മുംബൈ: പഞ്ചാബിലെ മൊഹാലി സ്വദേശിയായ ഇടംകൈ പേസര് അശ്വിനി കുമാറിന് ഐപിഎല് ട്വന്റി-20 ക്രിക്കറ്റില് അവിസ്മരണീയ അരങ്ങേറ്റം. ഐപിഎല് 2025 സീസണില് മുംബൈ ഇന്ത്യന്സിന്റെ മൂന്നാം മത്സരത്തിലാണ് അശ്വിനി കുമാറിന് അരങ്ങേറ്റത്തിനുള്ള അവസരം തുറന്നത്. 2024 ഐപിഎല് ചാമ്പ്യന്മാരായ കോല്ക്കത്ത നൈറ്റ് റൈഡേഴ്സ് ആയിരുന്നു മുംബൈ ഇന്ത്യന്സിന്റെ മത്സരം.
അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തില് കോല്ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന് അജിങ്ക്യ രഹാനെയുടെ വിക്കറ്റ് വീഴ്ത്തിയായിരുന്നു അശ്വിനിയുടെ തുടക്കം. തന്റെ രണ്ടാം ഓവറില് കെകെആറിന്റെ വെടിക്കെട്ട് ബാറ്റര്മാരായ റിങ്കു സിംഗിനെയും മനീഷ് പാണ്ഡെയെയും വീഴ്ത്തി. മൂന്നാം ഓവറില് വെസ്റ്റ് ഇന്ഡീസുകാരനായ ആക്രമണകാരി ആന്ദ്രേ റസലിനെയും പുറത്താക്കി. മൂന്ന് ഓവറില് 24 റണ്സ് വഴങ്ങി നാലു വിക്കറ്റാണ് അശ്വിനു കുമാര് വീഴ്ത്തിയത്.
ചരിത്ര നേട്ടം
ഐപിഎല് ചരിത്രത്തില് ഒരു ഇന്ത്യന് ബൗളറിന്റെ അരങ്ങേറ്റ മത്സരത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇരുപത്തിനാലുകാരനായ അശ്വിനി കുമാര് ഇന്നലെ മുംബൈ വാങ്കഡേ സ്റ്റേഡിയത്തില് കാഴ്ചവച്ചത് (3-0-24-4). ഒരു ഇന്ത്യന് ബൗളറിനും അരങ്ങേറ്റ ഐപിഎല് മത്സരത്തില് നാലു വിക്കറ്റ് വീഴ്ത്താന് സാധിച്ചിട്ടില്ല.
മുംബൈ ഇന്ത്യന്സിന്റെ വെസ്റ്റ് ഇന്ഡീസ് പേസര് അല്സാരി ജോസഫിന്റെ പേരിലാണ് അരങ്ങേറ്റ മത്സരത്തിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം. 2019 സീസണില് സണ്റൈസേഴ്സ് ഹൈദരാബാദിന് എതിരേ 12 റണ്സ് വഴങ്ങി അല്സാരി ജോസഫ് ആറ് വിക്കറ്റ് വീഴ്ത്തിയിരുന്നു. ഐപിഎല് ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവും ഇതുതന്നെ.
2017ല് ഓസീസ് പേസര് ആന്ഡ്രൂ ടൈ 17 റണ്സ് വഴങ്ങി അഞ്ച് വിക്കറ്റ് അരങ്ങേറ്റ മത്സരത്തില് സ്വന്തമാക്കി. ഗുജറാത്ത് ലയണ്സിന് എതിരേ റൈസിംഗ് പൂന സൂപ്പര്ജയന്റ്സിന് എതിരേയായിരുന്നു ആന്ഡ്രൂ ടൈയുടെ ഈ അരങ്ങേറ്റ പ്രകടനം. അരങ്ങേറ്റത്തില് അഞ്ചോ അതില് കൂടുതലോ വിക്കറ്റ് നേട്ടം അല്സാരി ജോസഫിനും ആന്ഡ്രൂ ടൈക്കും മാത്രം സ്വന്തം.
2008ലെ പ്രഥമ ഐപിഎല്ലില് പാക് സൂപ്പര് പേസര് ഷൊയ്ബ് അക്തര് 11 റണ്സ് വഴങ്ങിയും 2012ല് ട്രിനിഡാഡ് ആന്ഡ് ടുബാഗോയുടെ കെവോണ് കൂപ്പര് 26 റണ്സ് വഴങ്ങിയും അരങ്ങേറ്റ മത്സരത്തില് നാലു വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇവര്ക്കുശേഷം അരങ്ങേറ്റ മത്സരത്തില് നാലു വിക്കറ്റ് നേടുന്ന ആദ്യ താരമാണ് മുംബൈ ഇന്ത്യന്സിന്റെ അശ്വിനി കുമാര്.