കൂത്തുപറമ്പ്: ഹിമാലയത്തിലേക്കുള്ള യാത്ര പൂർത്തീകരിച്ചതിന്റെ സന്തോഷത്തിലാണ് മാനന്തേരിയിലെ അശ്വിൻ. നാലു വർഷമായി ഈ ഇരുപതുകാരൻ മനസിൽ കൊണ്ടു നടന്ന ആഗ്രഹമായിരുന്നു ബൈക്കിൽ ഹിമാലയത്തിലേക്കൊരു യാത്ര. യാത്ര കഴിഞ്ഞെത്തിയ സന്തോഷത്തിലാണ് ഇപ്പോൾ അശ്വിൻ.
യാത്രകളോടുള്ള അതിയായ ആഗ്രഹമാണ് അശ്വിനിനെ ഏറ്റവും ഉയരം കൂടിയ ഹിമാലയൻ പർവതനിരകളിലേക്കുള്ള യാത്രയിലേക്ക് നയിച്ചത്. ഇതിനായി അശ്വിൻ ഒരു വർഷം മുന്പേ തയാറെടുത്തു. ഇതിനായി 350 സിസി. കപ്പാസിറ്റിയുള്ള റോയൽ എൻഫീൽഡ് ബുള്ളറ്റും വാങ്ങി. ഈ മാസം നാലിനാണ് അശ്വിൻ യാത്ര പുറപ്പെട്ടത്. 19 ന് തിരിച്ചെത്തി. ആകെ ആറായിരം കിലോമീറ്ററാണ് യാത്ര ചെയ്തത്.
കാർ തൂംഗ് ലാപാസ് വരെ പോകാനാണ് അനുമതി ലഭിച്ചിരുന്നതെങ്കിലും പ്രതികൂല കാലാവസ്ഥയായതിനാൽ യാത്ര ലഡാക്കിൽ അവസാനിപ്പിക്കുകയായിരുന്നുവെന്ന് അശ്വിൻ പറഞ്ഞു. ബുള്ളറ്റിൽ മ്യാൻമാർ ബോർഡറിലേക്കുള്ള അടുത്ത യാത്രയ്ക്കുള്ള തയാറെടുപ്പിലാണ് അശ്വിൻ. മാനന്തേരി അരീക്കരയിലെ ദാസ് വില്ലയിൽ പരേതനായ ദാസൻ – ചിത്രാവതി ദമ്പതികളുടെ മകനാണ് ഫർണിച്ചർ ജോലിക്കാരനായ അശ്വിൻ.