നടനും തിരക്കഥാകൃത്തുമായ അശ്വിന് ജോസിന്റെ സ്ക്രീന്ജീവിതത്തിനു ക്വീനില്‍ തുടക്കം. അതിലെ “നെഞ്ചിനകത്ത് ലാലേട്ടന്…’ പാട്ടിനൊപ്പം ഹിറ്റായ അശ്വിന്, അക്കാലത്ത് എഴുതിയ “അനുരാഗ’ത്തിലൂടെ തിരക്കഥാകൃത്തായി, ഒപ്പം ചിത്രത്തിലെ നായകനും. ക്വീനിനുശേഷം അശ്വിന്റെ എനര്‍ജറ്റിക് പെര്‍ഫോമന്‍സിന് കളമൊരുക്കി മമിതയ്ക്കൊപ്പം നഹാസ് ഹിദായത്ത് ഷോര്‍ട്ട്ഫിലിം “കളര്‍പടം’. അനുരാഗത്തിനുശേഷം അശ്വിന് നായകനായ വി.കെ. പ്രകാശ് എന്റര്ടെയ്നര് “പാലും പഴവും’ തിയറ്ററുകളില്‍. മീരാ ജാസ്മിനാണു നായിക. അശ്വിൻ രാഷ്്ട്രദീപികയോടു സംസാരിക്കുന്നു…
“പാലും പഴവും’ പറയുന്നത്..?
കല്യാണശേഷം വധൂവരന്മാര്ക്കു പാലും പഴവും നല്കുന്ന ഒരു ചടങ്ങുണ്ടല്ലോ. അതുമായി ബന്ധപ്പെടുത്തി മധുരമുള്ള ഒരു സിനിമ എന്നു പറയാം. പ്രായവ്യത്യാസമുള്ള രണ്ടുപേര്‍ ഒന്നിച്ചാല്‍ അതു മധുരമാണോ ഇരട്ടിമധുരമാണോ അതോ കയ്പാണോ…അതാണു സിനിമയുടെ തീം. കോട്ടയത്തുള്ള സുനിയും കോലഞ്ചേരി പഴന്തോട്ടത്തുള്ള സുനിലും. പ്രായവ്യത്യാസമുള്ള ഇവര്‍ അടുപ്പത്തിലായി കല്യാണമാകുന്നതും തുടര്‍ന്നുള്ള സാഹചര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതുമാണ് സിനിമ.
വികെപി ടീമില്‍..?
അനുരാഗത്തിലെ ഒരു പാട്ടുസീന്‍ ഇതിന്റെ പ്രൊഡ്യൂസര്‍ വിനോദ് ഉണ്ണിത്താന് വികെപി സാറിന്റെ ശ്രദ്ധയില്‍പ്പെടുത്തി. വികെപിയുടെ മകളും അദ്ദേഹത്തിന്റെ ടീമും പടം കണ്ടിരുന്നു. തുടര്‍ന്ന് എനിക്കൊപ്പം ഒരു പടം ചെയ്യാന്‍ താത്പര്യമുണ്ടെന്നും മീരാ ജാസ്മിനാണ് നായികയെന്നും വികെപി സാറിന്റെ കോള്‍. അദ്ദേഹത്തിന്റെ ചീഫ് അസോസിയേറ്റായ ആശിഷ് രജനി ഉണ്ണികൃഷ്ണനാണ് സ്ക്രിപ്റ്റൊരുക്കിയത്. സ്ക്രീന്‍പ്ലേ വായിച്ചപ്പോഴേക്കും ഞാന്‍ ഏറെ ഹാപ്പിയായി. കാരണം, ഇതു വേറിട്ട ഒരു ടീം. എന്റര്ടെയ്നിംഗായ, നര്‍മത്തില്‍ കഥ പറയുന്ന സ്ക്രിപ്റ്റ്. എനിക്കു വളരെ നല്ല കഥാപാത്രവും.
