ദുബായ്: ഐസിസി റാങ്കിംഗിൽ ചരിത്രംകുറിച്ച് ഇന്ത്യൻ സ്പിന്നർമാർ. ടെസ്റ്റ് ബോളർമാരുടെ ഏറ്റവും പുതിയ റാങ്കിംഗിൽ ഇന്ത്യയുടെ ആർ.അശ്വിനും രവീന്ദ്ര ജഡേജയും ഒന്നാം സ്ഥാനം പങ്കിടുന്നു. റാങ്കിംഗിൽ ആദ്യ സ്ഥാനത്ത് രണ്ട് സ്പിന്നർമാർ വരുന്നത് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമാണ്. ജഡേജയും ആദ്യമായാണ് ഒന്നാം റാങ്കിലെത്തുന്നത്. ഒന്നാം സ്ഥാനത്തുള്ള അശ്വിനും ജഡേജയ്ക്കും 892 പോയിന്റ് വീതമാണുള്ളത്.
ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നതിനു മുന്പ് അശ്വിനു പിന്നിൽ രണ്ടാം റാങ്കിലായിരുന്നു ജഡേജ. പക്ഷേ രണ്ടാം ടെസ്റ്റിലെ മികച്ച പ്രകടനം ജഡേജയെ ഒന്നാം റാങ്കിലേക്ക് ഉയർത്തുകയായിരുന്നു. ഏഴു വിക്കറ്റാണ് ജഡേജ ടെസ്റ്റിൽ ആകെ വീഴ്ത്തിയത്.
ആദ്യ ഇന്നിംഗ്സിൽ ആറു വിക്കറ്റ് വീഴ്ത്തിയ ജഡേജ, രണ്ടാം ഇന്നിംഗ്സിൽ 10 ഓവറിൽ അഞ്ച് മെയ്ഡിൽ ഉൾപ്പെടെ മൂന്നു റണ്സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ് ബൗളിംഗ് അവസാനിപ്പിച്ചത്. രണ്ടാം ഇന്നിംഗ്സിൽ ആറു വിക്കറ്റുമായി ഓസ്ട്രേലിയയുടെ നടുവൊടിച്ച അശ്വിനാകട്ടെ ടെസ്റ്റിൽ ആകെ എട്ടു വിക്കറ്റ് നേടി.
നേരത്തെ, ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചതോടെ ഐസിസിയുടെ 10 ലക്ഷം ഡോളറിന്റെ സമ്മാനത്തുക ഇന്ത്യൻ ടീമിനു ലഭിക്കുമെന്ന് ഐസിസി ട്വീറ്റ് ചെയ്തിരുന്നു. ഏപ്രിൽ ഒന്നിന് ഒന്നാം റാങ്കിലുള്ള ടീമിനാണ് സമ്മാനം ലഭിക്കുന്നത്. 121 പോയിന്റുമായാണ് ഇന്ത്യ ഒന്നാം റാങ്ക് ഉറപ്പിച്ചത്. രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയയ്ക്ക് 109 പോയിന്റാണുള്ളത്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.