കോഴിക്കോട്: കോവിഡ് രോഗിയായ 35 കാരിയെ ആശുപത്രിയില്‍ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ചേളന്നൂർ എടക്കര വെള്ളറന്പത്ത് അശ്വിൻ കൃഷ്ണ(34)യെയാണ് കോടതി റിമാന്‍ഡ് ചെയ്തത്.
അത്തോളി സിഐ സുനിൽകുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ടോടെ കണ്ണിപൊയിൽ ടൗണിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു.
കോഴിക്കോട് ഉള്ള്യേരി മലബാര്‍ മെഡിക്കല്‍കോളജില്‍ (എംഎംസി) ഞായറാഴ്ച രാത്രിയാണ് വടകര സ്വദേശിയായ മുപ്പത്തിഅഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
പിപിഇ കിറ്റ് ധരിച്ച ജീവനക്കാരന് ആളൊഴിഞ്ഞ നാലാം നിലയിലേക്ക് ഡോക്ടറെ കാണണമെന്ന് പറഞ്ഞ് ലിഫ്റ്റില്‍ കൊണ്ടുപോവുകയും അതിക്രമിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
അതേസമയം പരാതി പറഞ്ഞിട്ടും ജീവനക്കാരന് ആരാണെന്ന് കണ്ടെത്താനോ പോലീസില്‍ വിവരമറിയിക്കാനോ ആശുപത്രി അധികൃതര്‍ തയാറായിരുന്നില്ല.
ആശുപത്രിയില്‍ എത്തുന്നവരുടെ പേര് വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ജോലിയാണ് അശ്വിന്. അശ്വിനെ അന്വേഷണ വിധേയമായി സസ്പൻഡ് ചെയ്തിരുന്നു.