ബിജു കുര്യൻ
പത്തനംതിട്ട: ആഭിചാര കർമത്തെത്തുടർന്ന് ഇരട്ടക്കൊലപാതകം നടന്ന ഇലന്തൂരിൽ കാൽനൂറ്റാണ്ട് മുന്‍പ് ഒരു ബാലികയുടെ ദുർമരണക്കഥകൾ കേട്ടു ഞെട്ടിയതാണ്.
ബാധ ഒഴിപ്പിച്ചു വീടിന്റെ ഐശ്വര്യം വർധിപ്പിക്കാനും സന്പത് സമൃദ്ധിക്കുമായി സ്വന്തം മകളെ ഇഞ്ചിഞ്ചായി കൊന്ന ഒരു പിതാവും കാമുകിയുമായിരുന്നു അന്നത്തെ കഥാപാത്രങ്ങൾ.
ഇലന്തൂര്‍, പരിയാരം പൂക്കോട്ട് കണിയാംകണ്ടത്തില്‍ ശശിരാജപണിക്കര്‍ എന്ന ഹോമിയോ ഡോക്ടറാണ് നാലര വയസുള്ള തന്റെ മകള്‍ അശ്വിനിയെയാണ് 1997ൽ ക്രൂരമർദനത്തിനൊടുവിൽ കൊലപ്പെടുത്തിയത്.
കാമുകിയായ ചേര്‍ത്തല വാരനാട് ചുങ്കത്തുവിളയില്‍ സീന(24)യെ വിവാഹം കഴിക്കാൻ തടസമായി നിൽക്കുന്നത് അശ്വിനിയിൽ ബാധ കൂടിയിരിക്കുകയാണെന്നും അത് ഒഴിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുട്ടിയെ ഉപദ്രവിച്ചതെന്നും പോലീസ് അന്നു കണ്ടെത്തിയിരുന്നു.
കുരുന്നിനോടു ക്രൂരത
ആദ്യ ഭാര്യയെ ഉപേക്ഷിച്ച ശശിരാജപ്പണിക്കര്‍ വൈകാതെ കുറിയന്നൂര്‍ കമ്പോത്രയില്‍ സുകുമാരിയമ്മയെ വിവാഹം ചെയ്തു.
സാധുവായ സുകുമാരിയമ്മയുമായുള്ള ജീവിതം മടുത്ത ഇദ്ദേഹം അടുത്ത വിവാഹത്തിനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചെങ്കിലും ഒന്നും വിജയിച്ചില്ല.
ഏറെ കഴിയും മുമ്പുതന്നെ സുകുമാരിയമ്മ അശ്വിനിയെ പ്രസവിച്ചു. പിറന്നു വീണപ്പോള്‍ മുതല്‍ അശ്വനിയോടു ശശിരാജപണിക്കര്‍ ക്രൂരത കാട്ടിത്തുടങ്ങി.
മാതാവ് അരികില്‍ ഇല്ലാത്തപ്പോഴൊക്കെ ഇയാള്‍ കുട്ടിയെ നോവിക്കുക പതിവായിരുന്നു.
കുട്ടി അലറി കരയുന്നതു കേള്‍ക്കുമ്പോള്‍ അയാളില്‍ ഒരു തരം ആനന്ദം ഉടലെടുക്കുമായിരുന്നു. കുട്ടി വളരുന്നതിന് അനുസരിച്ചു പീഡനത്തിന്റെ രീതികളും മാറി വന്നു.
വിവസ്ത്രയായി നില്ക്കുന്ന പിഞ്ചു കുഞ്ഞിന്റെ ശരീരത്തു കത്തിച്ച സിഗരറ്റ് കുത്തുന്നതു പതിവായി.
സ്ത്രീകളെ ഉപദ്രവിച്ച് അതില്‍നിന്നു പ്രത്യേക ആനന്ദം കണ്ടെത്തിയിരുന്ന ശശിരാജപണിക്കര്‍ ക്രൂരമായ രതി വൈകൃതത്തിന് അടിമയായിരുന്നതായും പറയുന്നു.