കഥാപാത്രം…
ഇരുപത്തിമൂന്നു വയസുളള സുനില്‍. എന്‍ജി. കോളജ് ഡ്രോപ് ഔട്ട്. സുനിലിനു പെട്ടെന്നു രക്ഷപ്പെടണം. അതിനുവേണ്ടി പണിയെടുക്കാതെ കുറുക്കുവഴി ചിന്തിക്കുന്നു. വീട്ടില്‍നിന്നു ശ്രദ്ധ കിട്ടുന്നില്ല. നാട്ടുകാർ വിലകൊടുക്കുന്നില്ല. അതിനാല്‍ വീട്ടുകാരുടെ ശ്രദ്ധ കിട്ടാനും നാട്ടുകാരുടെ മുന്നില്‍ വിലയുണ്ടാക്കാനും അവന് ചെയ്യുന്ന കുറച്ചു കാര്യങ്ങളുണ്ട്. അതൊക്കെ അവനു പിന്നീടു പ്രശ്നമാകുന്നതും അതു തരണം ചെയ്യുന്നതുമൊക്കെയാണ് കഥവഴി. പല ലെയറുകളുള്ള കഥാപാത്രം.
മീരാ ജാസ്മിന്…
രസതന്ത്രം, അച്ചുവിന്റെ അമ്മ… കുറേ നാളുകള്‍ക്കുശേഷം മീരാ ജാസ്മിന്റെ ആ എനര്‍ജിയിലുള്ള ഒരു കഥാപാത്രമാണ് ഇതിലെ സുനി. കുറച്ചു വൈബ്രന്റായ, തമാശകള്‍ കലർന്ന കഥാപാത്രം. മുപ്പതു കഴിഞ്ഞാല്‍ കല്യാണം കഴിക്കാന്‍ പറ്റില്ലേ എന്ന തരത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളൊക്കെ ഇതില്‍ പറയുന്നുണ്ട്. ആദ്യദിവസംതന്നെ ഞങ്ങള്‍ക്കിടയില്‍ ഫ്രണ്ട്ഷിപ്പായി. സീനിയറാണെന്ന രീതിയിലായിരുന്നില്ല പെരുമാറ്റം. പേടിയില്ലാതെ അഭിനയിക്കാനായി. അത് അവര്‍ എനിക്കു തന്ന കംഫര്‍ട്ട് സോണാണ്.
സീനിനു വേണ്ടി നന്നായി വര്‍ക്കൗട്ട് ചെയ്യും. കൂടെയുള്ളവര്‍ നന്നായി പെര്‍ഫോം ചെയ്യുമ്പോഴൊക്കെ സപ്പോര്‍ട്ട് ചെയ്യുന്നയാളാണ്. ഞാൻ പെട്ടെന്ന് സന്തോഷിക്കും. ഡൗണായാല്‍ ഏറെ ഡൗണാവും. സിനിമയിലെ പെട്ടെന്നുള്ള വിജയ പരാജയങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മീരാ ജാസ്മിനൊപ്പമുള്ള അനുഭവങ്ങള്‍ പഠിപ്പിച്ചു.
വികെപി…
ഒരു നടന് ഇതിലും ബെസ്റ്റ് ഡയറക്ടറെ കിട്ടില്ല. നമ്മളിലെ അഭിനയത്തെ ഏറ്റവും നന്നായി പുറത്തെടുക്കാന്‍ അദ്ദേഹത്തിനറിയാം. അദ്ദേഹം അഭിനയിച്ചുകാണിക്കില്ല. പക്ഷേ, നമ്മുടെ ഉള്ളില്‍നിന്ന് അഭിനയം പുറത്തെടുക്കാന്‍ സഹായകമായ ചില വിവരങ്ങളും മികച്ച നടനിലേക്ക് എത്താനുള്ള വഴികളും പറഞ്ഞുതരാറുണ്ട്.
