മയക്കുമരുന്നുമായി പോലീസ് പിടിയിലായ സീരിയല്‍ നടിക്ക് അന്തര്‍ സംസ്ഥാന സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നു സൂചനയുണ്ടെന്നും അതേക്കുറിച്ച് അന്വേഷിക്കുമെന്നും പോലീസ്. അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി (മെത്തലിന്‍ ഡയോക്‌സി മെത്തഫിറ്റമിന്‍) നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള തിരുവനന്തപുരം പള്ളിത്തുറ സ്വദേശി അശ്വതി (22), ഇവരുടെ സഹായി എറണാകുളം തമ്മനം സ്വദേശി ബിനോയി ഏബ്രഹാം (38) എന്നിവരെയാണ് ഇന്നലെ പോലീസ് പിടികൂടിയത്. ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നുമാണ് അന്തര്‍സംസ്ഥാന സെക്‌സ് റാക്കറ്റുമായുള്ള ഇവരുടെ ബന്ധം സംബന്ധിച്ച വിവരം പോലീസിന് ലഭിച്ചത്.
അനാശാസ്യപ്രവര്‍ത്തനങ്ങളില്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിക്കുന്നതിന്റെ വിവരങ്ങളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. നഗരത്തിലെ ഉന്നതര്‍ക്ക് യുവതികളെ ഇവര്‍ എത്തിച്ചു നല്‍കിയിരുന്നു. മുംബൈ, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നാണ് യുവതികളെ എത്തിച്ചിരുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള അശ്വതി ഇംഗ്ലീഷ് കൈകാര്യം ചെയ്യാന്‍ വശമില്ലാത്തതിനാല്‍ മൊബൈലില്‍ വോയിസ് ക്ലിപ്പ് ആയാണ് സന്ദേശങ്ങള്‍ കൈമാറിയിരുന്നത്.
വോയിസ് ക്ലിപ്പുകളൊന്നും തന്നെ ഇവര്‍ ഡിലീറ്റ് ചെയ്തു കളിഞ്ഞിരുന്നില്ല. ഇത് പരിശോധിച്ചപ്പോഴാണ് നഗരത്തിലെ ഉന്നതരീതിയില്‍ പ്രവര്‍ത്തിക്കുന്ന 20 ഓളം ഇടനിലക്കാരുമായി ഇവര്‍ക്ക് ബന്ധമുള്ളതായി പോലീസിന് വിവരം ലഭിച്ചത്. കാക്കനാട് ഇവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ നിന്നാണ് മയക്കുമരുന്നുമായി നടി പിടിയിലായത്. പോലീസ് പരിശോധന നടത്തുന്ന സമയത്തും മുംബൈ സ്വദേശിനിയായ ഒരു യുവതി ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നു. കൂടാതെ പണമിടപാടുകളെല്ലാം ഓണ്‍ലൈന്‍ വഴിയാണ് ഇവര്‍ നടത്തിയിരുന്നത്. മയക്കുമരുന്ന് ഇവരും സുഹൃത്തുക്കളും ഉപയോഗിക്കുന്നത് കൂടാതെ ഇടപാടിനെത്തുന്നവര്‍ക്കും നല്‍കിയിരുന്നു.
ലഹരിമരുന്ന് വില്‍പനയ്ക്ക് പുറമേ സിനിമാ സീരിയല്‍ രംഗത്തുള്ളവരെ ഉള്‍പ്പെടുത്തി ഡ്രഗ് പാര്‍ട്ടികളും പിടിയിലായവര്‍ നടത്തിയിരുന്നു. ഉടന്‍ റിലീസ് ചെയ്യാനിരിക്കുന്ന ഒരു സിനിമയിലും അശ്വതി അഭിനയിച്ചിട്ടുണ്ട്. ഗോവയില്‍ നിന്നും, മുബൈയില്‍ നിന്നും ആഡംബര കാറുകള്‍ ഉപയോഗിച്ചാണ് ഇവര്‍ മയക്ക് മരുന്നുകള്‍ എത്തിച്ചിരുന്നത്. 2016ല്‍ ദുബായിവച്ച് ലഹരിമരുന്ന് ഉപയോഗിച്ചതിനി ഈ നടി പിടിയിലാവുകയും യാത്രാവിലക്ക് ഉള്‍പെടെയുള്ള നടപടികള്‍ ഉണ്ടായിട്ടുള്ളതുമാണ്.
അശ്വതിയുടെ സഹോദരനും നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ്. വീട്ടില്‍ 30 ഓളം കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയതിന് കഴിഞ്ഞയിടെ എക്‌സൈസ് ഇയാളെ പിടികൂടിയിരുന്നു. അശ്വതിയെയും സഹായി ബിനോയി ഏബ്രഹാമിനെയും ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വിശദമായ അന്വേഷണങ്ങള്‍ക്ക് ശേഷം ആവശ്യമെങ്കില്‍ ഇവരെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.