ഗാന്ധിനഗർ: മദ്യലഹരിയിലായിരുന്ന ഭർത്താവ് ഭാര്യയെ ചവിട്ടിയും തല ഭിത്തിയിലിടിപ്പിച്ചും കൊലപ്പെടുത്തി. കറുകച്ചാൽ ശാന്തിപുരത്തിനു സമീപം കാവുങ്കൽപ്പടി കോലത്ത്മലയിൽ സുബിന്റ (25) ഭാര്യ അശ്വതി (19)യാണ് കൊല്ലപ്പെട്ടത്. അതീവ ഗുരുതരാവസ്ഥയിൽ ഇന്നലെ രാത്രി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അശ്വതി ഇന്നു പുലർച്ചെയാണ് മരിച്ചത്.
സഭവത്തെക്കുറിച്ച് സുബിന്റെ മാതാവ് കുഞ്ഞുമോൾ പറയുന്നതിങ്ങനെ: റാന്നി ഉതിമൂട് സ്വദേശനിയായ അശ്വതി പ്ളസ് ടൂ വിദ്യാഭ്യാസം നടക്കുന്നതിനിടയിൽ മാതാവിന്റെ സഹോദരി താമസിക്കുന്ന മല്ലപ്പള്ളി മാന്താനത്ത് ഇടയ്ക്കിടെ പോകുകയും അങ്ങനെയുള്ള പരിചയത്തിൽ മാതൃസഹോദരിയുടെ അയൽവാസിയായ സുബിനുമായി പ്രണയത്തിലാകുകയും ചെയ്തു. പഠനം പൂർത്തിയായ ശേഷം സുബിൻ തന്റെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുപോയി ഭാര്യാ ഭർത്തക്കൻമാരായി ജീവിക്കുകയായിരുന്നു.
ഇതിനിടയിൽ സുബിൻ അമിതമായി മദ്യപിക്കുകയും കഞ്ചാവിന് അടിമപ്പെട്ടും അശ്വതിയെ മർദിക്കുക പതിവായിരുന്നു. ഇ തി ന് തടസം നിൽക്കുന്ന സുബിന്റെ മാതാവ് കുഞ്ഞുമോളേയും ഇയാൾ മർദിക്കുമായിരുന്നു. കഴിഞ്ഞ ആഴ്ചയിൽ അശ്വതിയെ മർദ്ദിക്കുന്നത് കണ്ട് തടസം പിടിച്ച മാതാവിന്റെ ഇടതുകൈ സുബിൻ ചവിട്ടി ഒടിക്കുകയും വലത് കൈ കത്തിക്ക് വെട്ടുകയും ചെയ്തു. തുടർന്ന് ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ എത്തി ഇടത് കൈയ്യിൽ പ്ലാസ്റ്റർ ഇട്ട് ചികിത്സയിലായിരുന്നു കുഞ്ഞുമോൾ.
ഇന്നലെ രാത്രി ഏഴു മണിയോടെ കഞ്ചാവിനും മദ്യലഹരിക്കും ശേഷം അശ്വതിയെ ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിന് ശേഷം അർധരാത്രിയോടെ തല ഭിത്തിയിൽ ഇടിച്ച് തലയുടെ പിന്നിൽ മാരകമുറിവേറ്റ് താഴെ വീഴുകയും ചെയ്തു. തുടർന്ന് നെഞ്ചിന് ചവിട്ടുകയായിരുന്നുവെന്ന് കുഞ്ഞുമോൾ പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റു കിടന്ന അശ്വതിയെ സുബിന്റെ പിതാവ് മോഹനനും മാതാവ് കുഞ്ഞുമോളും കൂടി ആദ്യം കോട്ടയം ജനറൽ ആശുപത്രിയിലും പുലർച്ചെ നാലിന് കോട്ടയം മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലും എത്തിച്ചു.
അശ്വതിയെ വിദഗ്ധ പരിശോധനയ്ക്ക് ശേഷം ഉടൻ തന്നെ സർജറി തീ വ്ര ചരിചരണത്തിലേക്ക് മാറ്റിയെങ്കിലും രാവിലെ 6 .15ന് മരിച്ചു. ഇതിനിടയിൽ അശ്വതിയെ പരിശോധിച്ച അത്യാഹിത വിഭാഗത്തിലെ ഡോക്ടറുടെ കൈയിൽ സുബിൻ കടിച്ചു.
തുടർന്ന് അത്യാഹിത വിഭാഗത്തിന് മുൻപിൽ ആത്മഹത്യക്ക് ശ്രമിക്കവേ ഗാന്ധിനഗർ പോലീസെത്തി പിടികൂടി. സ്റ്റേഷനിലേക്ക് കൊണ്ടു പോകവേ ജീപ്പിന്റെ ചില്ല് അടിച്ചു തകർത്തു. പിന്നീട് പോലീസ് തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ച് മാനസിക രോഗ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. അശ്വതിയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. കറുകച്ചാൽ പോലീസ് കേസെടുത്തു.