നാഗ്പൂർ: ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 300 വിക്കറ്റ് നേട്ടം എന്ന റിക്കാർഡ് ഇനി ഇന്ത്യയുടെ ആർ.അശ്വിന് സ്വന്തം. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ അവസാന വിക്കറ്റും നേടിയതോടെയാണ് അശ്വിൻ 300 വിക്കറ്റിൽ വേഗക്കാരിൽ ഒന്നാമനായത്. ലങ്കയുടെ ലഹിരു ഗാമേജാണ് അശ്വിന്‍റെ മൂന്നൂറാമത് ഇര.
കരിയറിലെ 54-ാം മത്സരത്തിലാണ് അശ്വിൻ 300 വിക്കറ്റ് തികച്ചത്. 56 മത്സരങ്ങളിൽ 300 വിക്കറ്റ് നേടിയിരുന്ന ഓസ്ട്രേലിയൻ പേസ് ഇതിഹാസം ഡെന്നിസ് ലില്ലിയെയാണ് അശ്വിൻ രണ്ടാമനാക്കിയത്. 58 മത്സരങ്ങളിൽ 300 വിക്കറ്റ് നേടിയ ലങ്കൻ സ്പിന്നർ മുത്തയ്യ മുരളീധരനാണ് വേഗക്കാരിൽ മൂന്നാമൻ. 61 മത്സരങ്ങളിൽ 300 വിക്കറ്റ് കൊയ്ത മൂന്ന് പേസർമാരാണ് പിന്നീട് പട്ടിയിൽ വരുന്നത്. റിച്ചാർഡ് ഹാഡ്‌ലി (ന്യൂസിലൻഡ്), മാൽക്കം മാർഷൽ (വെസ്റ്റ് ഇൻഡീസ്), ഡെയിൽ സ്റ്റെയിൻ (ദക്ഷിണാഫ്രിക്ക).