വിവാഹ വാർഷിക ദിനത്തിൽ വിവാഹദിനത്തിലെ ഓർമകൾ പങ്കുവച്ച് നടി അശ്വതി ശ്രീകാന്ത്.
ഒന്പത് വർഷം മുന്പ് ഈ സമയത്ത് തങ്ങൾ ഇരുവരും എന്തു ചെയ്യുകയായിരുന്നെന്നും ഇപ്പോൾ എന്തു ചെയ്യുകയാണെന്നുമാണ് രസകരമായ കുറിപ്പിലൂടെ അശ്വതി പറയുന്നത്.
പോസ്റ്റിന്റെ പൂർണ രൂപം
ഒൻപത് വർഷം മുൻപ് ഈ നേരത്ത് ഞങ്ങൾ, വിയർത്ത് കുളിച്ചിട്ടും എക്സ്പ്രഷൻ വാരി വിതറി കല്യാണ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയോ സ്വന്തം കല്യാണത്തിന്റെ സദ്യയുണ്ണുകയോ ആയിരുന്നിരിക്കണം.
സ്റ്റേജ് ഡെക്കറേറ്റ് ചെയ്ത് കുളമാക്കിയവനെ കൈയ്യിൽ കിട്ടിയാൽ ശരിയാക്കുമെന്ന് ശ്രീ പലവട്ടം എന്റെ ചെവിയിൽ പറഞ്ഞത് കണ്ട വീഡിയോ ഗ്രാഫർ ഈ രംഗത്ത് “ഇത്തിരി നാണം പെണ്ണിൻ കവിളിന്’ എന്ന പാട്ടു ചേരുമെന്ന് ഉറപ്പിച്ചു കഴിഞ്ഞിരിക്കും.
കാറിൽ കയറിയാലുടനെ നേരത്തെ വാങ്ങിവച്ച മൈഗ്രേയ്നിന്റെ ഗുളിക കഴിക്കണം എന്ന് ഞാൻ ഓർക്കുകയായിരുന്നിരിക്കണം.
ഒൻപത് വർഷത്തിനിപ്പുറം ഇപ്പോൾ കെട്ടിയോൻ ഉച്ചയ്ക്ക് വറുക്കാനുള്ള മത്തിക്ക് മുളക് പുരട്ടുന്നു.
ഉപ്പ് നീയിട്ടാലേ ശരിയാകുവെന്ന് പറഞ്ഞ് ഗർഭം മുതലെടുത്ത് മൊബൈലിൽ കുത്തിക്കൊണ്ട് സെറ്റിയിൽ ഇരിക്കുന്ന എന്നെ നീട്ടി വിളിക്കുന്നു…
ഈ പോസ്റ്റ് ഇട്ടിട്ട് വേണം പോയി ഉപ്പിടാൻ… ജീവിതമല്ലേ…പാകം തെറ്റാതെ നോക്കേണ്ടത് രണ്ടുപേരുടെയും കൂട്ട് ഉത്തരവാദിത്വം ആണല്ലോ.