ചെറായി: അയ്യമ്പിള്ളി മനപ്പിള്ളിയില്നിന്നും ഒരുമാസം മുമ്പ് കാണാതാകുകയും രണ്ട് ദിവസത്തിനുശേഷം തിരുവനന്തപുരത്ത് കണ്ടെത്തുകയും ചെയ്ത പെൺകുട്ടിയുടെ കൈയിൽനിന്നും ട്രെയിനില്‍ വച്ച് മൊബൈല്‍ ഫോണ്‍ അപഹരിച്ചെടുത്ത യുവാവ് അറസ്റ്റില്‍.
തിരുവനന്തപുരം നെടുമങ്ങാട് തടത്തരികത്ത് വീട്ടില്‍ അശ്വിന്-21 തിരുവനന്തപുരത്താണ് അറസ്റ്റിലായത്. തുടര്‍ന്ന് മുനമ്പം പോലീസിനു കൈമാറിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി.
കഴിഞ്ഞമാസം 13 ന് പതിനഞ്ച് വയസുള്ള പത്താംക്ലാസ് വിദ്യാര്‍ഥിയായ ബാലികയേയും പതിമൂന്ന് വയസുള്ള ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ സഹോദരനെയുമാണ് കാണാതായത്.
സഹോദരന് പിറ്റേന്ന് വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തി. ബാലികയെ പോലീസ് അന്ന് രാത്രി തന്നെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തുകയും ചെയ്തു.
കൂടെയുണ്ടായിരുന്ന തിരുവനന്തപുരം പാലോട് എംആര്‍ ഹൗസില്‍ റിസ്വാന് -21 എന്ന യുവാവിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.
കാണാതായ ദിവസം എറണാകുളത്തെത്തിയ സഹോദരങ്ങളെ റിസ്വാനും, അശ്വിനും ചേര്‍ന്നാണ് തിരുവനന്തപുരത്തേക്ക് കൊണ്ട് പോയതെന്ന് പോലീസ് പറഞ്ഞു.
ഇതിനിടയില്‍ വര്‍ക്കല സ്റ്റേഷന് എത്തിയപ്പോള്‍ ബാലികയുടെ മൊബൈല്‍ ഫോണും എടുത്തുകൊണ്ട് കൂടെയുണ്ടായിരുന്ന അശ്വിന് മുങ്ങുകയായിരുന്നുവത്രേ.
ഒളിവിലായിരുന്ന പ്രതിയെ കഴിഞ്ഞദിവസമാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.