സീനിയേഴ്സിനൊപ്പം…
മണിയന്‍പിള്ള രാജു, അശോകന്…അവര്‍ അഭിനയത്തിനിടെ തമാശ പറയുമ്പോള്‍ ചിരിക്കാതിരിക്കാനാണ് നമുക്കു തയാറെടുപ്പുവേണ്ടത്. സീന്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അവര്‍ പൊടുന്നനെ കൈയില്‍നിന്നു ചിലത് ഇടും, അവരുടേതായ ചില ശരീരചേഷ്ടകളും മറ്റും. അപ്പോള്‍ നമ്മള് ചിരിക്കാതെ അവരുടെ പൊര്ഫോമന്സിനൊപ്പം കൂടണം. വളരെയധികം ആസ്വദിച്ചാണ് അവര്‍ക്കൊപ്പം അഭിനയിച്ചത്. കൂടെയുള്ള ഒരാളെന്ന രീതിയിലായിരുന്നു എന്നോടുള്ള പെരുമാറ്റം.
നെഞ്ചിനകത്ത് ലാലേട്ടന്…
ക്വീനില്‍ മുനീര്‍ എന്ന ലാലേട്ടന് ഫാനായി അഭിനയിക്കാനായതു വലിയ ഭാഗ്യം. എവിടെ പോകുമ്പൊഴും ഇപ്പോഴും എന്നെ തിരിച്ചറിയുന്നത് ആ ഐഡന്റിറ്റിയിലാണ്. അനുരാഗത്തിലും റഫറന്‍സായി ആ പാട്ടുണ്ട്. കൊടുങ്ങല്ലൂരിലെ ലാലേട്ടന് ഫാന്‍സ് അദ്ദേഹത്തിന്റെ സിനിമയുടെ റിലീസ് ദിവസം പാടുന്ന പാട്ടാണത്. അതു ക്വീനിലേക്ക് ചേരുംപടി ചേര്‍ത്തുവെന്നേയുള്ളൂ. ലാലേട്ടനൊപ്പം ഡിജോ ചേട്ടന്റെ ഒരു പരസ്യചിത്രത്തില്‍ അഭിനയിച്ചിരുന്നു. അന്ന് ആള്‍ക്കൂട്ടത്തില്‍നിന്ന് അദ്ദേഹം എന്നെ തിരിച്ചറിഞ്ഞു സംസാരിച്ചതുതന്നെ വലിയ കാര്യം.
അനുരാഗദിനങ്ങള്…
ഞാന്‍ എഴുതി ഷഹദ് സംവിധാനം ചെയ്ത അനുരാഗത്തിന് തിയറ്ററില്‍ പ്രതീക്ഷിച്ച മൈലേജ് കിട്ടിയില്ല. പക്ഷേ, ഓടിടിയില്‍ ഇപ്പോഴും അതിനു കാഴ്ചക്കാരുണ്ട്. ആ ചിത്രം ഞങ്ങള്‍ക്ക് അടുത്ത ഒരു ലൈഫ് തുടങ്ങാനുള്ള പ്രചോദനമാണെന്നു പലരും പറയാറുണ്ട്. പണിയെടുത്തതിന്റെ പ്രതിഫലം ഏതെങ്കിലുമൊരു സൈഡില്‍ കിട്ടുമെന്നാണ് എന്റെ വിശ്വാസം. അനുരാഗത്തില്‍ എന്റെ പേരു തന്നെയാണു കഥാപാത്രത്തിനും. ക്വീനില്‍ എനിക്കൊപ്പം വന്ന മൂസിയാണ് അനുരാഗത്തില്‍ സുഹൃത്തായി വേഷമിട്ടത്.
പുതിയ സിനിമകൾ
“ഒരു റൊണാള്‍ഡോ ചിത്രം’ റിലീസിനൊരുങ്ങുന്നു. ദിലീപിന്റെ 150-ാം സിനിമയില്‍ ചെറിയ വേഷം ചെയ്തു. വികെപിക്കൊപ്പം ഒരുപടം കൂടി ചെയ്യുന്നുണ്ട്. സ്ക്രിപ്റ്റ് എഴുത്തും തുടരുന്നു.
ടി.ജി. ബൈജുനാഥ്