തൊടുപുഴയിലെ ഏഴു വയസ്സുകാരന്റെ ദാരുണമരണവുമായി ബന്ധപ്പെട്ട്, നോവിക്കുന്ന, ചിന്ത പടര്‍ത്തുന്ന കുറിപ്പുമായി അവതാരക അശ്വതി ശ്രീകാന്ത്. പ്രസവിച്ച കുഞ്ഞിന്റെ ജീവനേക്കാള്‍ സ്വന്തം ജീവന് വില കൊടുക്കുന്ന ഏത് ജീവിയുണ്ട് ഈ ഭൂമിയില്‍ എന്ന ചോദ്യമുയര്‍ത്തിയാണ് അശ്വതി ശ്രീകാന്തിന്റെ ഫേസ്ബുക്ക് കുറിപ്പ്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം…
കുഞ്ഞിനെ മുറിയില്‍ ഉറക്കി കിടത്തി ഡൈനിംഗ് ടേബിളില്‍ വന്നു ഭക്ഷണം കഴിക്കുന്ന അമ്മമാരെ കണ്ടിട്ടുണ്ടോ? ഏതു നിമിഷവും ഓടിയെത്താന്‍ തയ്യാറായി പാതി ദേഹം മാത്രം കസേരയില്‍ തൊട്ടാവും ഇരിപ്പ് പോലും. ഓരോ കുഞ്ഞനക്കങ്ങളും അവളെ ഞെട്ടിക്കും. കണ്ണും കാതും മനസ്സും കുഞ്ഞിന്റെ ചുറ്റും വിട്ട് വെറുമൊരു ദേഹവുമായാണ് കുഞ്ഞുറങ്ങുന്ന മുറിയില്‍ നിന്നും ഓരോ അമ്മയും പുറത്തിറങ്ങാറ്. അങ്ങനെയൊരമ്മ രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ വീട്ടില്‍ അടച്ച് രാത്രി ഭക്ഷണത്തിന് പുറത്തു പോകുന്നുവെന്ന് കേള്‍ക്കുമ്പോള്‍, നാലു വയസ്സുകാരനെ ഒറ്റയ്ക്കു വീട്ടിലടച്ച് ആശുപത്രിയിലേക്ക് പോയെന്ന് കേള്‍ക്കുമ്പോള്‍ ഉള്ളിലൊരു വിറ പടരുന്നു.
കണ്ണ് നനയ്ക്കുന്ന വാര്‍ത്തകളില്‍ നിന്ന് എപ്പോഴും ഒഴിഞ്ഞു മാറാറാണ് പതിവ്. എന്തിന്! അത്തരം സിനിമകളില്‍ നിന്നു പോലും. പക്ഷേ തൊടുപുഴയില്‍ കൊല്ലപ്പെട്ട കുഞ്ഞ് എന്റെ ഉറക്കത്തിന് നിരന്തരം വിലപറയുന്നു. വെറുമൊരോര്‍മ്മയില്‍ പോലും കണ്ണുകള്‍ കവിഞ്ഞൊഴുകുന്നു. എന്തെന്നില്ലാത്ത ഒരു പകപ്പോടെ എന്റെ അഞ്ചു വയസ്സുകാരിയെ കൂടുതല്‍ ചേര്‍ത്ത് പിടിക്കുന്നു.
എന്റെ നാട്ടിലാണത് സംഭവിച്ചത്. എന്റെ വീട്ടില്‍ നിന്ന് ഏറിയാല്‍ പത്തു കിലോമീറ്റര്‍ അകലത്തില്‍. എന്നിട്ടും അവന്റെ അമ്മ, എന്റെ അമ്മയുടെ സുഹൃത്തിന്റെ മകള്‍ ആണ് എന്ന് ഇന്നലെ മാത്രമാണ് തിരിച്ചറിഞ്ഞത്…എന്തൊക്കെ ചെയ്തിട്ടും കണ്ണും കാതും കൊട്ടിയടച്ചിട്ടും വല്ലാത്തൊരു മരവിപ്പാണ്.
അവന്റെ അമ്മയെ പലരും ന്യായീകരിച്ചു കണ്ടു…മനഃശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ. വൈധവ്യം അംഗീകരിക്കാനുള്ള മനസ്സിന്റെ വിമുഖത കൊണ്ട് ഇറങ്ങി പോയതാവും എന്ന്… സ്വന്തം കുഞ്ഞിനെ ഒരുത്തന് കാലില്‍ തൂക്കി തറയിലടിക്കുമ്പോള്‍ പ്രതികരിക്കാനാവാത്ത വണ്ണം അവള് മരവിച്ചു പോയതാകാം എന്ന്… ഭര്‍ത്താവ് മരിച്ച് മൂന്നാം ദിവസം അരുണിനൊപ്പം പോകണമെന്ന് ബന്ധുക്കളോട് പറഞ്ഞതാണവള്‍. ഒന്നാലോചിച്ചാല്‍ ശരിയാണ്.
സ്വബോധമുള്ള ഒരു സ്ത്രീയും പറയാത്ത കാര്യമാണ്. കുഞ്ഞിനെ ഉപദ്രവിച്ചപ്പോള്‍ മരവിച്ചു പോയെങ്കിലും ആശുപത്രിയില്‍ എത്തിയപ്പോള്‍ അപകടമാണെന്ന് പറയാന്‍ കാണിച്ച ജാഗ്രതയോര്‍ക്കുമ്പോഴാണ് വീണ്ടും അതിശയം. ഇനി ജീവഭയം കൊണ്ട് അയാളെ അനുസരിച്ചതാണെന്ന് പറഞ്ഞാല്‍ പ്രസവിച്ച കുഞ്ഞിന്റെ ജീവനേക്കാള്‍ സ്വന്തം ജീവന് വില കൊടുക്കുന്ന ഏത് ജീവിയുണ്ടാകും ഈ ഭൂമിയില്‍…!
