അധ്യാപകനോട് ഭീഷണി മുഴക്കുന്ന കുട്ടിയെക്കുറിച്ചുള്ള വാർത്തയുടെ താഴെ അടികൊണ്ട് വളരാത്തതിന്റെ ദോഷമാണെന്ന് കമന്റുകൾ കണ്ടു. കൊന്ന് കളയാനുള്ള ആഹ്വാനങ്ങളും കണ്ടു. അടികൊള്ളാത്തത് കൊണ്ട് മാത്രമാണ് കുട്ടികൾ വഴി തെറ്റുന്നതെന്ന്, സ്വഭാവ ദൂഷ്യം ഉണ്ടാവുന്നതെന്ന്, അനുസരണ ഇല്ലാത്തതെന്ന് ഉറപ്പിച്ച് പറയുന്ന എത്ര പേരുണ്ടാവും. അടികിട്ടിയ നമ്മളൊക്കെ എത്ര നല്ലതാണല്ലേ എന്ന് അശ്വത് ശ്രീകാന്ത്.
കുറ്റവാളികളൊക്കെ ശാസനകൾ കിട്ടാതെ ലാളിച്ച് വഷളാക്കപ്പെട്ടവരാണെന്ന് നിങ്ങൾ ശരിക്കും വിശ്വസിക്കുന്നുണ്ടോ? അവരിൽ പലരും ഏറ്റവും മോശമായ ബാല്യത്തിലൂടെ കടന്നുപോയവരാണ്. അർഹിക്കുന്ന ശ്രദ്ധ, സ്നേഹം, വൈകാരിക സുരക്ഷിതത്വമുള്ള ചുറ്റുപാടുകൾ, സമയോചിതമായ ചില തിരുത്തലുകൾ, പ്രായോചിതമായ ഗൈഡൻസ് ഇതൊക്കെ കിട്ടാതെ വളരുന്ന കുട്ടികളാണ് മിക്കപ്പോഴും സമൂഹത്തിലും കുടുംബത്തിലും പ്രശ്നക്കാരാവുന്നത്.
ദേഷ്യത്തോടെ പെരുമാറുന്ന കുട്ടികളെ നോക്കിയാൽ മിക്കവാറും അതിലേറെ ദേഷ്യമുള്ള പേരന്റ്സ് ഉണ്ടാവും അവർക്ക്. അല്ലെങ്കിൽ ആ ഇമോഷനെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് പറഞ്ഞ് കൊടുക്കാൻ കഴിയാത്ത പേരന്റ്സ്. അടി പലപ്പോഴും രോഗം അറിയാതെ ലക്ഷണത്തിന് മരുന്ന് കൊടുക്കും പോലെയാണ്.
എല്ലാ ക്ലാസിലും അടി വാങ്ങിക്കൂട്ടിയ എത്രയോ കൂട്ടുകാരുണ്ട് ഓർമയിൽ. പഠന വൈകല്യമാണോ വീട്ടിലെ സാഹചര്യമാണോ മറ്റെന്തെങ്കിലുമാണോ അവരെ പ്രശ്നക്കാരാക്കിയത് എന്നറിയാൻ ശ്രമിച്ച അധ്യാപകർ ചുരുക്കമാണ്. കാരണം ഭയമുണ്ടാക്കലാണ് മനുഷ്യനെ നിയന്ത്രിക്കാനുള്ള ഏറ്റവും എളുപ്പ വഴി. അടിയും പരിഹാസവും കൊണ്ടല്ലാതെ കൈകാര്യം ചെയ്തിരുന്നെങ്കിൽ അവരിൽ പലരുടെയും ജീവിതം എത്രയോ മാറിയേനെയെന്ന് ഇപ്പോൾ ചിന്തിക്കാറുണ്ട്. മാറ്റങ്ങൾ വീട്ടിൽനിന്ന് തന്നെയാണ് തുടങ്ങേണ്ടത് എന്ന് അശ്വതി ശ്രീകാന്ത്.