ജയ്പുർ: ഐപിഎലിലെ വിവാദ വിക്കറ്റിന്റെ പേരിൽ കിംഗ്സ് ഇലവൻ പഞ്ചാബ് നായകൻ ആർ. അശ്വിനെതിരേ രൂക്ഷ വിമർശനം. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ജോസ് ബട്ലറെ പുറത്താക്കാൻ അശ്വിൻ കുപ്രസിദ്ധമായ “മങ്കാദിംഗ്’ രീതി അവലംബിച്ചതാണ് വിമർശങ്ങൾക്കു കാരണം. അശ്വിൻ ക്രിക്കറ്റിന്റെ ശരിയായ സ്പിരിറ്റ് നഷ്ടപ്പെടുത്തിയെന്ന് മുൻ ക്രിക്കറ്റ് താരങ്ങൾ അടക്കമുള്ള വിമർശകർ പറയുന്നു.
പഞ്ചാബ് ഉയർത്തിയ 185 വിജയലക്ഷ്യത്തിലേക്കു റോയൽസ് ബാറ്റുചെയ്യവെ, ഇന്നിംഗ്സിന്റെ പന്ത്രണ്ടാം ഓവറിലെ അവസാന പന്തിലായിരുന്നു വിവാദ സംഭവം. അശ്വിൻ പന്ത് എറിയുന്നതിനു മുന്‍പു നോണ്‍ സ്ട്രൈക്കർ എൻഡിലായിരുന്ന ബട്ലർ ക്രീസ് വിട്ടു പുറത്തിറങ്ങി. ഇതുകണ്ട അശ്വിൻ ബട്ലറെ റണ്ണൗട്ടാക്കുകയായിരുന്നു.
43 പന്തിൽ 69 റണ്‍സെടുത്ത് മികച്ച രീതിയിൽ ബാറ്റു ചെയ്യവെയാണ് അശ്വിൻ ബട്ലറോട് ഈ ചതിപ്രയോഗം നടത്തിയത്. അശ്വിൻ അപ്പീൽ ചെയ്തതോടെ ഫീൽഡ് അന്പയർ തീരുമാനം മൂന്നാം അന്പയർക്കു വിട്ടു. റീപ്ലേകളിൽ ബട്ലർ ക്രീസിനു പുറത്തായിരുന്നെന്നു വ്യക്തമായി. മൂന്നാം അന്പയർ ഒൗട്ട് വിധിച്ചു. പുറത്താക്കിയ രീതിയിൽ അവിശ്വസനീയത പ്രകടിപ്പിച്ച ബട്ലർ അശ്വിനോടു തർക്കിച്ചെങ്കിലും ഫലമുണ്ടായില്ല. ബാറ്റു നിലത്തടിച്ചു നിരാശയോടെയാണു ബട്ലർ മടങ്ങിയത്.
ക്രിക്കറ്റ് നിയമപ്രകാരം ഇതു വിക്കറ്റാണെങ്കിലും, ഇത്തരം സാഹചര്യങ്ങളിൽ ബൗളർ നോണ്‍ സ്ട്രൈക്കർ എൻഡിലുള്ള ബാറ്റ്സ്മാനു മുന്നറിയിപ്പ് നൽകുകയാണു പതിവ്. എന്നാൽ ബട്ലർക്കെതിരേ അതിനൊന്നും തയാറാകാതെ അശ്വിൻ വിക്കറ്റിന് അപ്പീൽ ചെയ്യുകയായിരുന്നു.
അശ്വിന് ഇത് പുതുമയല്ല, ബട്ലർക്കും
ആദ്യമായിട്ടല്ല അശ്വിൻ നോണ്‍ സ്ട്രൈക്കർ എൻഡിലുള്ള ബാറ്റ്സ്മാനെ ഇത്തരത്തിൽ പുറത്താക്കുന്നത്. മുന്‍പ് ഇന്ത്യൻ ദേശീയ ടീമിനായി കളിക്കവെ ശ്രീലങ്കൻ താരം ലഹിരു തിരിമനെയേയും ഇത്തരത്തിൽ പുറത്താക്കാൻ അശ്വിൻ ശ്രമിച്ചിരുന്നു. എന്നാൽ അന്നു ടീമിനെ നയിച്ച വീരേന്ദർ സെവാഗ് അപ്പീൽ പിൻവലിക്കുകയായിരുന്നു.
ഇത് ആദ്യമായല്ല ബട്ലർ മങ്കാദിംഗിന് ഇരയാകുന്നത്. 2014-ൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ സചിത്ര സേനനായകെ ബട്ലറെ സമാനരീതിയിൽ പുറത്താക്കിയിരുന്നു.
മങ്കാദിംഗ്
ബൗളർ പന്തെറിയുന്നതിനു മുന്‍പ് നോണ്‍ സ്ട്രൈക്കർ എൻഡിലുള്ള ബാറ്റ്സ്മാൻ ക്രീസിനു പുറത്തുപോകുകയാണെങ്കിൽ ബൗളർക്ക് ബാറ്റ്സ്മാനെ പുറത്താക്കാം. 1947-ൽ ഇന്ത്യൻ നായകനായിരുന്ന വിനോദ് മങ്കാദാണ് ഇത്തരം പുറത്താക്കലുകൾക്ക് മങ്കാദിംഗ് എന്നു പേരു വീഴാൻ കാരണക്കാരനാകുന്നത്.
സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്ട്രേലിയയ്ക്കെതിരേ നടന്ന ടെസ്റ്റ് മത്സരത്തിൽ മങ്കാദ്, ഓസ്ട്രേലിയൻ താരത്തെ ഇത്തരത്തിൽ പുറത്താക്കിയിരുന്നു. ബിൽ ബ്രൗണായിരുന്നു അന്ന് ഇര. നിരവധി മുന്നറിയിപ്പുകൾക്കു ശേഷമാണ് അന്നു മങ്കാദ് ബ്രൗണിനെ പുറത്താക്കിയത്. ഇതിനു തൊട്ടുമുന്‍പ് വാംഅപ്പ് മാച്ചിലും മങ്കാദ് ബ്രൗണിനെ സമാന രീതിയിൽ പുറത്താക്കിയിരുന്നു.
ഓസ്ട്രേലിയൻ മാധ്യമങ്ങൾ അന്നു മങ്കാദിനെ രൂക്ഷമായി വിമർശിച്ചെങ്കിലും അന്നത്തെ ഓസ്ട്രേലിയൻ നായകൻ ഡോണ്‍ ബ്രാഡ്മാനും ബ്രൗണ്‍ തന്നെയും മങ്കാദിനെ പ്രതിരോധിച്ചു രംഗത്തെത്തി. ഇത് ക്രിക്കറ്റ് നിയമങ്ങളുടെ ഭാഗമാണെന്നും നിയമങ്ങൾ പാലിക്കാനുള്ളതാണെന്നുമായിരുന്നു അന്ന് അവരുടെ വിലയിരുത്തൽ.