ഒരു വര്‍ഷം മുമ്പ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് തിരികെ വണ്ടിയില്‍ കയറുമ്പോള്‍ പത്മയുടെ വിരല്‍ കാറിന്റ ഡോറിനിടയില്‍ കുരുങ്ങി. അവളെയും കൊണ്ട് വണ്ടിയോടിച്ച് ഹോസ്പിറ്റല്‍ വരെ എത്തിയതെങ്ങനെയെന്ന് ഇന്നും എനിക്കറിയില്ല. കാര്യമായൊന്നും പറ്റിയിട്ടില്ലെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാകുമായിരുന്നെങ്കിലും കുഞ്ഞിനേക്കാള്‍ ഉച്ചത്തില്‍ കരഞ്ഞത് ഞാനാണെന്ന് പറഞ്ഞ് ഇന്നും വീട്ടുകാര്‍ കളിയാക്കാറുണ്ട്. പരിസരം മറന്ന് നിലവിളിച്ചതോര്‍ത്ത് എനിക്ക് തന്നെ പിന്നീട് നാണക്കേട് തോന്നിയിട്ടുമുണ്ട്. പക്ഷേ അതങ്ങനെയാണ്…
എനിക്ക് നൊന്താല്‍ അച്ഛനും നോവും എന്ന് പണ്ട് അച്ഛന് പറഞ്ഞ് പഠിപ്പിച്ചത് അക്ഷരാത്ഥത്തില്‍ അങ്ങനെയാണെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. അത് തന്നെ എന്റെ മകളോടും ഞാന്‍ പറയാറുണ്ട്. കാല് വേദന വന്നാലോ തല എവിടെയെങ്കിലും മുട്ടി വേദനിച്ചാലോ അവള് ഓടി വന്നു ചോദിക്കും അമ്മയ്ക്കും ഇപ്പോള്‍ അവിടെ വേദനിക്കുന്നില്ലേ എന്ന്… അവള്‍ക്ക് നൊന്താല്‍ അമ്മയ്ക്ക് നോവും എന്ന് അവള് അതിശക്തമായി വിശ്വസിക്കുന്നുണ്ട്…ആ വിശ്വാസമല്ലാതെ മറ്റെന്താണ് നമ്മള് കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുക ??
ആരെയും കുറ്റപ്പെടുത്തുന്നില്ല. പക്ഷേ ഒരു കുഞ്ഞിനെ പ്രസവിക്കാനും വളര്‍ത്താനും ശാരീരിക ക്ഷമത മാത്രമാണല്ലോ ഈ ലോകത്തിന്റെ മാനദണ്ഡം…മാനസികമായൊരു പരുവപ്പെടല്‍ ഏറ്റവും ആവശ്യമായ ഉത്തരവാദിത്വമാണ് അമ്മയും അച്ഛനുമാകല്‍ എന്നിരിക്കെ അതില്ലാവരുടെ ലോകത്തേക്ക് ക്ഷണിക്കപ്പെടാത്ത അതിഥികളായി കുഞ്ഞു ജീവനുകള്‍ ഇനിയും എത്തുകയും ഇതുപോലെ നരകയാതനകള്‍ അനുഭവിക്കുകയും ചെയ്യും അമ്മയോ അച്ഛനോ ആയതുകൊണ്ട് മാത്രം അവര്‍ കുഞ്ഞിന്റെ പരമാധികാരികളെന്ന ചിന്ത നമുക്കും മാറേണ്ടിയിരിക്കുന്നു.
ഓരോ കുഞ്ഞും അച്ഛനമ്മമാരുടെ മാത്രമല്ല, സമൂഹത്തിന്റെ കൂടി ഉത്തരവാദിത്വമാണ്. ഏതെങ്കിലും തരത്തില്‍ വികലമായ മനസ്സുള്ളവരാണ് മാതാ പിതാക്കളെന്നു അയല്‍ക്കാര്‍ക്കോ, ബന്ധുക്കള്‍ക്കോ ഡോക്ടര്‍മാര്‍ക്കോ അദ്ധ്യാപകര്‍ക്കോ തോന്നിയാല്‍ കുഞ്ഞുങ്ങളെ വിധിയ്ക്ക് വിട്ട് കൊടുക്കാതെ ദയവായി അധികൃതരെ വിവരമറിയിക്കുക. മാനസിക വൈകല്യങ്ങളുടെ ഇരയായി പിന്നീടതിന്റെ പിന് തുടര്‍ച്ചക്കാരാവേണ്ടവരല്ല നമ്മുടെ കുഞ്ഞുങ്ങള്‍. വേണ്ടതിനും വേണ്ടാത്തതിനും സദാചാര പോലീസാവുന്ന നമ്മള് അയല്‍ വീടുകളില്‍ കേള്‍ക്കുന്ന കുഞ്ഞു നിലവിളികള്‍ക്ക് കൂടി കാതു കൊടുത്തിരുന്നെങ്കില്‍ ചില ദുരന്തങ്ങളെങ്കിലും ഒഴിവാക്കാമായിരുന്നു…
കുഞ്ഞേ…മാപ്പ് ????