മാള: വയസ് ആറ് ആയതേയുള്ളൂ… നൂറ് ആനകളുടെ പേരുകൾ ഇവൻ തെറ്റാതെ പറയും. ആഗ്രഹമോ ആന മുതലാളി ആകണം എന്നതും.
മാള കാവനാട് ആരണ്ടത്തു സുജിത്കുമാർ – സുമിഷ ദന്പതികളുടെ മകനായ ആര്യനാണു നൂറിലേറെ ആനകളുടെ പേരുകൾ മനപ്പാഠമാക്കി തെറ്റാതെ പറയുന്നത്. ആര്യന്റെ ആനകളോടുള്ള സ്നേഹം ഏവരേയും വിസ്മയിപ്പിക്കുന്നതാണ്.
ആനകളിൽ ആര്യനു കൂടുതൽ ഇഷ്ടം ഊട്ടോളി രാമനേയാണ്. കാരണമായി ഈ ആറുവയസുകാരൻ പറയുന്നതു കറുകറുത്ത നിറം, വെളുത്ത നഖങ്ങൾ തുടങ്ങിയ വർണനകളാണ്.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, തെച്ചിക്കോട്ടുകാവ് ദേവിദാസൻ, പാന്പാടി രാജൻ, ഊട്ടോളി മഹാദേവൻ, ചിറക്കൽ കാളിദാസൻ, ഗുരുവായൂർ വലിയകേശവൻ എന്നുതുടങ്ങി ആര്യനെന്ന ആറുവയസുകാരന്റെ നാവിൽ നിന്ന് ആനപ്പേരുകൾ തെറ്റാതെ ഒഴുകിവരുന്നുണ്ട്.
മൂന്നു വയസുമുതൽ ആനകളോടുള്ള കന്പം പ്രകടമായതായി മാതാപിതാക്കൾ പറഞ്ഞു. കളിപ്പാട്ടങ്ങളായി ആവശ്യമുള്ളതും ആനകളെതന്നെ.
ആദ്യം മൊബൈലിൽ യുട്യൂബ് വഴിയാണ് ആനകളെ കാണുന്നതും പരിചയപ്പെടുന്നതും. പിന്നെയതു ശീലമായി. ബന്ധുക്കൾ വീട്ടിൽ വന്നാൽ മൊബൈൽ വേണം, കൂടെ ആനകളെ കാണിക്കുകയും വേണമെന്നതാണു കെച്ചു ആര്യന്റെ ആവശ്യം.
ഇഷ്ടമുള്ള ചില ആനകളെ അച്ഛൻ നേരിൽ കൊണ്ടുപോയി കാണിച്ചിട്ടുണ്ട്. ബാക്കിയൊക്കെ മൊബൈലിൽ കണ്ടതാണ്. സുജിത്തിന്റെ സഹായത്തോടെയാണ് ആര്യൻ മൊബൈലിൽ ആനകളെ തിരയുന്നത്. ആനകളിൽ പലതിന്റേയും സ്വഭാവവും പ്രത്യേകതകളും ആര്യനറിയാം.
അടുത്തകാലത്തായി ചരിഞ്ഞ ആനകളും ഏതെന്ന് ഈ യുകെജിക്കാരനു നിശ്ചയമുണ്ട്. എല്ലാ ആനകളേയും നേരിൽ കാണണമെന്ന ആഗ്രഹം ഈ കൊച്ചുമിടുക്കനുണ്ട്.
ഭാവിയിൽ വലുതാകുന്പോൾ ആരായിത്തീരണം എന്ന ചോദ്യത്തിന് അർഥശങ്കയില്ലാതെ ഉടനെ വന്നു മറുപടി… “ആന മുതലാളി’. മാളയിൽ ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂളിലെ യുകെജി വിദ്യാർഥിയാണ് ആര്യൻ.