പറവൂർ: അച്ഛൻ ഹെൽമറ്റ് വയ്ക്കുന്നത് കണ്ട് അനുകരിച്ചാണ് രണ്ടു വയസുകാരൻ അശ്വിൻ അലുമിനിയകലം എടുത്ത് തലയിൽ വച്ചത്. പിന്നീട് രണ്ടുവയസുകാരൻ അടുക്കളയിൽ ബൈക്കോടിച്ച് കളി ആരംഭിച്ചു.
ഓട്ടം മതിയാക്കി “ഹെൽമറ്റ്’ എടുത്തു മാറ്റാൻ ശ്രമിച്ചപ്പോഴാണ് കളി കാര്യമായത്. ചേന്ദമംഗലം ആറംകാവ് കോളംവീട്ടിൽ അനീഷിന്റെ മകൻ അശ്വിന്റെ തലയിലാണ് ചൊവ്വാഴ്ച വൈകീട്ട് അലുമിനിയത്തിന്റെ കലം കുടുങ്ങിയത്.
ഈ സമയം വീട്ടിലുണ്ടായിരുന്ന അനീഷിന്റെ മാതാപിതാക്കൾ ഏറെ ശ്രമിച്ചിട്ടും കലം നീക്കം ചെയ്യാൻ കഴിഞ്ഞില്ല. തുടർന്നാണ് നഗരസഭയിലെ ജീവനക്കാരിയായ കുട്ടിയുടെ മാതാവ് മഞ്ജുവിനെ വിവരം അറിച്ചത്.
ഇതോടെ നഗരസഭ ചെയർമാൻ പ്രദീപ് തോപ്പിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ കൂട്ടി സ്ഥലത്തെത്തി. ഒടുവിൽ ഫയർ ഓഫീസർ റോയിയുടെ നേതൃത്വത്തിൽ കലം കത്രിക ഉപയോഗിച്ച് മുറിച്ചുനീക്കുകയായിരുന്നു. കുഞ്ഞിന് പരിക്കുകളില്ല.