ഇരിട്ടി: പ്ലസ്ടു പരീക്ഷാഫലം അറിഞ്ഞപ്പോൾ കോളിക്കടവ് പട്ടാരത്തിലെ മാമൂട്ടിൽ ഷാജിയും ഭാര്യ ഷീജയും മകന്റെ ഓർമയിൽ പൊട്ടിക്കരയുകയാണ്. കഴിഞ്ഞ എപ്രിൽ 28നാണ് കിളിയന്തറ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിയായിരുന്ന മൂത്ത മകൻ അശ്വിൻ (17) വിടിനടുത്തെ പട്ടാരംപുഴയിൽ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ മുങ്ങി മരിച്ചത്.
കരൾപിളർക്കുന്ന വേദനയിൽ കഴിയുന്പോഴാണ് അശ്വിന്റെ പ്ലസ്ടു പരീക്ഷയുടെ റിസൾട്ട് ഇന്നലെയെത്തിയത്. സയൻസ് ഗ്രൂപ്പിൽ നാല് എ പ്ലസും രണ്ടു എയുമാണ് അശ്വിൻ നേടിയത്. മകന്റെ മികച്ച വിജയമറിഞ്ഞ് പൊട്ടിക്കരയുന്ന മാതാപിതാക്കളെയും സഹോദരങ്ങളെയും ആശ്വസിപ്പിക്കാൻ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും നാട്ടുകാർക്കും വാക്കുകളില്ല.
തങ്ങളുടെ വിജയത്തിൽ ആഹ്ളാദിക്കാനാവാതെ നൊന്പരപ്പെടുകയാണ് പ്രിയ കൂട്ടുകാരന്റെ ദുരന്തത്തിൽ വിറങ്ങലിച്ചുപോയ സഹപാഠികൾ. പഠനത്തിൽ മാത്രമല്ല ശാസ്ത്രാഭിരുചിയിലും മികവു തെളിയിച്ച വിദ്യാർഥിയായിരുന്നു അശ്വിൻ. ശാസ്ത്രമേളകളിൽ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയിരുന്നു.