തലശേരി: തലശേരിയിലെ കളിക്കളത്തിൽ മിന്നൽ പ്രകടനങ്ങൾ കാഴ്ച വച്ച അങ്കമാലി സ്വദേശിയായ യുവ ദേശീയ ബാറ്റ്മിന്റൻ താരത്തിന്റെ അകാല വേർപാടിൽ മനംനൊന്ത് തലശേരിയിലെ കായിക ലോകം. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടിന് നെടുമ്പാശേരിയിൽ ബൈക്ക് അപകടത്തിൽ മരിച്ച അങ്കമാലി ചെങ്ങമനാട് തേക്കാനത്ത് വീട്ടിൽ അശ്വിൻ പോളിനെ (25) യാണ് തലശേരിയിലെ ബാറ്റ്മിന്റൻ പ്രേമികൾ അനുസ്മരിച്ചത്.
എറണാകുളത്ത് നികുതി വകുപ്പ് ഉദ്യാഗസ്ഥനും മികച്ച ബൈക്ക് റൈഡററും ബോഡി ബിൽഡറും കൂടിയായ അശ്വിൻ പോൾ തലശേരി വീനസ് കോർണറിലെ ഇൻഡോർ സ്റ്റേഡിയത്തിൽ മത്സരങ്ങൾക്കായി പറന്നെത്തുമായിരുന്നു. കളിക്കളത്തിൽ മിന്നും പ്രകടനങ്ങൾ കാഴ്ച വെച്ചിരുന്ന അശ്വിന് തലശേരിയിൽ വലിയ സൗഹൃദ വലയമാണുണ്ടായിരുന്നത്.
സംസ്ഥാന ദേശീയ തലങ്ങളിൽ നിരവധി വിജയങ്ങൾ കരസ്ഥമാക്കിയിട്ടുള്ള അശ്വിൻ സൗഹൃദങ്ങൾക്ക് വലിയ മൂല്യം നൽകിയിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. പ്രിയ സുഹൃത്തിന്റെ അപകട മരണം തലശേരി കായിക ലോകത്തിന് തീരാ സങ്കടമായിമാറി. ബാറ്റ്മിന്റൻ കോർട്ടിൽ നടന്ന അനുസ്മരണ സമ്മേളം എസ് ഐ ബിന്ദു രാജ് ഉദ്ഘാടനം ചെയ്തു. സുഹൃത്തുക്കൾ അശ്വിനുമായുള്ള അനുഭവങ്ങൾ പങ്കുവച്ചു.