ വർക്ക് ഫ്രം ഹോം അടിസ്ഥാനത്തിൽ ജോലിയും ചെയ്യിച്ചു.
ഒരുവര്‍ഷം മുന്‍പ് തുടങ്ങിയ തട്ടിപ്പ്
2021 ജൂണില്‍ ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ചു ലക്ഷം രൂപ വാങ്ങി എന്നതാണ് ഷിജുവിനെതിരെയുള്ള കുറ്റം.
ഷിജുവിന്റെ സഹോദരനാണ് അറസ്റ്റിലായ ഷിജിന്. ജോലി ലഭിച്ചവര്‍ക്ക് അസൈന്മെന്റുകള് നല്‍കിയിരുന്ന വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന് ആണ് ബാബുമോന്.എം.കെ ഷിജുവായിരുന്നു ഇടനിലക്കാരന്.
തിരുവമ്പാടി, പൊന്നാനി, ചങ്ങരംകുളം തുടങ്ങി മലബാറിലെ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരേ പരാതികള്‍ ലഭിച്ചിട്ടുണ്ട്. മാനഹാനി ഭയന്ന് പരാതി നല്‍കാതിരുന്നവരും ഏറെയാണെന്ന് പോലീസ് പറയുന്നു.
ഇതരസംസ്ഥാനങ്ങളിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രധാന തട്ടിപ്പുകാരിയുടെ നാടായ കൊയമ്പത്തൂരില് പോലീസ് ആദ്യഘട്ട അന്വേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യും. അതേസമയം അന്വേഷണം ഫ്രീസറിലാക്കാന് രാഷ്ട്രീയ സമ്മര്‍ദവും ഏറെയുണ്ടെന്നാണ് അറിയുന്നത്.