ഭാര്യയോടും അയാള്‍ അത്തരത്തിലാണ് പെരുമാറിയിരുന്നത്. പീഡനം ഭയന്ന് അവര്‍ എല്ലാം മനസിലൊതുക്കി.
ചേര്‍ത്തല സ്വദേശി സീനയെ ശശിരാജപണിക്കര്‍ പരിചയപ്പെട്ടതോടെ വീട്ടിൽ ആഭിചാരക്രിയകൾ പതിവായി. ഒരു ദിവസം സീനയുമായി പണിക്കര്‍ പരിയാരത്തുള്ള വീട്ടിലെത്തി.
മഹാ മാന്ത്രികസിദ്ധിയുള്ള യുവതിയാണെന്നും ആദരവോടെ മാത്രമേ ഇടപെടാവൂ എന്നുമായിരുന്നു സുകുമാരിയമ്മയ്ക്കു നല്കിയ നിര്‍ദേശം.
ഇതിനിടയിൽ പൂജാവിധിയുടെ ഭാഗമായി ഉമ്മറത്ത് വിളക്കുവച്ചപ്പോൾ കുട്ടി ഇതിനെ മറികടന്നുവെന്ന പേരിൽ പീഡനം വർധിച്ചു.
ശരീരമാസകലം സിഗരറ്റ് കുറ്റികൊണ്ടുള്ള പൊള്ളല്‍ വലിയ വ്രണങ്ങളായി മാറി. ഒരു ദിവസം കുട്ടി വെട്ടി വിറച്ചു.
അതി ഭയങ്കരമായ പനി ബാധിച്ചെങ്കിലും ചികിത്സിക്കാന്‍ ശശിരാജപണിക്കര്‍ തയാറായില്ല. ദൈവകോപമെന്നായിരുന്നു സീനയ്ക്കു കിട്ടിയ “വെളിപാട്’’. ഒടുവില്‍ ശരീരത്തിലെ മുറിവുകളിലേക്ക് അണുക്കള്‍ വ്യാപിച്ചു. വൈകാതെ കുട്ടി മരണത്തിനു കീഴടങ്ങി.
ജയിലിൽ മരണം
നാട്ടുകാർ വിവരം അറിയിച്ചതോടെ പത്തനംതിട്ട എസ്പി ആയിരുന്ന ആർ. ശ്രീലേഖയുടെ നിര്‍ദേശപ്രകാരം ആറന്മുള പോലീസ് സ്ഥലത്തെത്തി.
ചേദ്യംചെയ്യല് പുരോഗമിച്ചതോടെ വീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ സുകുമാരിയമ്മ ഒന്നില്ലാതെ വെളിപ്പെടുത്തി. മൂവരും അറസ്റ്റിലായി.
ശശിരാജപണിക്കര്ക്കു ജീവപര്യന്തം ശിക്ഷ ലഭിച്ചു. മറ്റുള്ളവര്‍ ശിക്ഷ പൂര്‍ത്തീകരിച്ചു പുറത്തിറങ്ങി. എന്നാല്‍, ശശിരാജപണിക്കരെ പുറത്തിറക്കാന്‍ ആരും ഉണ്ടായിരുന്നില്ല.
ഒടുവില്‍ ഈ വര്‍ഷം ആദ്യം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ വച്ചു ശശിരാജപണിക്കര്‍ മരിച്ചു.
ഇന്നലെ മറ്റൊരു ആഭിചാരകഥ കേട്ടപ്പോൾ ഇലന്തൂരിലെ പഴയ തലമുറയുടെ മനസ് ഓടിയെത്തിയത് അശ്വിനിയുടെ സ്മരണയിലേക്കാണ്.
അന്ന് ഒരു ഹോമിയോ ഡോക്ടറാണ് ക്രൂരനായതെങ്കിൽ ഇന്നിപ്പോൾ ഒരു തിരുമ്മൽ വിദഗ്ധനും അദ്ദേഹത്തിന്റെ കുടുംബവുമാണ് പ്രതിസ്ഥാനത്ത്.