കൊല്ലം: ലഹരിക്കും മയക്കുമരുന്നിനും എതിരേയുള്ള മജീഷ്യൻ അശ്വിൻ പരവൂരിന്റെ ബോധവത്ക്കരണ മാജിക് പ്രകടനമായ മിഴി നനയരുതേ എന്ന പരിപാടിയുടെ സീസൺ രണ്ടിന് കൊല്ലത്ത് തുടക്കമായി.ലഹരിക്ക് അടിമപ്പെട്ട വിദ്യാർഥിയുടെ ജീവിതകഥയാണ് മാജിക്കിലൂടെ അശ്വിൻ അവതരിപ്പിക്കുന്നത്. കൊല്ലം എസ്എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം വെള്ളരി പ്രാവിനെ പറത്തി ജില്ലാ കളക്ടർ ഡോ.ബി.അബ്ദുൾ നാസർ നിർവഹിച്ചു.
ലഹരിക്കെതിരായ സേഫ് കൊല്ലം പദ്ധതിയിൽ വിദ്യാർഥികൾക്ക് വഹിക്കാനുള്ളത് പ്രധാന പങ്കാണെന്ന് കളക്ടർ ചൂണ്ടിക്കാട്ടി. കുട്ടികളുടെ മനസിൽ വിഷവിത്തുകൾ വിതറാൻ ഏറെ സാധ്യതയും സാഹചര്യവുമുള്ള കാലഘട്ടമാണിത്. അറിവുകൾ പോലെ തന്നെ തിരിച്ചറിവുകളും വളരെ പ്രധാനമാണെന്ന് അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു. തുടർന്ന് അശ്വിൻ ലഹരിയുടെ ദൂഷ്യവശങ്ങൾ മാജിക്കിലൂടെ വിദ്യാർഥികൾക്ക് മുന്നിൽ അവതരിപ്പിച്ചു.
ചടങ്ങിൽ എസ്എൻ ട്രസ്റ്റ് ട്രഷറർ ഡോ.ജി.ജയദേവൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ എസ്.നിഷ. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ.എസ്.രഞ്ജിത്ത്, പ്രഫ.കെ.സാംബശിവൻ, ബിജു വിജയൻ, എൻ.എസ്.ദേവനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.
എക്സൈസ് വകുപ്പുമായി സഹകരിച്ച് സംസ്ഥാനത്തെ കോളജുകളിലും സ്കൂളുകളിലും പരിപാടി അവതരിപ്പിക്കാനാണ് തീരുമാനം. ഗിരീഷ് മാവിളയാണ് പ്രൊഡ്യൂസർ. ക്രിയേറ്റീവ് ഹെഡ് ആയി അനിൽ കാരേറ്റും പ്രവർത്തിക്കുന്നു. തിരുവനന്തപുരം കാര്യവട്ടം കാന്പസിന്റെ തൈക്കാട്ടെ ഡിപ്പാർട്ടുമെന്റ് ഒഫ് എഡ്യൂക്കേഷനിൽ എംഎഡിന് പഠിക്കുകയാണ് അശ്വിൻ.