ആനക്കര: തിരുമിറ്റക്കോട് പെരിങ്ങന്നൂർ മേനകത്ത് വീട്ടിൽ പരേതരായ ഗിരീഷിന്റെയും ജിഷയുടെയും മക്കളാണിവർ. ഇവർക്കാണ് സർക്കാർ തുണയായത്. ഇരുവരുടെയും വിദ്യാഭ്യാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നു മൂന്നുലക്ഷം രൂപ അനുവദിച്ചു ഉത്തരവിറങ്ങി.
കഴിഞ്ഞവർഷം വാക്കുതർക്കത്തിനിടെ വടികൊണ്ട് തലയ്ക്കടിയേറ്റ് ഗിരീഷ് മരണമടഞ്ഞിരുന്നു. ഭർത്താവ് മരിച്ചതിന്റെ വിഷമത്തിൽ അടുത്ത ദിവസം ജിഷ കിണറ്റിൽചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
ഇരുവരുടെയും മരണത്തോടെ അനാഥരായ കുട്ടികൾ ഗിരീഷിന്റെ സഹോദരൻ സന്തോഷിന്റെ സംരക്ഷണയിലാണ് കഴിയുന്നത്. ഈ സാഹചര്യത്തിലാണ് കുരുന്നുകൾക്ക് സർക്കാർ താങ്ങായെത്തുന്നത്.
മരിക്കുന്നതിനുമുന്പ് ഗീരിഷ് ആധാരം പണയംവച്ച് തിരുമിറ്റക്കോട് സർവീസ് സഹകരണ ബാങ്കിൽനിന്നും രണ്ടുലക്ഷം രൂപ വായ്പ എടുത്തിരുന്നു. വായ്പ തിരിച്ചടക്കാനുള്ള കാലാവധി അവസാനിക്കാറായിരുന്നു.
ഈ സാഹചര്യത്തിൽ വായ്പ കുടിശിക തീർപ്പാക്കി വീടു കുട്ടികൾക്ക് ലഭ്യമാക്കുന്നതിന് വായ്പയുടെ മുതൽ സർക്കാർ അടക്കുന്നതിനും തീരുമാനിച്ചു. പിഴയും പലിശയും ഒഴിവാക്കാൻ സഹകരണബാങ്കിന് സഹകരണ വകുപ്പ് മുഖേന നിർദേശം നല്കുകയും ചെയ്യും.
ചാഴിയാട്ടിരി യുപി സ്കൂളിലെ വിദ്യാർഥികളായ അശ്വിൻ അഞ്ചാം ക്ലാസിലും അഞ്ജന നാലാം ക്ലാസിലുമാണ്. തൃശൂർ ജില്ലിയിലെ ആന്തൂരിലെ പ്ലാസ്റ്റിക്ക് കന്പനിയിൽ ജോലി ചെയ്യുകയാണ് സന്തോഷ്. ഇവർക്കൊപ്പമാണ് കുട്ടികളുടെ താമസം. സന്തോഷിന്റെ ഭാര്യ ജീനയും ചേർന്നാണ് തങ്ങളുടെ രണ്ടുമക്കൾക്കൊപ്പം ഇവരെയും വളർത്തുന്നത്.
സന്തോഷ്- ജീന ദന്പതികൾക്ക് സാന്ത്വന, സാംവേദ് എന്നിങ്ങനെ രണ്ടുമക്കളുണ്ട്. സാന്ത്വന ചാഴിയാട്ടിരി സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയും സാംവേദ് ആംഗൻവാടി വിദ്യാർത്ഥിയുമാണ്. സന്തോഷും മരിച്ച ഗിരീഷും അഞ്ചരസെന്റ് വീതം സ്ഥലത്ത് വീടുവച്ചാണ് താമസിച്ചിരുന്നത്. ഗിരീഷിന്റെ മരണത്തോടെ ഈ വീട് അടച്ചിട്ടിരിക്കുകയാണ്.
ഗിരീഷിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ജാമ്യത്തിലിറങ്ങി യാതൊരു മനസാക്ഷിയുമില്ലാതെ നാട്ടിൽ വിലസുന്നത് കാണുന്പോൾ ഏറെ ദു:ഖമുണ്ടെന്ന് ഈ കുടുംബം പറഞ്ഞു.കടംവാങ്ങിയ പണം തിരിച്ചുചോദിച്ചതിന്റെ പേരിലാണ് വാക്കേറ്റമുണ്ടായത്. എന്നാൽ തർക്കം ഒരു കുടുംബത്തെയാണ് അനാഥമാക്കിയത്.