പുനെ: മഹാരാഷ്ട്രയിൽ ബിജെപി എംഎൽഎയുടെ മകളെ മുൻ കാമുകൻ കോളജ് കാന്പസിൽ കുത്തിപ്പരിക്കേൽപ്പിക്കുകയും കൈവിരൽ അറുത്തെടുക്കുകയും ചെയ്തു. തന്നെ തഴയാൻ ശ്രമിക്കുകയും കോളജ് അധികൃതർക്ക് പരാതി നൽകുകയും ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു ആക്രമണം. പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച സഹപാഠികളായ രണ്ടു പേർക്കും പരിക്കേറ്റു.
എംബിഎ വിദ്യാർഥിനി അശ്വനി റെഡ്ഡി ബോദ്കുർവാറിനാണ് (22) പരിക്കേറ്റത്. ഇവരെ പുനെയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാനിയവാത്മാൾ മണ്ഡലത്തിൽനിന്നുള്ള എംഎൽഎ സഞ്ജീവ് റെഡ്ഡി ബോദ്കുർവാറിന്റെ ഇളയമകളാണ് അശ്വനി. സംഭവുമായി ബന്ധപ്പെട്ട് ഹരിയാനാ സ്വദേശിയായ രാജേഷ് പ്രവീൺകുമാർ ബക്ഷിയെ (23) പോലീസ് അറസ്റ്റ് ചെയ്തു.
പുനെ ബാലാജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെലികോം മാനേജ്മെന്റിൽ എംബിഎ വിദ്യാർഥിനിയായ അശ്വനിക്കുനേരെ തിങ്കളാഴ്ചയാണ് ആക്രമണം ഉണ്ടായത്. രാവിലെ കോളജിലേക്ക് പോകുന്നവഴിയായിരുന്നു ആക്രമണം.
കഴിഞ്ഞ എട്ടു മാസമായി ഇവര്‍ പരിചയത്തിലായിരുന്നെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ മാസം രാജയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായി. ഇതിനെതിരെ അശ്വിനി കോളജ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യമാകാം ആക്രമണത്തിന് കാരണമെന്ന് പോലീസ് സൂചിപ്പിച്ചു.