കൊല്ലം: ഹൃദയം കൊണ്ടാണ് ആ കുട്ടികൾ ആരോഗ്യമന്ത്രിക്ക് കത്തെഴുതിയത്. തങ്ങളുടെ പ്രിയപ്പെട്ട സഹപാഠിയുടെ അവസ്ഥ അവർ കത്തിൽ വിവരിച്ചു. കാര്യങ്ങൾ മനസിലാക്കിയ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഉടൻ തന്നെ വേണ്ട നടപടികൾ സ്വീകരിച്ചു. പടിഞ്ഞാറെനട കല്ലട എൽപി സ്കൂളിലെ കുട്ടികളാണ് തങ്ങളുടെ സഹപാഠി അശ്വിനു വേണ്ടി ഇത്തരമൊരു മഹത്പ്രവർത്തി ചെയ്തത്.
രണ്ട് വയസ് മുതലാണ് അശ്വിന് രോഗങ്ങൾ തുടങ്ങിയത്. സെറിബ്രൽ പാൾസിയുടെ തുടക്കമായിരുന്നു. പിന്നീടങ്ങോട്ട് രോഗാവസ്ഥ കൂടി വന്നെങ്കിലും വിദ്യാഭ്യാസവും അതിനൊപ്പം തുടർന്നു.
പെയിന്റിംഗ് തൊഴിലാളിയായ അച്ഛൻ മധു മകന് കഴിയാവുന്നത്ര ചികിൽസകൾ നൽകി. എന്നാൽ വളർച്ച മുരടിച്ച് സംസാരിക്കാനോ എഴുന്നേറ്റ് ഇരിക്കാനോ കഴിയാത്ത അവസ്ഥയിലായി അശ്വിൻ.
കൂടുതൽ വിദഗ്ധ ചികിത്സയ്ക്ക് ആവശ്യമായ പണം കണ്ടെത്താൻ അങ്ങനെ സഹപാഠികൾ കണ്ടെത്തിയ മാർഗമായിരുന്നു മന്ത്രിക്ക് കത്തെഴുതൽ. അധ്യാപകരും അതിന് അവരെ സഹായിച്ചു.
മന്ത്രിക്ക് കത്തയച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ മറുപടി ലഭിച്ചു. സാമൂഹ്യസുരക്ഷ മിഷൻ കുട്ടിയുടെ ചികിൽസ ഏറ്റെടുക്കാൻ തീരുമാനിച്ചുവെന്നായിരുന്നു മറുപടി. വീ കെയർ പദ്ധതി പ്രകാരം ചികിത്സ നൽകാനാണ് സർക്കാരിന്റെ തീരുമാനം. തങ്ങളുടെ കത്തിന് വേണ്ട പരിഗണന തന്ന് നടപടികൾ സ്വീകരിച്ച ആരോഗ്യമന്ത്രിയെ നേരിട്ട് കണ്ട് നന്ദി പറയാൻ ഒരുങ്ങുകയാണ് അശ്വിന്റെ കൂട്ടുകാർ.